2018 ലെ CSK യുടെ തിരിച്ചുവരവിൽ ‘മലയാളി ശ്രദ്ധ’ പിടിച്ചുപറ്റിയ കാര്യമാണ് കെ എം ആസിഫിനെ ടീമിൽ എത്തിച്ച തീരുമാനം! ഇന്ത്യൻ അൺക്യാപ്ഡ് ബൗളർ ആയി ലേലത്തിന് എത്തിയ ആസിഫിന് വേണ്ടി ആദ്യം മുന്നോട്ട് വന്നത് സൂപ്പർ കിങ്സ്, തൊട്ടുപിന്നാലെ മുംബൈ ഇന്ത്യൻസ്, വീണ്ടും സൂപ്പർ കിങ്സ്, വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ മുംബൈയും! ഒടുവിൽ 40 ലക്ഷം രൂപക്ക് കെ എം ആസിഫിനെ ചെന്നൈ ടീമിൽ എത്തിക്കുന്നു, മലയാളികള്‍ ഒരുപാട് സന്തോഷിച്ച ഒരു ലേലം – ഡീൽ!
സൂപ്പർ കിങ്സ് ചാമ്പ്യന്‍സ് ആയ 2018 സീസണിൽ ആസിഫിന് രണ്ട് അവസരങ്ങള്‍ ലഭിച്ചു, പരിക്കേറ്റ ചഹറിന് പകരക്കാരൻ ആയി തന്നെ! ആദ്യ മത്സരം ഡൽഹി ക്യാപ്പിറ്റൽസിന് എതിരെ IPL അരങ്ങേറ്റം! ഡൽഹി ഓപണർമാർ ആയിരുന്ന പ്രിത്വി ഷോയേയും, കോളിൻ മൻറോയേയും പുറത്താക്കി എങ്കിലും നന്നായി തന്നെ തല്ല് കൊണ്ടു, 3 ഓവറിൽ 43 റൺസ് വഴങ്ങി 2 വിക്കറ്റുകൾ – എകോണമി റേറ്റ് 14 നും മുകളിൽ!
തൊട്ടടുത്ത മാച്ചിൽ തന്നെ രണ്ടാം അവസരം ലഭിച്ചു, ഇത്തവണ കൊൽക്കത്ത നൈറ്റ് റൈസേസാണ് എതിരാളികൾ. മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി ആസിഫ്, വിക്കറ്റ് നിലവിലെ സൂപ്പർ കിങ്സ്/കേരളാ ടീമംഗം റോബിൻ ഉത്തപ്പയുടേത്! പക്ഷെ പിന്നീട് അവസരങ്ങൾ തേടി എത്തിയില്ല. 2019 സീസണും, ടീമിന് ദുരന്തമായി മാറിയ 2020 സീസണും ആസിഫ് ബഞ്ചിൽ തന്നെ ഇരുന്നു.
അടുത്തൊരു അവസരം ലഭിക്കാൻ ചഹറിന് വീണ്ടും ഒരു പരിക്ക് വരേണ്ടി വന്നു, കഴിഞ്ഞ സീസണിൽ! അവസരം സഞ്ചു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെതിരെ. റുതുരാജ് ഗെയ്ക്വദിന്റെ സെഞ്ച്വറി മികവിൽ CSK നേടിയ 190 റൺസ് രാജസ്ഥാൻ ബാറ്റർമാർ തിരിച്ചടിച്ച് കൂട്ടുമ്പോഴാണ് ആസിഫിന് പന്ത് ലഭിക്കുന്നത്, 21 പന്തിൽ 51 റൺസും ആയി നിന്ന യശസ്വി ജൈസ്വാളിനെ ആദ്യ പന്തിൽ തന്നെ പുറത്താക്കി തിരിച്ചുവരവ്. ആ മത്സരത്തിൽ 2.1 ഓവറില്‍ 18 റൺസിന് ഒരു വിക്കറ്റ്!
ഇതുവരെ ലഭിച്ച അവസരങ്ങളിൽ എല്ലാം വിക്കറ്റ് വീഴ്ത്തിയ ബൗളർ.. മൂന്ന് കളികളിൽ നിന്ന് 4 IPL വിക്കറ്റകൾ നേടി. ഇത്തവണ ലേലത്തിൽ CSK വീണ്ടും വിളിച്ചെടുത്തു ഈ മലപ്പുറം കാരനെ! ചഹറിന്റെ പരിക്ക് ഒരുപക്ഷേ ആസിഫിന് ഗുണം ചെയ്യും! പക്ഷെ അത് ഉറപ്പിച്ച് പറയാനും പറ്റില്ല, മുംബൈയുടെ തുഷാർ ദേഷ്പാണ്ടേ ഉൾപടെ വേറെയും ഓപ്ഷനുകൾ CSK ക്ക് നിലവിലുണ്ട് – എന്നിരുന്നാലും ഏറ്റവും സാധ്യത ആസിഫിനാണ്! കേരള ടീമിൽ നടത്തുന്ന പ്രകടനങ്ങൾ IPL വേദിയിലും ആവർത്തിക്കാനാവട്ടെ!