അപമാനത്തിന്റെ കയ്പ്പുനീർ ഏറെ കുടിച്ചവൻ ആയിരുന്നു അർജൻറീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർറ്റിനസ്. ഏതൊരു പോരാളിയ്ക്കും ദൈവം താൻ ധീരൻ ആണെന്ന് തെളിയിക്കാൻ ഒരു അവസരം കൊടുക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിൻറെ ജീവിതം.
പല ക്ലബ്ബുകളിലും അദ്ദേഹത്തിന് ഒരു പകരക്കാരന്റെ വേഷം മാത്രമായിരുന്നു കെട്ടിയാടാൻ ഉണ്ടായിരുന്നത്. ഒന്നാം നമ്പർ ഗോൾകീപ്പർ എന്ന പദവിയിലേക്ക് ആരും അദ്ദേഹത്തിനെ ഒരിക്കൽപോലും ഉയർത്തി കാട്ടിയിരുന്നില്ല.
തന്റെ ടീമിലെ ഒന്നാംനമ്പർ ഗോൾകീപ്പർ മാരെ പരിക്ക് പിടികൂടുമ്പോൾ മാത്രം വരുന്ന ഒരു പകരക്കാരന്റെ വേഷം കെട്ടുവാൻ മാത്രമായിരുന്നു ഈ അർജന്റൈൻ ഗോൾകീപ്പർക്ക് ഇതുവരെയും യോഗം. എന്നാൽ ഇന്ന് പുലർച്ചെ അർജൻറീനയെ കോപ്പ അമേരിക്ക ടൂർണ്ണമെൻറ് ഫൈനലിലേക്ക് നടത്തുന്നതിൽ നിർണായകമായത് എമിലിയാനോ മാർട്ടിനെസ് എന്ന് അർജൻറീന പോരാളിയുടെ പോരാട്ടവീര്യം തന്നെയാണ്.

പത്തുവർഷം ആഴ്‌സനൽ ബെഞ്ചിലും വിവിധ ക്ലബുകളിൽ ലോണിലും, രണ്ടാമനായും, മൂന്നാമനായും കളിക്കേണ്ടിവന്ന എമിക്ക് കിട്ടിയ ബ്രെക്ക് കഴിഞ്ഞ സീസണായിരുന്നു. അവിശ്വസനീയമായ ഒരു സീസന്റെ ഒടുവിൽ FAകപ്പ് നേടിയശേഷം വീട്ടുകാരെ വീഡിയോകോൾ ചെയ്യുമ്പോഴും, മീഡിയയോട് സംസാരിക്കുമ്പോഴും അയാൾ കരയുകയായിരുന്നു. ഇന്നിതാ കോപ്പ സെമിയിൽ എണ്ണംപറഞ്ഞ മൂന്ന് ഷൂട്ടൗട്ട്സേവുകൾക്കു ശേഷവും അയാളൊരു കുഞ്ഞിനെപ്പോലെ കരയുകയാണ്..
ഇതായിരിക്കും, ഈ ഒരു നിമിഷമായിരിക്കും ഒരുപക്ഷെ ലൈംലൈറ്റിലില്ലാതിരുന്ന, അവഗണനയുടെയും വെല്ലുവിളികളുടെയും ആ പത്തുവർഷങ്ങൾ അയാൾക്കുവേണ്ടി കരുതിവച്ചത്….
നന്ദി എമി,ഈ ഫൈനൽ ടിക്കറ്റിന് നന്ദി. അതിജീവനത്തിനും തിരിച്ചുവരവിനും നന്ദി. രക്ഷപെടുത്തലുകൾക്ക് നന്ദി. വായുവിനാൽ അപ്പത്താൽ, പ്രതീക്ഷയാൽ.. നന്ദി
ഓരോ അർജൻറീന ആരാധകരുടേയും മനസ്സിൽ നിങ്ങളിപ്പോൾ തന്നെ ഒരിതിഹാസമാണ്….