നാളിതുവരെയായി കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയിൽ എന്താണ് അവർ ചെയ്തുകൊണ്ടിരുന്നത് എന്നതിന്റെ ഫലം ഇന്ത്യൻ ഫുട്‌ബോൾ ലോകം കാണുവാനുള്ള സമയം ഇപ്പോൾ ആഗതമായിരിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സിന് ശക്തമായ ഒരു ഡെവലപ്മെൻറ് റിസർവ് വിഭാഗം ഉണ്ടെന്ന് ടെറി ഫീലാൻ അതിൻറെ ഡയറക്ടർ ആയിരിക്കുന്ന കാലം മുതൽക്കുതന്നെ ഇന്ത്യൻ ഫുട്ബോൾ
പ്രേമികൾക്ക് അറിയാമായിരുന്നു.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി അടവച്ചു വിരിയിക്കുന്ന താരങ്ങൾ എവിടേക്ക് പോകുന്നു എന്നത് ആർക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യം അവശേഷിക്കുന്നുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുവാൻ പോവുകയാണ് കേരളബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരുന്ന സീസണിനു മുന്നോടിയായുള്ള പ്രീസീസൺ പരിശീലന ക്യാമ്പുകളിലേക്ക് റിസർവ് ടീമിൽ നിന്നും ആറ് താരങ്ങൾക്കാണ് പ്രമോഷൻ നൽകി അവർ പ്രധാന ടീമിലേക്ക് നയിക്കുന്നത്.
ഈ സീസൺ മുതൽ വിദേശ താരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ഇന്ത്യൻ താരങ്ങൾക്ക് ആയിരിക്കും പ്രാമുഖ്യം കൂടുതൽ വരുക.അത് മുൻകൂട്ടി കണ്ടു കൊണ്ടാവണം 6 യുവതാരങ്ങളെ എന്തിനും പോന്ന പോരാളികൾ ആക്കി അവർ സീനിയർ ടീമിലേക്ക് എത്തിക്കുന്നത്.
ശ്രീക്കുട്ടൻ, സച്ചിൻ, ബിജോയ്, യോയിഹെമ്പാ മീറ്റയ്, ഷഹജാസ് ടി,
സുരാഗ് ചേത്രി എന്നീ താരങ്ങളെയാണ് പ്രമോഷൻ നൽകി പ്രധാന ടീമിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തിക്കുന്നത് എന്നാണ് സൂചനകൾ.
കേരള ബ്ലാസ്റ്റേഴ്സുമായി ഏറ്റവും ചേർന്നു നിൽക്കുന്ന യെല്ലോ മാൻ ട്വിറ്റർ ഹാൻഡിലിൽ കൂടിയാണ് ഈ വിവരം പുറം ലോകം അറിഞ്ഞത്, എന്തായാലും ഈ സീസണിൽ ശക്തമായ ഒരു ഇന്ത്യൻ നിരയെ ബ്ലാസ്റ്റേഴ്സ് അണിനിരത്തും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു
റിസർവ് ടീമിൽ ഇത്രയധികം താരങ്ങൾക്ക് ഒറ്റയടിക്ക് പ്രമോഷൻ നൽകുമെന്ന് ആരും ഇതുവരെ ചിന്തിച്ചത് പോലും ഇല്ലായിരുന്നു.