ഇന്റർനാഷണൽ ക്രിക്കറ്റിലെ ഏറ്റവും പരിജയ സമ്പന്നനായ കളിക്കാരിൽ ഒരാളായ ശുഐബ് മാലിക്കും നാല്പത് കഴിഞ്ഞ മുഹമ്മദ് ഹഫീസുമെല്ലാം ഇത്തവണയും ലോകകപ്പിന് എത്തുന്നുണ്ട്. പ്രായം അനുകൂലമല്ലാത്ത പ്രായത്തിലും പാകിസ്ഥാന്‍ ടീമിലെ പ്രധാനികളാണ് ഇവർ.
41 – കാരൻ ഹഫീസും 39-കാരൻ മാലിക്കും അടങ്ങുന്ന ലോകകപ്പ് സ്ക്വാഡിലെ ബൗളിങ് കോച്ച് ആയി എത്തുന്ന വെർനോൻ ഫിലാണ്ടറുടെ പ്രായം 36 മാത്രമാണ്. ഇത്രയും ചെറുപ്പമായ കോച്ചുമാർ ഇന്റർനാഷണൽ ക്രിക്കറ്റിൽ വിരളമാണ്. ഇക്കാര്യം പറഞ്ഞുള്ള ട്രോളുകൾ ക്രിക്കറ്റ് ലോകത്ത് വൈറലാവുകയാണ്.
2003 U19 ലോകകപ്പിൽ കരിയർ ആരംഭിച്ച ഫിലാണ്ടർ പിന്നീട് ഡൊമസ്റ്റിക്ക് ക്രിക്കറ്റിലെ മികവിലൂടെ സീനിയർ ടീമിലെത്തി. 2007 ൽ ഏകദിന അരങ്ങേറ്റവും 2011 ൽ ടെസ്റ്റ് അരങ്ങേറ്റവും നടത്തിയ ഫിലാണ്ടർ ടെസ്റ്റ് ക്രിക്കറ്റിലാണ് കൂടുതൽ തിളങ്ങിയത്. 64 ടെസ്റ്റുകളിൽ നിന്നും 224 വിക്കറ്റുകളും 1779 റൺസുമാണ് ഫിലാണ്ടറുടെ സമ്പാദ്യം.
2019 ഇംഗ്ലണ്ട് സീരിസോടെ ഫിലാണ്ടർ ഇന്റർനാഷണൽ ക്രിക്കറ്റിനോട് വിടപറഞ്ഞു. പരിക്കുകളുടെ പ്രശ്നങ്ങൾക്ക് അപ്പുറം ക്രിക്കറ്റ് ബോർഡുമായുള്ള പ്രശ്നങ്ങളും വിരമിക്കലിന് കാരണമായി. എന്തായാലും ഈ ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിന്റെ ബൗളിങ് കോച്ചായി ഫിലാണ്ടർ പുതിയ കരിയറിന് ആരംഭം കുറിക്കുകയാണ്.
1999 ഒക്ടോബര്‍ മാസത്തിൽ ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മാലിക് ലോകകപ്പിന് എത്തുന്ന ഏറ്റവും പരിജയ സമ്പന്നനായ കളിക്കാരിൽ ഒരാളാണ്. T20 ഇന്റർനാഷണലിൽ 2335 റൺസ് നേടിയിട്ടുള്ള മാലിക് അവസാന നിമിഷമാണ് പാകിസ്താന്‍ ലോകകപ്പ് സ്ക്വാഡിലേക്ക് എത്തിയത്.
പ്രൊസസ്സര്‍ എന്ന വിളിപ്പേരുളള മുഹമ്മദ് ഹഫീസ് t20 ക്രിക്കറ്റിൽ പാകിസ്ഥാന് വേണ്ടി ഏറ്റവുമധികം റൺസ് നേടിയ ബാറ്ററാണ്. ഒപ്പം തന്റെ വലം കൈ ഓഫ് ബ്രേക്ക് കൊണ്ട് വിക്കറ്റ് എടുക്കുന്ന കാര്യത്തിലും ഹഫീസ് പിന്നിലല്ല. 60 വിക്കറ്റുകളാണ് ഇന്റർനാഷണൽ ടിട്വന്റിയിൽ ഹഫീസ് നേടിയത്. ഇന്റർനാഷണൽ അല്ലാതെ മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലും ഫ്രൊഫസർ സജീവമാണ്.