in , ,

മയക്കുമരുന്നും റിബൽ ടൂറും നശിപ്പിച്ച കരിയറും ജീവിതവും

ബ്രിഡ്ജ് ടൗണിലെ ടൂറിസ്റ്റ് ബീച്ചുകളിൽ അലസമായി പാറിപ്പറക്കുന്ന മുടിയുമായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ഉന്മാദാവസ്ഥയിൽ നടക്കുന്ന ആ ദരിദ്രനെ കണ്ടാൽ മാൽക്കം മാർഷലും ജോയൽ ഗാർനറും ഇങ്ങനെ പറഞ്ഞത് അയാളെ പറ്റി തന്നെയോ എന്ന് സംശയിച്ചു പോകും.

തൻറെ ബൗളിങ്ങിലെ അർദ്ധാവസരങ്ങൾ പോലും പാഴാക്കാത്ത വിക്കറ്റ് കീപ്പറെന്ന് മാർഷൽ വിശേഷിപ്പിച്ചപ്പോൾ തൻ്റെ ഡ്രീം ഇലവനിലെ വിക്കറ്റ് കീപ്പർ എന്നാണ് ഗാർനർ അദ്ദേഹത്തെ പറ്റി പറഞ്ഞത് .വിൻഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ജെഫ് ഡുജോൺ വിശേഷിപ്പിച്ചത് തന്നെക്കാൾ എന്തുകൊണ്ടും മികച്ചവൻ എന്നാണ്.

പക്ഷേ അയാൾ ടെസ്റ്റ് കളിച്ചത് മൂന്നുവർഷം, വെറും 19 ടെസ്റ്റുകൾ മാത്രം. അയാളുടെ ഷോട്ടുകളിൽ പ്രത്യേകിച്ച് കവർ ഡ്രൈവറുകൾ ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസമായ എവർട്ടൺ വീക്ക്സിനെ അനുസ്മരിപ്പിക്കുമായിരുന്നു .

തുടർച്ചയായ 5 ടെസ്റ്റ് ഇന്നിംഗ്സുകളിൽ സെഞ്ചുറികൾ നേടി ഇന്നും ലോകറെക്കോർഡിൻ്റെ അധിപനായ എവർട്ടൺ ദാരിദ്ര്യത്തിൽ നിന്നും ഉയർന്ന് തൻ്റെ പേരിനെ ഇതിഹാസമാക്കിയപ്പോൾ പാരമ്പര്യവും കളി മികവും വേണ്ടുവോളം ഉണ്ടായിട്ടും സ്വന്തം കരിയറിനെ നശിപ്പിച്ചു കൊടിയ ദാരിദ്ര്യത്തിലേക്ക് പോയ കഥയാണ് മകൻ ഡേവിഡ് മുറെയുടേത് .

മുൻഗാമിയായ ഡെറിക് മുറെയും പിൻഗാമിയായ ജെഫ് ഡുജോണും വെസ്റ്റിൻഡീസ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാർ ആയപ്പോൾ അവരോളം, ഒരു പക്ഷേ അവരെക്കാളും കഴിവ് സിരകളിൽ സൂക്ഷിച്ച ഡേവിഡ് മുറെ പക്ഷേ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ടതിൻ്റെ കാരണം മദ്യവും മയക്കുമരുന്നും അച്ചടക്കമില്ലായ്മയും ആയിരുന്നു.

പന്തിനെ ഗതികളെ കൃത്യമായി ഗണിക്കുവാനുള്ള കഴിവ്, ഇരുഭാഗത്തേക്കും അനായാസമായ ഡ്രൈവിംഗ് ,താഴ്ന്നു വരുന്ന ക്യാച്ചുകളെ സമർത്ഥമായി കയ്യിലൊതുക്കൽ ,ലെഗ് സൈഡിൽ വരുന്ന അർദ്ധവസരങ്ങളെ ഒരു സർക്കസ് അഭ്യാസിയെ പോലെ റാഞ്ചൽ .വിക്കറ്റിന് പിന്നിലെ ഏറ്റവും മികച്ചവരിലൊരാൾ എന്ന് ഉറപ്പിച്ചു പറയുന്നതിനൊപ്പം ആക്രമണോത്സുകമായ ബാറ്റിംഗ് മുറെയുടെ അധികമേൻമയായിരുന്നു.

34 ഇന്നിംഗ്സുകളിൽ 57 ക്യാച്ചുകൾ ,5 സ്റ്റംപിങ്ങുകളുമായി ആകെ 62 ഇരകളെ കയ്യിലൊതുക്കിയ ഡേവിഡ് മുറെയുടെ 1.82 ശരാശരിയേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കിയ വിൻഡീസ് കീപ്പർമാർ കോർട്ട്നി ബ്രൌണും ( 2.25) ഗാരി അലക്സാണ്ടറും( 1.91 ) മാത്രമാണ്. കൂടാതെ 19 ടെസ്റ്റുകളിൽ 3 അർദ്ധ സെഞ്ച്വറിയടക്കം 601 റൺസും .ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 114 മാച്ചുകളിൽ 7 സെഞ്ചുറികൾ അടക്കം 4503 റൺസ് നേടിയ മുറെയുടെ പുറത്താക്കൽ ശരാശരി 1.83 ആണ് .

1973 ൽ ഡെറിക്ക് മുറെക്ക് ബൈസ്റ്റാൻഡർ ആയി ഇംഗ്ലീഷ് പര്യടനത്തിന് പോയ ഡേവിഡ് മുറെ ടുർ മാച്ചിൽ കെൻ്റിനെതിരെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻ ആയി ഇറങ്ങുമ്പോൾ ടീം 104 റൺസ് 5 വിക്കറ്റുകൾ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു .എന്നാൽ മനോഹരമായി കളിച്ചു പുറത്താകാതെ 107 റൺ നേടി തൻ്റെ ആദ്യ ഫസ്റ്റ് ക്ളാസ് സെഞ്ചുറി നേടിയ മുറെ ആ ടൂറിൽ 385 റൺസുകളും 36 ഇരകളെയും നേടിതോടെയാണ് ഓവലിൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്. മൂന്നാമത്തെ മാച്ചിൽ തന്നെ 35 റൺസ് നേടി തന്നിലെ ബാറ്റിംഗ് പ്രതിഭ മുറെ തെളിയിച്ചു .ആകെ 10 ഏകദിനങ്ങളാണ് മുറെ കരിയറിൽ കളിച്ചത് .

ശേഷം നടന്ന ആസ്ട്രേലിയൻ പര്യടത്തിൽ വെസ്റ്റിൻഡീസ് 5-1 ന് ദയനീയമായി പരാജയപ്പെട്ട പരമ്പരയിൽ കിറ്റിൽ നിന്നും മരിജുവാന കണ്ടെടുത്തതതിൻ്റെ പേരിൽ കടുത്ത ശിക്ഷാനടപടികൾ മുറെക്ക് ലഭിക്കേണ്ടതായിരുന്നു . ടീമിലെ മുതിർന്ന അംഗം ലാൻഡ് ഗിബ്സിൻ്റെ ഇടപെടലാണ് അന്ന് യുവതാരത്തെ രക്ഷിച്ചത്.

ടെസ്റ്റ് അരങ്ങേറ്റം

1978 ൽ വേൾഡ് സീരീസ് ക്രിക്കറ്റിൻ്റെ ഭാഗമായി ഡേവിഡ് മുറെ അടക്കമുള്ള തൻ്റെ ടീമിലെ പ്രമുഖ കളിക്കാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നായകൻ ക്ലൈവ് ലോയ്ഡ് മാറിനിന്നപ്പോൾ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ 5 അരങ്ങേറ്റക്കാർക്കൊപ്പം മുറി ഒഴിവാക്കി ഡേവിഡ് മുറെയും ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു . ബാറ്റിംഗിൽ 21 ഉം 16 ഉം മാത്രം നേടി പരാജയമായിരുന്നെങ്കിലും രണ്ട് ടെസ്റ്റുകളിലായി 8 പുറത്താക്കലുകൾ നടത്തി വിക്കറ്റിന് പിന്നിൽ തിളങ്ങി.

തുടർന്നു നടന്ന ഇന്ത്യ, പാകിസ്ഥാൻ ടൂറിലെ പ്രധാന വിക്കറ്റ് കീപ്പർ ഡേവിഡ് മുറെ തന്നെയായിരുന്നു.ഇന്ത്യക്കെതിരായ 6 ടെസ്റ്റ് പരമ്പര 1-0 ന് വിൻഡീസ് പരാജയപ്പെട്ടുവെങ്കിലും വിക്കറ്റിന് മുന്നിലും പിന്നിലും തിളക്കമാർന്ന പ്രകടനമാണ് മുറെ നടത്തിയത് .വാംഖഡെയിൽ നടന്ന ആദ്യ ടെസ്റ്റിൽ ചന്ദ്രശേഖരറിൻ്റെ പന്തിൽ LBW ആയി പുറത്താക്കുന്നതിനു മുമ്പ് മുറെ നേടിയത് 84 റൺസായിരുന്നു. കൂടാതെ 3 ക്യാച്ചുകളും .

മയക്കുമരുന്നിനടുള്ള ആസക്തി

എന്നാൽ അതിനിടയിലും മയക്കുമരുന്നിനടുള്ള ആസക്തിയിൽ അയാൾ മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം ആഫ്രിക്കൻ മരിജുവാനയും ,കൊക്കെയ്നും സംഘടിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു .പക്ഷെ മയക്കുമരുന്നുകളെ ഉപയോഗം അയാളുടെ പ്രകടനങ്ങളെ ബാധിച്ചതേയില്ല.

ജംഷഡ്പൂരിൽ ഈസ്റ്റ് സോണിനെതിരെ സന്നാഹ മാച്ചിൽ 44 ന് 3 എന്ന നിലയിൽ ക്രീസിലെത്തിയ മുറെയുടെ ഒരു കടന്നാക്രമണം കണ്ടു .അന്ന് പുറത്താകാതെ മുറെ 206 റൺസടിച്ചപ്പോൾ ടീം നേടിയത് 4 വിക്കറ്റിന് 500 റൺസ് . അന്ന് 20കാരനായ മാർഷൽ 11 വിക്കറ്റുകളുമായി ആയി ഉറഞ്ഞുതുള്ളിയപ്പോൾ ടീം ഇന്നിങ്ങ്സ് വിജയം നേടി .

ആ മാച്ചിന് തൊട്ടു പിന്നാലെ നടന്ന മൂന്നാം ടെസ്റ്റിൽ ഈഡനിൽ രണ്ടാം ഇന്നിംഗ്സിൽ മുറെ നേടിയ 66 റൺസ് ടീമിന് നിർണായക സമനില നേടിക്കൊടുത്തു അന്ന് രണ്ടിന്നിങ്ങ്സിലും മുറെയെ പുറത്താക്കിയത് വെങ്കിട്ടരാഘവനായിരുന്നു . ഇന്ത്യൻ പര്യടനത്തിൽ 261 റൺസും 17 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായി മുറെ ബഹുദൂരം മുന്നിലായിരുന്നു.

അതിനുശേഷം നടന്ന പാക്കിസ്ഥാൻ പര്യടനത്തിലും മുറെ സ്ഥിരത നിലനിർത്തി . വെസ്റ്റിൻഡീസ് 1-0 ന് വിജയിച്ച പരമ്പരയിൽ 4 ടെസ്റ്റുകളിലായി 142 റൺസും 10 പുറത്താക്കലുകളും .ലാഹോറിൽ നേടിയ 50 റൺസും കറാച്ചിയിലെ 42 റൺസും വേറിട്ടു നിന്നു .

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 13 കാച്ചുകളുമായി മുറെ കളം നിറഞ്ഞ പരമ്പരയിൽ വെസ്റ്റിൻഡീസ് വിജയിച്ചത് 3-0 നായിരുന്നു .

ഡെറിക് മുറെയുടെ റിട്ടയർമെൻറ് ഡേവിഡ് മുറെയെ ടീമിലെ സ്ഥിര സാന്നിധ്യമാക്കി .ആ സമയത്ത് മുറെയുടെ ഡെപ്യൂട്ടി ആയാണ് ജെഫ് ഡുജോൺ ടീമിലേക്ക് വരുന്നത് . ആഭ്യന്ത ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡുജോണിനെ 1981 ൽ ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി കളിപ്പിച്ചു .

അഡലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിങ്ങ്സിൽ 41 റൺസ് നേടിയ ഡുജോൺ രണ്ടാമിന്നിംഗ്സിൽ 42 റൺസ്സുമായി ടോപ് സ്കോറർ ആയപ്പോൾ വിക്കറ്റിനു പിറകിൽ 9 കാച്ചുകളുമായി വെസ്റ്റിൻഡീസ് റെക്കോർഡ് സ്ഥാപിച്ചായിരുന്നു മുറെയുടെ മറുപടി . എങ്കിലും വിൻഡീസിൻ്റെ 15 തുടർ വിജയങ്ങളുടെ പരമ്പര ആ മാച്ചിൽ ആസ്ട്രേലിയ അവസാനിപ്പിച്ചത് വഴിയാണ് ടെസ്റ്റ് ചരിത്രത്തിൽ ഇടം നേടിയത് .

അടുത്ത ടെസ്റ്റിലും സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി കളിച്ചുകൊണ്ട് 44 ഉം 48 ഉം റൺ നേടി ഡുജോൺ ടീമിലെ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചപ്പോൾ ബാറ്റിംഗിൽ 13 ഉം 1 ഉം റൺസ് നേടാനെ മുറെക്ക് പറ്റിയുള്ളൂ .അതോടെ ആസ്ട്രേലിയയും പാകിസ്ഥാനും ഉൾപ്പെട്ട ഏകദിന ടൂർണമെൻ്റിലേക്ക് വിക്കറ്റ് കീപ്പറായി ഡുജോണിനെ തെരഞ്ഞെടുത്തു. 

വിരലിന് പരിക്കുപറ്റിയിട്ടും തൻറെ ടീമിലെ സ്ഥാനം നിൽക്കുന്ന വേണ്ടി ടെസ്റ്റിൽ സാഹസം നടത്തിയിട്ടും ടീമിൽ സ്ഥാനം നഷ്ടപ്പെട്ടത് മുറെയെ മുറിവേൽപ്പിച്ചു. വെള്ളം കൊടുക്കാൻ തന്നെ കിട്ടില്ലെന്ന് പറഞ്ഞ് പിൻമാറിയ മുറെ പിന്നീടൊരിക്കലും വെസ്റ്റിൻഡീസിന് വേണ്ടി ഇൻറർനാഷണൽ മത്സരങ്ങൾ കളിച്ചില്ല .ആദ്യന്തര ക്രിക്കറ്റിൽ വിക്കറ്റിന് പിന്നിലും മുന്നിലും തിളങ്ങിയെങ്കിലും അപ്പോഴേക്കും ഡുജോൺ മികവിൻ്റെ പാരതമ്യത്തിൽ എത്തിയിരുന്നു .

ചതിയൻ

മയക്കുമരുന്നുകൾ ഭാഗികമായി നശിപ്പിച്ച മുറെയുടെ ജീവിതത്തിൽ സമ്പൂർണ്ണ നാശം സംഭവിച്ചത് കരിയറിലെ അവസാന ഘട്ടത്തിലെത്തിയ കാളിചരൺ, ലോറൻസ് റോ ,കോളിൻ ക്രോഫ്റ്റ് തുടങ്ങിയ പ്രമുഖരോടൊപ്പം
അടുത്ത സീസണിൽ സൗത്താഫ്രിക്കയിൽ നടത്തിയ ആയിരുന്നു റിബൽ ടൂറോടെ ആയിരുന്നു.

9 മാച്ചുകളിൽ 347 റൺസും 38 കാച്ചുകളുമായി മുറെ തിളങ്ങിയെങ്കിലും ടൂറിൽ പങ്കെടുത്ത മുഴുവൻ പേർക്കും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി . തനിക്കിനി വെസ്റ്റിൻഡീസ് ജേഴ്സി ഒരിക്കലും അണിയാൻ പറ്റില്ലെന്ന് ലോറൻസ് റോ ആ ടൂറിലെ ആദ്യ പന്തെറിയും മുൻപ് തമാശയായി പറഞ്ഞിരുന്നു.

ചതിയരെന്ന് മുദ്ര കുത്തപ്പെട്ടതോടെ പ്രതിഷേധത്തെ ഭയന്ന് നാട്ടിലേക്ക് വരാതിരുന്ന മുറെയും കുടുംബവും 1991 വരെയും ഓസ്ട്രേലിയയിലാണ് താമസിച്ചത്. 1989 ൽ വിലക്ക് ഒഴിവായി 1991 ൽ വീണ്ടും സ്വന്തം നാടായ ബാർബഡോസിലേക്ക് തിരിച്ചെത്തിയെങ്കിലും ടൗണിലേക്ക് നാട്ടുകാർക്ക് മുറെ ഒരു ചതിയൻ തന്നെ ആയിരുന്നു.

11 -12 വയസ്സുള്ളപ്പോൾ സിഗരറ്റിൽ തുടങ്ങി പിന്നീട് മരിജുവാനയിലേക്കും ഒടുവിൽ കൊക്കയിനിലേക്കും അടിമപ്പെട്ട റെയുടെ പിന്നീടുള്ള ജീവിതം ഒരു ദരിദ്രൻ്റതായിരുന്നു .മകൻ റിക്കി ഹോയ്റ്റെ അച്ഛനെപ്പോലെ ഒരു വിക്കറ്റ് കീപ്പറായിരുന്നു .1990 മുതൽ 99 വരെയുള്ള കാലയളവിൽ ഫസ്റ്റ് ക്ളാസ് മത്സരം കളിക്കുകയുണ്ടായി .

കരിയറിൽ അച്ചടക്കം എത്രമാത്രം പ്രധാനമാണ് എന്നതിൻ്റെ ഏറ്റവും വലിയ ഒരു ഉദാഹരണമായി ഡേവിഡ് മുറെയുടെ ജീവിതത്തെ ചൂണ്ടിക്കാണിക്കാം. മെയ് 29 അദ്ദേഹത്തിൻ്റെ ജൻമദിനമാണ്.

CONTENT SUMMARY: Happy birthday David Murray

ഇരുപതാം ജന്മദിനത്തിൽ കാലു മുറിച്ചു മാറ്റിയ ന്യൂകാസ്സിൽ ആരാധകന്റെ തിരിച്ചു വരവ്

ഒരു പരിക്കിൽ കരിയർ തകർന്ന് പോയ ചാലക്കുടിയിലെ കാൽപ്പന്തു കളിക്കാരൻ