അന്താരാഷ്‌ട്ര ഗോൾ നേട്ടം 79 ഇൽ എത്തിച്ചു ലയണൽ ആൻഡ്രെസ് മെസ്സി. മറുവശത്തു ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്റർനാഷണൽ ഗോൾ നേട്ടങ്ങളിൽ സ്വപ്ന തുല്യമായ നേട്ടങ്ങളുമായി കുതിക്കുമ്പോൾ മെസ്സിയും തന്റെ മാർഗ്ഗങ്ങളിലെ തടസങ്ങൾ ദൂരീകരിച്ചു മുന്നേറുന്നു.
ലാറ്റിൻ അമേരിക്കയിൽ അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന പെലെയുടെ 77 ഗോളായിരുന്നു ഇന്നലെ വരെ റെക്കോർഡ് ബുക്കിൽ നിറം ചാർത്തിയതെങ്കിൽ ഇന്നത് അർജെന്റിനയുടെ മിശിഹാ ലയണൽ മെസ്സിയുടെ നാമധേയത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ചരിത്ര താളുകൾ ഇനി അവന്റെ പേര് ഏറ്റു പാടും. റൊസാരിയോയിലെ ആ കൊച്ചു ബാലൻ കാൽപ്പന്തു ലോകത്തെ റെക്കോർഡുകൾ തകർത്തു മുന്നേറുന്നു.
ക്രിസ്റ്റിനാണോ അവസാന നിമിഷത്തിൽ തുടരെ തുടരെ രണ്ടു വിജയ ഗോൾ നേടിയാണ് 111 ഇന്റർനാഷണൽ ഗോൾ എന്ന നേട്ടത്തിൽ എത്തിയതെങ്കിൽ. തുടക്കം മുതൽ പുറത്തെടുത്ത തന്റെ ഇടം കാലിലെ ഇദ്രജാല പ്രകടനങ്ങൾ കൊണ്ടാണ് ബ്യുണസ് ഐറിസിൽ ആർപ്പു വിളിച്ച ആരാധക വൃദ്ധങ്ങൾക്കു അവിസ്മരണീയ നിമിഷം സമ്മാനിച്ചത്.
14ആം മിനുട്ടിൽ തുടങ്ങിയ ഗോൾ വേട്ട 88 ആം മിനുട്ടിൽ ഹാട്രിക് നേട്ടത്തോടെയാണ് മെസ്സി ബൊളീവിയക്കെതിരെ അവസാനിപ്പിച്ചത്. വെനിസ്വേലക്കെതിരെ ഗോൾ കണ്ടെത്താത്തിലുള്ള വിഷമം ബൊളീവിയക്കെതിരെ അദ്ദേഹം തീർത്തു.
പന്തടക്കത്തിലും ആക്രമണത്തിലും മുന്നിട്ടു നിന്ന അർജന്റീന മുന്നേറ്റങ്ങൾ നയിച്ചത് മെസ്സി തന്നെ ആയിരുന്നു. 14ആം മിനുട്ടിൽ തന്റെ ചുറ്റും കൂടിയ നാലോളം ബൊളീവിയൻ പ്രതിരോധ താരങ്ങളെ നിഷ്പ്രഭമാക്കി തൊടുത്ത ഇടംകാലൻ ഷോട്ട് ബൊളീവിയൻ പോസ്റ്റിന്റെ ഇടതു മൂലയിൽ പതിക്കുംബൊഴെ അർജന്റീന ആരാധകർ ആവേശഭരിതരായിരുന്നു. ഈ ഗോളോടെ ഫുട്‍ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡിനൊപ്പം മെസ്സി എത്തിയിരുന്നു, പക്ഷെ ആ ഗോൾ മെഷീൻ വേട്ട തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.ലൗറ്റരൊ മാർട്ടിനെസിന്റെ ഷോട്ട് ഓഫ്‌സൈഡ് ആയെങ്കിലും മറുവശത്തു കൂടെ മെസ്സി ബൊളീവിയൻ പ്രതിരോധത്തിലേക്ക് നുഴഞ്ഞു കയറ്റം നടത്തി കൊണ്ടിരുന്നു. തുടരെ തുടരെ അർജന്റീന ആക്രമണങ്ങൾക്കു വിധേയമായ ബൊളീവിയൻ പ്രതിരോധം പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.
ബൊളീവിയൻ ബോക്സിൽ മികച്ച ഒത്തിണക്കത്തിടെ കളിച്ച അർജന്റീന ടീം വർക്കിന്റെ ഉപരോൽപ്പന്നം ആയിരുന്നു മെസ്സിയുടെ 64ആം മിനുട്ടിലെ രണ്ടാം ഗോൾ. പെലെയുടെ റെക്കോർഡ് മറികടന്ന മെസ്സി അവിടം കൊണ്ടും നിർത്താൻ തയാറല്ലായിരുന്നു. എണ്ണം പറഞ്ഞ 24 ഷോട്ടുകളാണ് ബൊളീവിയൻ ഗോൾ വല ലക്ഷ്യമാക്കി ആൽബി സെലെസ്റ്റകളുടെ പുലി കുട്ടികൾ തൊടുത്തു വിട്ടത്.
ഒടുവിൽ 88ആം മിനുട്ടിൽ റീബൗണ്ടിലൂടെ തന്റെ മൂന്നാം ഗോളും കണ്ടെത്തിയ മെസ്സി ഏഴാം ഹാട്രിക്കും അർജന്റീനക്കായി കണ്ടെത്തി ചാമ്പ്യൻസ് ലീഗിനായി കച്ച മുറുക്കുന്ന യൂറോപ്പ്യൻ ക്ലബ്ബുകൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
വിസ്‍മയിപ്പിച്ചു മുന്നേറുകയാണ് മെസ്സി. ഇടം കാലിലെ മാദ്രികതക്ക് ഒരു കോട്ടവും സംഭവിച്ചില്ല എന്ന് കാൽപ്പന്തു ലോകത്തിനു മുന്നിൽ മെസ്സി കാണിച്ചു കൊടുത്തിരിക്കുകയാണ്. റൊണാൾഡോയുടെ 111 ഗോൾ ബാലികേറാ മലയാണെങ്കിലും, തന്റെ അപാര ഫോം തുടർന്നാൽ റെക്കോർഡുകൾ ഇനിയും മെസ്സിക്ക് മുന്നിൽ പഴക്കഥ ആകും തീർച്ച.