ATK മോഹൻബഗാൻ അവരുടെ ഏറ്റവും പുതിയ താരത്തിന്റെ പേര് അനൗൺസ് ചെയ്യുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രകമ്പനം തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്. നിലവിൽ യൂറോകപ്പ് കളിക്കുന്ന ഫിൻലാന്റ് താരം ജോണി കൗകോയാണ് ATK യുടെ ഏറ്റവും പുതിയ സൈനിങ്.
ഫിൻലൻഡ് സ്വദേശിയായ താരം വളരെ മികച്ച ഫോമിലാണ് ഇപ്പോഴും കളിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രതിഭ തെളിയിച്ച നിരവധി വിദേശ താരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായാണ് യൂറോകപ്പ് കളിച്ചതിനു ശേഷം മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് ഒരു താരത്തിനെ പൊക്കുന്നത്.
വിദേശ ലീഗുകളിൽ കളിച്ചു തെളിഞ്ഞ പഴയ പടക്കുതിരകൾ ആയ താരങ്ങളെ ടീമിൽ അണിനിരത്തുന്നത് ആയിരുന്നു ഇതുവരെയുള്ള ഐഎസ്എൽ ചരിത്രത്തിൽ നാം കണ്ടത്. എന്നാൽ അതിനു മാറ്റം കൊണ്ടുവരികയാണ് എ ടി കെ മോഹൻ ബഗാൻ.
യൂറോ കപ്പിൽ ഫിൻലാൻഡ് കളിച്ച മൂന്ന് മത്സരങ്ങളിലും കളിച്ച താരമാണ് ജോണി കൗക്കോ. ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തിനെതിരെ 20 മിനിറ്റ് നേരത്തോളം ജോണി കളിക്കളത്തിൽ ഉണ്ടായിരുന്നു.
2008ലായിരുന്നു താരം പ്രൊഫഷണൽ ഫുട്ബോൾ അരങ്ങേറ്റം കുറിച്ചത്. ഫിൻലാൻഡിലെ എഫ്സി ഇന്റർ യൂത്ത് അക്കാദമിയുടെ പ്രോഡക്റ്റ് ആണ് ഈ താരം. ഫ്രാങ്ക്ഫർട്ട് ഉൾപ്പെടെയുള്ള നിരവധി മികച്ച ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു പരിചയമുള്ള താരം കൂടിയാണ് ജോണി.
റോയ് കൃഷ്ണ, ടിരി, എടു ഗാർഷിയ തുടങ്ങിയ വിദേശ താരങ്ങൾക്ക് പുറമേ നാലാമനായി ആണ് ജോണി എ ടി കെ മോഹൻ ബഗാനിലേക്ക് എത്തുന്നത്. 378 മത്സരങ്ങളിൽ നിന്ന് 47 ഗോളുകളും 19 അസിസ്റ്റ് കളും സ്വന്തം പേരിൽ കുറിച്ച താരമാണ് ജോണി.