1978 ഒക്ടോബർ 20ന് ഡൽഹിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.1999 ൽ ചിരവൈരികളായ പാകിസ്ഥാനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. സച്ചിനോടുള്ള ഇഷ്ടകൂടുതൽ കൊണ്ട് അദ്ദേഹത്തെ പോലെയാകാൻ ഇറങ്ങി തിരിച്ച ആ പയ്യന്റെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. തന്റെ ഫുട്ട് വർക്കിന്റെ പേരിൽ അയാളേറെ പഴികൾ കേട്ടു. പക്ഷെ ദാദ അയാളെ കൈയ്യൊഴിയാൻ തയ്യാറായിരുന്നില്ല. വർഷങ്ൾ പിന്നെയും കടന്നു പോയി. ടെസ്റ്റിൽ അദ്ദേഹത്തിന് അരങ്ങേറാൻ അവസരം ലഭിച്ചു. “ഒരു ഫുട്ട് വർക്കും ഇല്ലാത്ത ഇവൻ ടെസ്റ്റിൽ എന്ത് കാണിക്കാനാണ്” എന്ന് വിമർശകരുടെ ചോദ്യത്തിനുള്ള മറുപടി അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടികൊണ്ടാണ് അദ്ദേഹം നൽകിയത്.
2001 ജൂലൈ 26, കിവിസിനെതിരെ നടന്ന ഏകദിന മത്സരത്തിലാണ് ദാദ ആദ്യമായി വീരുവിനെ ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കുന്നത്. പിന്നെ നടന്നത് ചരിത്രമായിരുന്നു. ഏകദിന ക്രിക്കറ്റിൽ 8000 ത്തിനു മേലെ റൺസ്,15 സെഞ്ച്വറികൾ, ഒരു ഡബിൾ സെഞ്ച്വറി. ഒരു ഏകദിന ക്യാപ്റ്റന്റെ ഉയർന്ന വ്യക്തിഗത സ്കോർ. അങ്ങനെ ഒട്ടേറെ നേട്ടങ്ങൾ.ഏകദിന ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യൻ ഓപ്പണിങ് സ്ഥാനത്തേക്ക്. സാക്ഷാൽ ബ്രാഡ്മാനു മാത്രം സ്വന്തമായുള്ള രണ്ട് ടെസ്റ്റ് ട്രിപ്പിൾ സെഞ്ച്വറി. അങ്ങനെ എണ്ണിയാൽ തീരാത്ത നേട്ടങ്ങൾ ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം സ്വന്തമാക്കി.
വീരു എന്ന ബാറ്റസ്മാനെ പറ്റി വാ തോരാതെ സംസാരിക്കുമ്പോഴും വീരു എന്ന് ബൗലർ നമുക്ക് വേണ്ടി നേടി തന്ന ഒരു വിജയം മനസിലേക്ക് കടന്നുവരികയാണ് .വർഷം 2002 ഐ സി സി ചാമ്പ്യൻസ് ട്രോഫിയുടെ സെമി ഫൈനൽ, ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്.262 റൺസ് പിന്തുടരാൻ ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 200 നു 3 എന്ന ശക്തമായ നിലയിൽ.ദാദ വീരുവിനെ പന്തേല്പിക്കുന്നു.
5 ഓവറിൽ 25 റൺസ് വിട്ട് കൊടുത്ത് 3 വിക്കറ്റ് നേടിയ വീരുവിന്റെ മികവിൽ 10 റൺസിന്റെ വിജയം.
വിരെന്ദർ സേവാഗ്, ഏകദിനത്തിലും ടെസ്റ്റിലും 7500+ റൺസ് നേടിയ ഓപ്പണർ. ക്രിക്കറ്റിൽ അയാൾക്ക് ഒരു നിയമം മാത്രമേ ഉണ്ടായിരുന്നുള്ളു തനിക് നേരെ വരുന്ന പന്ത് ഗാലറിയിലേക്ക് പറഞ്ഞയക്കുക എന്ന ഒരേ ഒരു നിയമം. ആ നിയമം തന്നെയാണ് അയാളെ അത്രമേൽ പ്രിയപെട്ടവനാക്കിയത്. തന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞു വിമർശിച്ചവർക്ക് മറുപടിയായി ചെന്നൈക്കെതിരെ നേടിയ ആ സെഞ്ച്വറി കൂടി ഓർത്തു പോകുന്നു. കുട്ടി കാലം മനോഹരമാക്കിയ വീരു – സച്ചിൻ ഓപ്പണിങ് കൂട്ടുകെട്ടുകൾ മനസ്സിലൂടെ കടന്നു പോവുകയാണ് . ഇനി ഒരിക്കലും കാണില്ല എന്ന് കരുതിയ ആ കൂട്ടുകെട്ട് കഴിഞ്ഞ റോഡ് സേഫ്റ്റി സീരിസിൽ കണ്ടപ്പോഴും ആനന്ദത്താൽ ഓരോ ക്രിക്കറ്റ് പ്രേമിയുടെ കണ്ണുകൾ നിറഞ്ഞു കാണണം.
വീരുവിനേ പറ്റി എങ്ങനെ എഴുതി തീർക്കണം എന്നറിയില്ല.എന്നും വെല്ലുവിളികളെ വീരു തന്റെ ബാറ്റ് കൊണ്ടാണ് നേരിട്ടിട്ടുള്ളത്.2011 ലോകകപ്പ് സെമിയിൽ വെല്ലു വിളിച്ച ഗുല്ലിനെ വീരുവിന്റെ ബാറ്റ് കണക്കിന് ശിക്ഷിച്ചിട്ടു തന്നെയാണ് വിട്ടത് .ഒരിക്കൽ പോണ്ടിങ് പറയുകണ്ടായി തനിക് 2003 ലോകകപ്പ് ഫൈനലിൽ തലവേദന ഉണ്ടാക്കിയ ഒരേയൊരു വ്യക്തി വീരുവാണെന്ന്. ഫൈനലിൽ റൺ ഔട്ടിലൂടെ വീരു പുറത്തായിരുന്നില്ലെങ്കിൽ ദാദ ഒരു ലോകകപ്പ് ഉയർത്തിയേനെ എന്ന് വിശ്വസിക്കുന്ന ഇന്ത്യൻ ആരാധകർ വിരളമല്ല.
281 റൺസ് നേടി ഡഗ് ഔട്ടിലേക്ക് മടങ്ങി ചെന്ന ലക്ഷ്മണിനോട് അദ്ദേഹം പറയുകണ്ടായി കുറച്ചു കൂടി ആക്രമിച്ചു കളിച്ചിരുന്നെങ്കിൽ 300 റൺസ് കടക്കാമായിരുന്നു എന്ന്. ഒന്നു കൂടി കൂട്ടി ചേർത്ത് താൻ ഒരു ട്രിപ്പിൾ അധികം വൈകാതെ നേടും എന്ന്. ഒന്ന് അല്ല രണ്ട് ട്രിപ്പിൾ നേടി കൊണ്ട് അദ്ദേഹം ലക്ഷ്മണ് കൊടുത്ത വാക്കു പാലിച്ചു .2011 ഏകദിന ലോകകപ്പിൽ തുടർച്ചയായി ബൗണ്ടറികൾ അടിച്ചു ഇന്നിങ്സിന്ന് തുടക്കമിട്ട വീരുവിനെ എങ്ങനെ മറക്കാൻ കഴിയും. മുൾട്ടാണിലെ ആ സുൽത്താന് തന്റെ 43 ആം ജന്മദിനം ആശംസകൾ നേർന്നു കൊണ്ടു നിർത്തുന്നു.