ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരെല്ലാം നിലവിൽ ഫുട്ബോളിൽ സജീവമായി കളിക്കുന്നുണ്ടെങ്കിലും, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം മുഹമ്മദ് സലാ ആണെന്ന് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ലിവർപൂൾ താരമായ ട്രെന്റ് അലക്സാണ്ടർ അർനോൾഡ് .
ആധുനിക ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ താരങ്ങളിൽ നിന്ന് മാത്രം നമ്മൾ കണ്ട കാര്യങ്ങൾ ഇപ്പോൾ ലിവർപൂളിന്റെ സൂപ്പർ താരമായ മുഹമ്മദ് സലാ ചെയ്യുന്നുവെന്നും, സലായെ പോലുള്ള കളിക്കാർക്ക് എപ്പോൾ വേണമെങ്കിലും മത്സരം സ്വന്തമാക്കാൻ കഴിയുമെന്നും ട്രെന്റ് അലക്സാണ്ടർ അർനോൾഡ് കൂട്ടിചേർത്തു.
“മത്സരത്തിൽ ഞങ്ങൾക്ക് ആഴത്തിൽ കുഴിക്കേണ്ടി വന്നു, എന്നാൽ നിങ്ങൾക്ക് മുഹമ്മദ് സലായെപ്പോലുള്ള കളിക്കാരെ ലഭിച്ചാൽ… അയാൾക്ക് എപ്പോൾ വേണമെങ്കിലും കാര്യങ്ങൾ സാധ്യമാക്കാൻ കഴിയും. സലാ ഇന്ന് ഒരിക്കൽ കൂടി ഞങ്ങൾക്കായി വിജയഗോൾ സ്കോർ ചെയ്തു, കഴിഞ്ഞ ആഴ്ച ഡിവോക്കിന്റെ അസിസ്റ്റിലൂടെ അദ്ദേഹം അത് തെളിയിച്ചതാണ്, ഇപ്പോൾ അദ്ദേഹം വീണ്ടും വിജയഗോൾ നേടി.”
“സലാ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, ധാരാളം ആളുകൾ അത് സമ്മതിക്കും, അതിനാൽ അയാൾക്ക് ആരോടും ഒന്നും തെളിയിക്കാനില്ല. എല്ലാ ആഴ്ചയും സലാ റെക്കോർഡുകൾ തകർക്കുന്നു, ആധുനിക യുഗത്തിൽ മറ്റ് രണ്ട് കളിക്കാരിൽ (മെസ്സി – റൊണാൾഡോ) നിന്ന് മാത്രം നമ്മൾ കണ്ട കാര്യങ്ങൾ സലാ ഇപ്പോൾ ചെയ്യുന്നു.” – ട്രെന്റ് അലക്സാണ്ടർ അർനോൾഡ് പറഞ്ഞു.
യൂറോപ്പിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന മുഹമ്മദ് സലാ, നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ 6 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ പ്രീമിയർ ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് 14 ഗോൾ, 9 അസിസ്റ്റ് എന്നിവയും ഈജിപ്ത് ദേശീയ ഫുട്ബോൾ ടീം നായകനായ 29 വയസ്സുകാരൻ മുഹമ്മദ് സലാ സ്വന്തമാക്കി.