in

മരക്കാനയിൽ അർജന്റീനൻ വിജയ ഗാഥ, ദൈവ പുത്രന് രാജ കിരീടം

Copa America 2021

ലോക കായിക പ്രേമികളുടെ ആവേശത്തിന് തിരികൊളുത്തി സൂപ്പർ ക്ലാസിക്കോ പോരാട്ടത്തിന് ആദ്യ വിസിൽ മുഴങ്ങുമ്പോൾ ലയണൽ സ്കലോനി ആവനാഴിയിലെ തന്റെ രണ്ടു വജ്രായുധങ്ങളായ ഏയ്ജൽ ഡി മരിയയെ റൈറ്റ് വിങ്ങിലും പ്രതിരോധ കോട്ട കാക്കാൻ പരിക്കിൽ നിന്നും മുക്തനായ ക്രിസ്ത്യൻ റോമെറോയെ ആദ്യ പകുതിയിൽ തന്നെ കളത്തിലിറക്കിയ തന്ത്രo ഫലപ്രാപ്തിയിലെത്തുന്ന കാഴ്ചയാണ് കാണാനായത്.

ബ്രസീൽ മുന്നേറ്റങ്ങൾ നെയ്മറെയും റിച്ചാർഡ്ലിസനെയും കേന്ദ്രീകരിച്ചു മുന്നേറിയപ്പോൾ അർജന്റീനയുടെ പ്രതിരോധ നായകൻ നിക്കൊളാസ് ഓട്ടമെന്റി യും ക്രിസ്ത്യൻ റൊമേറോയും അവരെ അതി വിദഗ്ദ്ധമായി തടഞ്ഞു കൊണ്ട് ബ്രസീൽ ആരാധകർക്ക് നിരാശ സമ്മാനിച്ചു.

28 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ കിരീടത്തിൽ കുറഞ്ഞതൊന്നും ചിന്തിക്കാൻ കൂടി പറ്റാതെ പന്തു തട്ടിയ അർജന്റീന പലപ്പോഴും പരുക്കൻ തന്ത്രങ്ങൾ പുറത്തെടുത്തു. മിന്നും ഫോമിൽ കളിച്ച ഉഡിനെസി താരം റോഡ്രിഗോ ഡി പോൾ ബ്രസീൽ പ്രതിരോധ താരങ്ങളെ കബളിപ്പിച്ചു ഉയർത്തി നൽകിയ പന്തു വലതു വിങ്ങിൽ സമർഥമായി സ്വീകരിച്ച ഏയ്ജൽ ഡി മരിയ രണ്ടു ടച്ചുകൾക്കുള്ളിൽ ബ്രസീൽ ഗോളി എൻഡേഴ്സൻ മോറസിനെ കാഴചക്കാരനാക്കി ഓവർ ഹെഡ് കിക്കിലൂടെ വലയിലെത്തിച്ചു അർജന്റീനക്ക് മത്സര ഫലം അനുകൂലമാക്കി കൊടുത്തു.

എവെർട്ടനും ലൂക്കാസ് പാക്കേറ്റയും നിരാശപ്പെടുത്തിയതും അർജന്റീനയുടെ അനുകൂലഘടകം ആയി. രണ്ടാം പകുതിയിൽ ബ്രസീലിയൻ പരിശീലകൻ ആക്രമണത്തിന് മൂർച്ച കൂട്ടാൻ ഗബ്രിയേൽ ബാർബോസയെയും വിനീഷ്യസ് ജൂനീയറെയും പരീക്ഷിച്ചെങ്കിലും എമിലിയാനോ മാർട്ടിനെസിനെയും ഓട്ടമെന്റിയെയും കീഴ്പെടുത്താനായില്ല.

ഗാബിഗോൾ തൊടുത്തു വിട്ട മികച്ച ഒരു വോളി മാർട്ടിനെസ് തട്ടി അകറ്റിയപ്പോളെ ബ്രസീൽ ആരാധകർ ഉറപ്പിച്ചു കാണണം ആ കനക കിരീടം തങ്ങളിൽ നിന്നകന്നു കൊണ്ടിരിക്കുകയാണെന്ന്. ലയണൽ മെസ്സിക്കു അവസാന നിമിഷങ്ങളിൽ ലഭിച്ച ഗോൾ മികച്ച അവസരം ഗോളാക്കി മാറ്റാൻ പറ്റാത്തത് ലീഡ് ഉയർത്താനുള്ള ആൽബി സെലസ്റ്റയുടെ അവസരവും നഷ്ടപ്പെടുത്തി.

ഒടുവിൽ 2014 വേൾഡ് കപ്പിലും 2015,2016 കോപ്പ അമേരിക്കയിലും തുടർച്ചയായി മൂന്ന് തവണ ദൈവ പുത്രന്റെ കണ്ണീർ കണ്ട ഫൈനലുകൾക്കു ശേഷം അർജന്റീന എല്ലാ വിമർശന ശരങ്ങളെയും കാറ്റിൽ പറത്തി 28 വർഷത്തിന് ശേഷം ഒരു മേജർ ടൂർണമെന്റിൽ മുത്തമിടുന്നു. തന്റെ ഫുട്‍ബോൾ കരിയറിലുടനീളം നേടാൻ സാധിക്കാത്ത രാജ്യത്തിന് വേണ്ടി ഒരു കിരീടം എന്ന കിട്ടാക്കനിയും ആ ഇടം കാലൻ മാന്ത്രികൻ തന്റെ കൈപ്പിടിയിൽ ഒതുക്കുന്നു. കോപ്പ അമേരിക്കയിൽ അർജന്റീനയുടെ പതിനഞ്ചാം കിരീടധാരണത്തിനാണ് മാരക്കാന സാക്ഷ്യം വഹിച്ചത്.

thanks Brasil
thanks Argentina for a Spectacular Football

കാൽപ്പന്തു പ്രേമികളുടെ ചങ്കിടിപ്പേറ്റി മാരക്കാന സ്റ്റേഡിയത്തിലെ പുൽപ്പടർപ്പുകളിൽ തീ പടർത്താൻ ആൽബി സെലസ്റ്റയും കാനറികളും നേർക്കുനേർ

ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവായിരുന്നു ഒറ്റക്ക് പൊരുതി വീണ നെയ്‌മർ