in ,

ക്രിക്കറ്റിലെ മൺസൂൺ റൊമാൻസായ കാംഗ ലീഗിന്റെ കൗതുക വിശേഷങ്ങൾ

ഒന്നോർത്തു നോക്കൂ, വിശാലമായ ഒരു ഗ്രൗണ്ട്… അതിൽ അഞ്ചാറു പിച്ചുകൾ…. എല്ലാത്തിനും ഒരു ബൗണ്ടറി…… ചാറ്റൽ മഴ…… കവർ ചെയ്യാത്ത വിക്കറ്റ്…. ഒരേ സമയം ഗ്രൗണ്ടിൽ പല മത്സരങ്ങൾ….. പറഞ്ഞത് നമ്മുടെ പാടത്തെ കളിയേപ്പറ്റിയോ കോളേജ് കാലത്തെ പറ്റിയോ അല്ല…. ഇതാണ് മുംബൈയുടെ സ്വന്തം കാംഗാ ലീഗ്.

സമയപരിധിയില്ലാത്ത ടെസ്റ്റ് മത്സരങ്ങളിൽ തുടങ്ങി ഏകദിനവും ട്വൻറി-ട്വൻറിയും പിന്നിട്ട് പരീക്ഷണാടിസ്ഥാനത്തിൽ TH (ദ് ഹൺഡ്രഡ്) ഉം 3TC യും എത്തി നിൽക്കുന്ന ക്രിക്കറ്റിൽ ഒരു പക്ഷേ സമയത്തിന് മുൻപേ സഞ്ചരിച്ച ഈ ലീഗിൻ്റെ ഉത്ഭവം 1948ലായിരുന്നു. വിജയ് മർച്ചൻ്റിൻ്റെ ആശയത്തിൽ വിടർന്ന ലീഗിന് നൽകിയത് മുൻ ഇന്ത്യൻ താരവും പിന്നീട് BCCl ഭാരവാഹിയുമായ ഹോർമസ്ജികാംഗയുടെ പേരായിരുന്നു.

ലീഗുകൾ മുംബൈയിൽ പ്രധാനമായും രണ്ട് തരം ലീഗുകളാണ്. ഒന്നാമത്തേത് ടൈം ഷീൽഡ്, പ്രധാനമായും കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ടൈം ഷീൽഡിൽ കളിക്കുന്നത്.റിലയൻസ്, ടാറ്റ, ബിർള തുടങ്ങിയ കോർപ്പറേറ്റു സ്ഥാപനങ്ങൾ എല്ലാം തന്നെ സ്വന്തം ടീമുകളെ ടൈം ഷീൽഡിൽ കളത്തിലിറക്കുന്നു.

കാംഗാ ലീഗിൽ ആവട്ടെ മുംബൈയിലെ മിക്കവാറും ക്ലബുകളും, മുസ്ലിം ജിംഖാന, പാഴ്സി ജിംഖാന തുടങ്ങിയ കുറേ ടീമുകളുമാണ് കളിക്കുന്നത്. മുംബൈ ക്രിക്കറ്റിലെ മഹാൻമാരായ കളിക്കാരെല്ലാം വിവിധ കാലങ്ങളിൽ (ഗാവസ്കർ മുതൽ യശസ്വി ജെയ്സ്വാൾ വരെ) കാംഗാ ലീഗ് കളിച്ചവരാണ്.

വളരെ രസകരമാണ് കാംഗ ലീഗ്…. മുംബൈയിലെ മഴ സീസണായ ജൂലൈ മുതൽ ഒക്ടോബർ വരെയാണ് ഇതിൻ്റെ ഷെഡ്യൂൾ . കവർ ചെയ്യാത്ത പിച്ചിൽ ബാറ്റിങ് അതീവ ദുഷ്കരമാണ്. അതിനാൽ തന്നെ ബൗളർമാർക്ക് ചാകരയാണ്. ശിവാജി പാർക്ക് പോലെയുള്ള വലിയ ഒരു ഗ്രൗണ്ടിൽ 5-8 മത്സരങ്ങളൊക്കെ ഒരു സമയം നടക്കും. ഓരോരുത്തരും ഓരോ ബൗണ്ടറി നിശ്ചയിക്കും. ഫീൽഡർമാരുടെ കാര്യമാണ് കഷ്ടം…

ഏത് പിച്ചിൽ നിന്നാ ബോള് ശരീരത്തിൽ വരുന്നത് എന്ന് നോക്കുകയും വേണം, സ്വന്തം ടീമിലെ ഫീൽഡർമാരെ തിരിച്ചറിയുകയും വേണം. 1996 ൽ കാംഗയിലെ അരങ്ങേറ്റ വർഷത്തിൽ സഹീർ ഖാൻ തുടർച്ചയായി 10 ഓവർ മെയ്ഡൻ എറിഞ്ഞിട്ടുണ്ട്. പ്രദീപ് സാഹു അടക്കം നാലു പേർ ഇന്നിംഗ്സിലെ എല്ലാ വിക്കറ്റും എടുത്തിട്ടുണ്ട്. 2013 ൽ ലീഗ് ചരിത്രത്തിലെ ഏക ഡബിൾ സെഞ്ചുറി ആദിത്യ താരേ നേടി.

98 ടീമുകളാണ് ഒരു സീസണിൽ കളിക്കുക, ഇവരെ 14 ടീമുകളുള്ള 7 ഗ്രൂപ്പ് ആയി തിരിക്കും. മൾട്ടി ഡേ മാച്ച് പോലെ 4 ഇന്നിങ്ങ്സ് ഈ ഒരു ദിന മത്സരത്തിന് ഉണ്ടാവും. ആധികാരിക വിജയത്തിന് 5 പോയൻ്റ് ഉണ്ടെന്നിരിക്കേ, പലപ്പോഴും ടീമുകൾ ഒരു ദിവസം കൊണ്ട് ഫലം കിട്ടാനായി ആദ്യ ഇന്നിംഗ്സ് ഡിക്ലയറോ ഫോർ ഫീച്ചറോ ഒക്കെ ചെയ്തു കളയും. രഞ്ജിയിലേതു പോലെ ആദ്യ ഇന്നിങ്സ് ലീഡിന് മൂന്ന് പോയിൻ്റും, കൂടാതെ ഇന്നിങ്ങ്സ് / 10 വിക്കറ്റ് വിജയത്തിന് ബോണസ് പോയൻ്റ് ഒക്കെ ഉണ്ട്.

ഇന്ത്യയിലെ ഏറ്റവും പഴയ ലീഗുകളിലൊന്നായ കാംഗാ ലീഗിൽ കളിക്കുന്നത് എന്നും ക്രിക്കറ്റർമാർക്ക് പ്രത്യേക താൽപര്യമാണ്. മുംബൈയുടെ കിടയറ്റ ബാറ്റ്സ്മാൻമാർ പിറവി കൊള്ളുന്നതിന് മറ്റൊരിടം തേടി പോവേണ്ടതില്ല. കുതിർന്ന പിച്ചിൽ, എതിർ ടീമിലെ ഫീൽഡറെ പോലും പലപ്പോഴും മനസ്സിലാവാതെ ഫീൽഡിലെ ഗ്യാപ് നോക്കിക്കളിക്കുന്ന ആ ടെക്നിക്ക് മാത്രം മതി അവരെ അളക്കാൻ..

Info courtesy Deepak Cm former Kerala Wicket Keeper Batsman….

CONTENT SUMMARY: Story of Kanga League

മിനുക്കിയെടുക്കാൻ ആളില്ലാതെ മങ്ങിപ്പോയ നമ്മുടെ അമൂല്യ നിധി

ഒരു പന്തിൽ നിന്ന് 6 റൺസ് പ്രതിരോധിക്കാൻ ധോണിക്ക് എതിരെ എന്തു ചെയ്യുമെന്ന് പാറ്റ് കമ്മിൻസ്