പരിക്കേറ്റ കെവിൻ ഡിബ്രൂനക്ക് പകരം റോഡ്രിയെയും പെപ്പിന്റെ പ്രതിരോധ കോട്ടയിലെ ഉരുക്കു മനുഷ്യരായ റൂബൻ ഡയസ്, സ്റ്റോണസ് എന്നിവർക്ക് പകരം നഥാൻ ആക്കെ, എറിക് ഗാർഷ്യ കോമ്പിനേഷനെയും ആണ് സിറ്റി പരീക്ഷിച്ചത്. ഗോൾ വല കാക്കാൻ 3645 ദിവസത്തിനുശേഷം സ്കോട്ട് കാഴ്‌സനെ നെ തന്റെ ആദ്യ ധൗത്യം ഏൽപ്പിച്ചു. മുന്നേറ്റ നിരയിൽ സ്റ്റെർലിങ്, ഫെറാൻ ടോറസ്, ഗബ്രിയേൽ ജിസ്യൂസ് ത്രയം.
ഫുട്ബോൾ മത്സരത്തിന്റെ എല്ലാ ആവേശവും കുത്തിനിറച്ച കളിയിൽ എമിൽ ക്രാഫത്തിന്റെ സുന്ദരൻ ഹെഡറിലൂടെ ന്യൂ കാസിൽ ലീഡ് എടുത്തു. മത്സരം വിട്ടു കൊടുക്കാൻ തയാറല്ലാത്ത പെപ്പിന്റെ കുട്ടികൾ ജാവോ കാൻസെലോ എടുത്ത ലോങ് റേഞ്ചർ വലയിലെത്തിച്ചു സമനില പിടിച്ചു. തുടർന്നു ആക്രമണത്തിന് മൂർച്ച കൂട്ടിയ സിറ്റി, ഗുണ്ഡോഗന്റെ അസ്സിസ്റ്റിൽ നിന്നും ഫെറാൻ ടോറസിന്റെ മാജിക്കൽ ഫ്ലിക്കിലൂടെ നേടിയ ഗോളിലൂടെ ലീഡ് കണ്ടെത്തി പ്രതീക്ഷയുടെ വാതിലുകൾ ന്യൂ കാസ്റ്റിലിന് മുന്നിൽ കൊട്ടിയടച്ചു.
എന്നാൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു വിൽകോക്ക് ന്യൂ കാസിലിനു വേണ്ടി സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയുടെ 62ആം മിനുട്ടിൽ വീണ്ടും പെനാൽറ്റി കിട്ടിയെങ്കിലും ഇത്തവണ ലക്ഷ്യം ഭേദിക്കാൻ വില്ലോക്കിനായില്ല, പക്ഷെ റീ ബൗണ്ട് വലയിലെത്തിച്ചു വില്ലോക്ക് തന്നെ ന്യൂ കാസിലിനു ലീഡ് സമ്മാനിച്ചു. പക്ഷെ ആ ലീഡിന് നിമിഷ നേരത്തെ ആയുസു മാത്രമേ ഉണ്ടായിരുന്നുള്ളു.
മാഞ്ചസ്റ്റർ സിറ്റി എന്ന ടീം എന്താന്ന് എന്ന് ന്യൂ കാസിലിനു കണ്ണടച്ച് തുറക്കും മുന്നേ ഫെറാൻ ടോറസ് രണ്ടു ഗോളുകൾ കൊണ്ടു കാണിച്ചു കൊടുത്തു. 3 ന് എതിരെ നാലു ഗോളുകളുടെ മറുപടി. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഈ സീസണിൽ മികച്ച തിരിച്ചു വരവുകൾ നൽകി ഫുട്ബോൾ പ്രേമികളെ ത്രസിപ്പിച്ചതെങ്കിലും മാഞ്ചെസ്റ്റർ സിറ്റിയുടെ ഈ പ്രകടനം സെന്റ് ജെയിംസ് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്നതായി. ഫെറാൻ ടോറസിന്റെന്റെ ഹാട്രിക് പ്രകടനം മത്സരത്തിലെ സിറ്റിയുടെ കുതിപ്പിന് നിർണായകമായി.