ലോകകപ്പിൽ പന്ത് തട്ടുക എന്ന കാലങ്ങളായി ഉള്ള സ്വപ്നത്തിന്റെ പിന്നാലെയാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ വളരെ കാലമായി. ഇന്ത്യ ലോകപ്പിന് അടുത്തെത്തി എന്നൊക്കെ പലരും പറയുന്നുണ്ട് എങ്കിലും അതത്ര എളുപ്പമല്ല എന്ന് ഇന്നത്തെ മത്സരം തെളിയിച്ചു. ലോകകപ്പിലേക്ക് ടിക്കറ്റ് എടുക്കണം എങ്കിൽ നിലവിലെ ഇന്ത്യൻ ടീം അത്ഭുതങ്ങൾ തന്നെ കാണിക്കേണ്ടിയിരുന്നു.
കരുത്തരായ ഖത്തറിന് എതിരെ അനിരുദ്ധ് ഥാപ്പയില്ലാത്ത ഒരു ആദ്യ ഇലവനുമായി ആണ് ഇന്ത്യ ഇറങ്ങിയത്. കളിയുടെ തുടക്കത്തിൽ തന്നെ ഖത്തർ താരം യൂസഫിന്റെ വലത് കാൽ ബൂട്ടുകൾ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ പരീക്ഷിച്ചു. കളിയുടെ ഒൻപതാം മിനിട്ടിൽ തന്നെ രാഹുൽ ഭേകെ ആദ്യ മഞ്ഞകാർഡ് കണ്ടു. മിനിട്ടുകൾക്ക് ഉള്ളിൽ 18 ആം മിനിട്ടിൽ അടുത്ത യെല്ലോ കാർഡ് കൂടി വാങ്ങി രാഹുൽ കളത്തിൽ നിന്നും കയറി.
10 പേരായി ചുരുങ്ങിപ്പൊയ ഇന്ത്യൻ ടീമിനെ ഖത്തർ പോരാളികൾ നിലം തൊടാൻ അനുവദിച്ചില്ല. പിന്നെ അവരുടെ ആക്രമണം ഇരമ്പിയാർക്കുകയായിരുന്നു. മൻവീറിനെ ലക്ഷ്യമാക്കി ഇന്ത്യൻ ടീം ചില ആക്രമണങ്ങൾ മെനഞ്ഞു നോക്കി എങ്കിലും ഒന്നും ഫലവത്തായില്ല. 33 ആം മിനിറ്റിൽ ഖത്തർ ഇന്ത്യൻ വല തുളക്കുകയും ചെയ്തു.
അബ്ദുൽ കരീം മെനഞ്ഞ ആക്രമണണങ്ങൾ മുന്താരിയുടെ അസിസ്റ്റിലൂടെ പ്രീതം കോട്ടലിനെയും ഗുർപ്രീതിനെയും ബീറ്റ് ചെയ്ത് അബ്ദുൽ അസീസ് ഗോളാക്കി മാറ്റി. ഗോൾ നേടിയ ശേഷം അവർ ആക്രമണം കടുപ്പിച്ചു. പിന്നെ ഇന്ത്യൻ ഗോൾ മുഖത്തിനെ വിറപ്പിച്ച പല റോക്കറ്റ് ലോങ് റേഞ്ചറുകളും കടന്നു പോയി.
രണ്ടാം പകുതിയിൽ ഇന്ത്യൻ പരിശീലകൻ ഉദാന്ത സിങിനേയും ഛേത്രിയെയും മാറ്റി നോക്കിയിട്ടും ഒരു ഫലവും ഉണ്ടായില്ല. സഹലിനെ ഇറക്കിയിട്ടും ഒരു കാര്യവും ഉണ്ടായില്ല
കരുത്തരായ ഖത്തറിന് എതിരെ കളിയുടെ ഒരു മേഖലയിൽ പോലും ഇന്ത്യക്ക് വ്യകത്മായ ആധിപത്യം തെളിയിക്കാൻ കഴിഞ്ഞല്ല എന്നത് നിസംശയം പറയാൻ കഴിയും. ആദ്യ ഇരുപത് മിനിട്ടിനു ഉള്ളിൽ തന്നെ പത്തുപേരായി ചുരുങ്ങിയിട്ടും ഒരു ഗോൾ മാത്രമേ വഴങ്ങിയുള്ളൂ എന്നത് എടുത്തു പറയാൻ ഒരു നേട്ടമായി വേണമെങ്കിൽ പറയാം എങ്കിലും അത് പരാജയത്തിന്റെ വേദന കുറക്കില്ല.
ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ ഇനി ഇതേ വേദിയിൽ ഏഴിന് ബംഗ്ലാദേശിന് എതിരെയും പതിനഞ്ചിന് അഫ്ഗാനിസ്ഥാന് എതിരേയുമാണ്.