മുൻ ഇന്ത്യൻ പേസർ മുനാൻ പട്ടേൽ ‘കുട്ടി ക്രിക്കറ്റ്’ കളിക്കാൻ തയാറെടുക്കുന്നു. ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ താരം അബുദാബി T10 ന്റെ അഞ്ചാം സീസണിൽ ചെന്നൈ ബ്രേവ്സ് ടീമിന് വേണ്ടിയാണ് കളിക്കുക. ഈ മാസം പത്തൊമ്പതിന് ആരംഭിക്കുന്ന T10 ലീഗ് ഡിസംബര്‍ നാലിന് അവസാനിക്കും.
2011 ഏകദിന ലോകകപ്പ് നേടിയ ടീമിൽ അംഗമായ മുനാഫ് പട്ടേൽ 2018 ൽ ക്രിക്കറ്റിനോട് വിട പറഞ്ഞിരുന്നു. ഈ വർഷം ആരംഭത്തിൽ നടന്ന റോഡ് സേഫ്റ്റി സീരിസിൽ ഇന്ത്യൻ ലെജന്റ്സ് ടീമിന്റെ ഭാഗമായാണ് മുനാഫ് അവസാനമായി കളത്തിലിറങ്ങിയത്. ഇന്ത്യ ചാമ്പ്യന്‍സ് ആയ ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ ഇന്ന് ഒൻപത് വിക്കറ്റുകൾ നേടിയിരുന്നു.
2018 ൽ രാജ്പുത് സ് ടീമിന്റെ ഭാഗമായി മുനാഫ് T10 ലീഗ് കളിച്ചിട്ടുണ്ട്. അന്ന് അഞ്ച് കളികളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ നേടിയിരുന്നു. അതിന് ശേഷം ഇത്തവണ വീണ്ടും എത്തുന്നത് ലീഗിലെ ഏറ്റവും പുതിയ ടീമായ ചെന്നൈ ബ്രേവ്സിന്റെ ഭാഗമായി ആണ്. യൂസഫ് പത്താൻ, ശ്രീലങ്കൻ പ്ലയർസ് ആയ ചമീര, കരുണരത്നെ, വിൻഡീസുകരായ നിക്കോളാസ് പൂരൻ, ഡാരൻ ബ്രാവോ തുടങ്ങിയ പ്രമുഖരെയൊക്കെ ചെന്നൈ ടീമിലെത്തിച്ചിട്ടുണ്ട്.
ഗുജറാത്തുകാരനായ മുനാഫ് തന്റെ വേഗതയുടെ പേരിലാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പിന്നീട് പരിക്കുകൾ കാരണം അതിൽ മാറ്റം വന്നു. 2006 ൽ ഏകദിന, ടെസ്റ്റ് ടീമുകളിൽ അരങ്ങേറ്റം നടത്തിയ മുനാഫ് 70 ഏകദിനവും 13 ടെസ്റ്റ് മാച്ചുകളും കളിച്ചിട്ടുണ്ട്. 2011 ലാണ് ടിട്വന്റി അരങ്ങേറ്റം നടത്തിയത്. ആ വർഷം ലോകകപ്പ് ജേതാവും ആയി എങ്കിലും 2011 ന് ശേഷം ഇന്ത്യൻ കുപ്പായം അണിയാൻ കഴിഞ്ഞില്ല.
രാജസ്ഥാൻ റോയൽസ്, മുംബൈ എന്നിവിടങ്ങളില്‍ തുടങ്ങിയ പ്രമുഖ ടീമുകളുടെ ഭാഗമായി IPL ലും സ്ഥിര സാന്നിധ്യമായിരുന്നു. ഗുജറാത്ത് ലയൺസിന് വേണ്ടിയാണ് അവസാനമായി കളിച്ചത്. 35 വയസിൽ കളി നിർത്തുമ്പോൾ 35 ടെസ്റ്റ് വിക്കറ്റുകളും 86 ഏകദിന വിക്കറ്റുകളും ആണ് മുനാഫ് പട്ടേലിന്റെ സമ്പാദ്യം. IPL ൽ 74 ഉം ടിട്വന്റി ഇന്റർനാഷണലിൽ 4 വിക്കറ്റുകളുമുണ്ട് മുനാഫിന്റെ പേരിൽ.