ലോക കാൽപ്പന്തു പ്രേമികളെ നിങ്ങൾക്കിത് സ്വപ്ന സാക്ഷാത്കാരം. ലാറ്റിനമേരിക്കൻ ശക്തികളായ ലോക കാൽപ്പന്തു ഭൂപടത്തിൽ ഏറ്റവും കൂടുതൽ ആരാധക കൂട്ടം നെഞ്ചേറ്റിയ രണ്ടു ടീമുകൾ കോപ്പ അമേരിക്ക ഫൈനലിൽ ഏറ്റു മുട്ടുന്നു. കാൽപ്പന്തു വേദികളിൽ സൗഹൃദത്തിന് പേര് കേട്ട മെസ്സിയും നെയ്മറും ഒരേ ലക്ഷ്യത്തിനായി പോരാടുന്ന സുന്ദര നിമിഷത്തിനാണ് നിങ്ങളിനി സാക്ഷികളാകാൻ പോകുന്നത്.
ലോക കാൽപ്പന്തു പ്രേമികൾ കാത്തിരുന്ന സ്വപ്ന ഫൈനലിനായി പന്തു തട്ടിയ അർജന്റീനയുടെ കരുത്തും ഊർജവും ലയണൽ മെസ്സി എന്ന അവരുടെ മിശിഹാ തന്നെ ആയിരുന്നു. മെസ്സി ഈ കോപ്പ അമേരിക്കയിൽ നടത്തിയ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ഏതൊരു ആൽബി സെലെസ്റ്റ ആരാധകന്റെയും പ്രതീക്ഷകൾ വാനോളം ഉയർത്തി 1993 ശേഷം കോപ്പ അമേരിക്ക കിരീടത്തിൽ അർജന്റീന മുത്തമിടുന്ന അസുലഭ മുഹൂർത്തത്തിലേക്ക് അടുപ്പിച്ചു കൊണ്ടേ ഇരുന്നു.
ജെയിംസ് റോഡ്രിഗസ് പന്തു തട്ടിയില്ലെങ്കിലും മികച്ച പ്രകടനവുമായി മുന്നേറുന്ന കൊളംബിയയും ഒട്ടും പിറകിലല്ലായിരുന്നു. ഡുവൻ സപാറ്റയും യുവാൻ കോർഡാഡയും നയിക്കുന്ന മുന്നേറ്റ നിരയിൽ തന്നെയാണ് കൊളമ്പിയൻ ആരാധകരുടെയും പ്രതീക്ഷ. കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി അർജന്റീനക്ക് മുന്നിൽ മുട്ടു മടക്കേണ്ടി വന്നിട്ടില്ല എന്ന അനുകൂല ഘടകം കൂടി കൊളംബിയൻ ആവേശം ഒന്നുടെ വർധിപ്പിച്ചു.
കൊളമ്പിയ മത്സര ഗതി മനസിലാക്കുന്നതിനിടയിൽ തന്നെ ലൗറ്റാറോ മാർട്ടിനെസ് കൊളംബിയൻ ഗോളി ഡേവിഡ് ഓസ്പിനയെ വെട്ടിച്ചു അർജന്റീനയെ മുന്നിലെത്തിച്ചു. മെസ്സി നൽകിയ സുന്ദരൻ അസ്സിസ്റ്റാണ് ഗോളിലേക്ക് വഴിവെച്ചത്. കോപ്പ അമേരിക്കയിലെ മറ്റൊരു മെസ്സി മാജിക്കിനാണ് ബ്രസീൽ ഇതിഹാസം ഗാരിഞ്ചയുടെ നാമധേയത്തിലുള്ള സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗോൾ വീണതോടെ പരുക്കൻ കളിയിലേക്ക് നീങ്ങിയ കൊളമ്പിയ അർജന്റീന ഗോൾ മുഖത്തു ഭീതിജനകമായ നിമിഷങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. എണ്ണം പറഞ്ഞ ഷോട്ടുകളാണ് അർജന്റീനിയൻ ഗോൾ വല ലക്ഷ്യമാക്കി പാഞ്ഞടുത്തത്.
രണ്ടാം പകുതിയിൽ ഏതൊരു അർജന്റീന ആരാധകന്റെയും സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി ഇടതു വിങ്ങിലൂടെ ലൂയിസ് ഡയസ് നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിൽ അർജന്റീന പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ചു കൊളംബിയയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.
സബ്സ്റ്റിറ്റൂഷനിലൂടെ കളത്തിലിറങ്ങിയ ഏയ്ജൽ ഡി മരിയ നൽകിയ പാസ് ഗോളിലേക്ക് തിരിച്ചു വിടുന്നതിൽ പരാജയപ്പെട്ടത് അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറ്റി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ കൊളംബിയൻ പ്രതിരോധ വിടവിലൂടെ മെസ്സി തൊടുത്ത ഷോട്ടിന് ഗോൾ പോസ്റ്റ് വിലങ്ങു തടിയായി. ഏയ്ജൽ ഡി മരിയ തന്നെയായിരുന്നു അവിടെയും മികച്ചു നിന്നതു.
നിശ്ചിത സമയത്തു സമനില പാലിച്ചതിനാൽ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ മുഴുവൻ അർജന്റീന ആരാധകന്റെയും ചങ്കിടിപ്പേറിയിരുന്നു കാരണം രണ്ടു കോപ്പ അമേരിക്ക ഫൈനലിലാണ് ചിലിക്കെതിരെ കപ്പിനും ചുണ്ടിനും ഇടയിൽ ആ കനക കിരീടം അടിയറവു വെക്കേണ്ടി വന്നത്.
പക്ഷെ ഇന്നു അർജന്റീനക്ക് പെനാൽട്ടി ഗോൾ മുഖത്തു ഒരു രക്ഷകനുണ്ടായിരുന്നു ദൈവ ധൂതനെപ്പോലെ ആൽബി സെലസ്റ്റകളെ സ്വപ്ന ഫൈനലിലേക്ക് കൈപിടിച്ചുയർത്താൻ അതേ എമിലിയിലാണോ മാർട്ടിനെസ്. യുവാൻ കോർഡാഡോയും ലയണൽ മെസ്സിയും ആദ്യ രണ്ടു കിക്കും ലക്ഷ്യത്തിലെത്തിച്ചു പ്രതീക്ഷകൾക്കു നിറം പകർന്നു. ഡേവിസൺ സാഞ്ചസ് എടുത്ത കിക്ക് തടഞ്ഞു എമിലിയാണോ മാർട്ടിനെസ് തടഞ്ഞു അർജന്റീനക്ക് പ്രതീക്ഷ നൽകിയെങ്കിലും റോഡ്രിഗോ ഡി പോൾ എടുത്ത കിക്ക് പുറത്തേക്ക് പോയത് വീണ്ടും ആശങ്ക വർധിപ്പിച്ചു. തുടർന്നങ്ങോട്ട് യാര മിനയുടെയും കോർണാഡെയുടെയും കിക്കുകൾ തടഞ്ഞു മാർട്ടിനെസ് അർജന്റീനയെ സ്വപ്ന ഫൈനലിലേക്ക് കൈപിടിച്ചുയർത്തി.