രാജസ്ഥാന് റോയല്‍സിന്റെ ഓസ്ട്രേലിയന്‍ പേസര്‍ നഥാന്‍ കോള്‍ട്ടര്‍നൈല്‍ ഐപിഎലില്‍ നിന്ന് പുറത്ത്. പരിക്കാണ് കോള്‍ട്ടര്‍നൈലിന് തിരിച്ചടിയായത്. സണ്‍റൈസേഴ്സിനെതിരായ ആദ്യ മത്സരത്തില്‍ പരുക്കേറ്റ താരം പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.
കോര്ട്ടര്നൈലിന്റെ പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല. ഏറെ വൈകാതെ രാജസ്ഥാന് പകരക്കാരനെ ടീമിലെത്തിക്കുമെന്നാണ് വിവരം.
സണ്‍റൈസേഴ്സിനെതിരെ അവസാന ഓവര്‍ എറിയാനെത്തിയ കോള്‍ട്ടര്‍നൈലിന് ഒരു പന്ത് മാത്രമേ എറിയാന്‍ സാധിച്ചിരുന്നുള്ളൂ. തുടര്‍ന്ന് ആ ഓവര്‍ റിയന്‍ പരഗ് ആണ് പൂര്‍ത്തിയാക്കിയത്.
കോള്‍ട്ടര്‍നൈലിന്റെ പരുക്കിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ക്ലബ് അറിയിച്ചിട്ടില്ല. എന്നാല്‍, താരത്തിന് യാത്ര അയപ്പ് അറിയിച്ചുകൊണ്ടുള്ള വിഡിയോ രാജസ്ഥാന് റോയല്‍സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്
ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ ആളില്ലാത്തതാണ് രാജസ്ഥാന് റോയല്‍സിന്റെ ഇപ്പോഴത്തെ പ്രശ്നം. അതുകൊണ്ട് തന്നെ അതിനു കഴിയുന്ന ഒരു താരത്തെയാവും പകരം ടീമിലെത്തിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുക. ഈ മാസം 10ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്.