എണ്ണപ്പണം കൊണ്ട് ലോക ഫുട്ബോളിനെ അടക്കിഭരിക്കുന്ന ക്ലബ്ബുകളുടെ എണ്ണം നിരവധിയാണ്. അവരുടെ കൂട്ടത്തിലേക്ക് ഒടുവിൽ വന്നു ചേർന്ന പ്രതിനിധിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കറുത്ത കുതിരകൾ ആകുവാൻ പോകുന്ന ന്യൂകാസിൽ യുണൈറ്റഡ്. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതോടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി മാറിയിരിക്കുകയാണ് ന്യൂകാസിൽ.
ന്യൂകാസിൽ യുണൈറ്റഡ് ജനുവരിയിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി നിരവധി താരങ്ങളെയാണ് നോട്ടം ഇട്ടിരിക്കുന്നത് . ഈ കുറഞ്ഞ സമയപരിധിക്കുള്ളിൽ തന്നെ പല താരങ്ങളെയും തങ്ങളുടെ കൂടാരത്തിലെ എത്തിക്കുവാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്തൻ പണക്കാർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അവർ നടത്തിയ മിക്ക ശ്രമങ്ങളും ഇതിനോടകം തന്നെ വൃഥാവിലായി.
സാമ്പത്തികമായി അത്യുന്നതിയിൽ എത്തിയെങ്കിലും നിലവിൽ ക്ലബ്ബിൻറെ അവസ്ഥ വളരെ പരിതാപകരമാണ്. സീസണിൽ ഒരു കളി മാത്രമാണ് അവർക്ക് ഇതുവരെ വിജയിക്കുവാൻ കഴിഞ്ഞത്. സമ്പന്നരായ ഉടമകൾ എത്തിയതിനു ശേഷം ഉള്ള ആദ്യ സീസണിൽ തന്നെ തരം താഴ്ത്തപ്പെട്ട ശേഷം രണ്ടാം ഡിവിഷനിലേക്ക് പോകേണ്ട ദുരവസ്ഥയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്.
ഈ അവസ്ഥയിൽ നിന്ന് കരകയറുവാൻ നിരവധി മികച്ച താരങ്ങളുടെ റിക്രൂട്ട്മെൻറ് ക്ലബ്ബിന് ആവശ്യമാണ്. അതിനു വേണ്ടിയാണ് അവർ ബ്രസീലിയൻ മധ്യനിര താരമായ ലൂകാസ് പക്വറ്റയെ സമീപിച്ചത്. നിലവിൽ ഫ്രഞ്ച് ക്ലബ്ബിനു വേണ്ടി കളിക്കുന്ന ബ്രസീലിയൻ താരം ന്യൂകാസിൽ നൽകിയ ഓഫർ തട്ടിക്കളഞ്ഞു എന്ന് സ്പാനിഷ് മാധ്യമമായ മാർക്ക് റിപ്പോർട്ട് ചെയ്തു.
ലിയോണുമായി 2025 വരെ ലൂകാസ് പക്വറ്റക്ക് കരാറുണ്ടെങ്കിലും താരത്തെ വിൽക്കുന്നതിനെക്കുറിച്ച് ഫ്രഞ്ച് ക്ലബ് ചിന്തിക്കുന്നുണ്ട്. നിരവധി ക്ലബുകൾ താരത്തിനായി രംഗത്തുമുണ്ട്. എന്നാൽ മറ്റേതെങ്കിലും വലിയ ക്ലബിന്റെ ഓഫർ വന്നാൽ മാത്രമേ ലിയോൺ വിടുന്ന കാര്യം താരം ചിന്തിക്കുകയുള്ളൂവെന്നാണ് അറിയാൻ കഴിയുന്നത്.