2017 ഡിസംബർ 10 ഇന്ത്യയിലെ ഏറ്റവും പ്രകൃതി ഭംഗിയാർന്ന ധർമശാല ഗ്രൗണ്ടിൽ ഏകദിന സീരീസിൽ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യക്ക് പക്ഷേ കാര്യങ്ങൾ ഒട്ടും ശുഭകരമായിരുന്നില്ല. ടോസ് നേടി ഫീൽഡ് ചെയ്യാനിറങ്ങിയ ശ്രീലങ്ക അന്തരീക്ഷത്തിലെയും പിച്ചിലെയും ഈർപ്പം പരമാവധി മുതലാക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് കളിക്കാർക്ക് പോലും മനസ്സിലാവുന്നതിനു മുമ്പ് തന്നെ വിഖ്യാതമായ ഇന്ത്യൻ ബാറ്റിങ്ങ് നിര അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയിരിക്കുന്നു.
സുരംഗ ലാക്മൽ – വാസും മലിംഗയും ഒഴികെ വലിയ പാരമ്പര്യമൊന്നും പറയാനില്ലാത്ത ലങ്കൻ പേസ് നിരയിൽ പ്രതീക്ഷ തരുന്നത് ഇയാളാണ്. സീരീസിലെ ആദ്യ ടെസ്റ്റിലെ ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റ് നേടി അയാളത് തെളിയിച്ചതാണ്. ഇവിടെയും ലാക്മൽ കത്തിക്കയറുകയാണ്. ആദ്യ ഓവർ തന്നെ രോഹിതിനെതിരെ മെയ്ഡൻ എറിഞ്ഞ് തുടങ്ങിയ ലാക്മലിനെ പിന്തുടർന്ന് അടുത്ത ഓവറിൽ ഏഞ്ചലോ മാത്യൂസ് റൺ നൽകാതെ ആറാമത്തെ പന്തിൽ ശിഖർ ധവാനെ തിരിച്ചയക്കുമ്പോൾ അത് വരാനിരിക്കുന്ന കൊടുങ്കാറ്റിൻ്റെ ലക്ഷണങ്ങൾ മാത്രമായിരുന്നു.
അഞ്ചാം ഓവറിൽ ഇന്ത്യൻ സ്കോർ രണ്ടിൽ വച്ച് രോഹിതിനെയും 18 പന്തിൽ റൺസെടുക്കാതെ ദിനേശ് കാർത്തികിനെയും പതിനഞ്ച് പന്തിൽ രണ്ട് റൺസ് നേടിയ മനീഷ് പാണ്ഡെയെയും ലാക്മൽ പുറത്താക്കുമ്പോൾ, ഇന്ത്യൻ സ്കോർ നാലിന് 16.. അവസാന പ്രതീക്ഷയെന്നോണം ക്രീസിലേക്ക് നടന്നടുക്കുന്ന ആ മനുഷ്യനിലായി പിന്നീട് എല്ലാ കണ്ണുകളും. അതേ സ്കോറിൽ തന്നെ പുതുമുഖം ശ്രേയസ് അയ്യരെയും 28 ൽ വച്ച് ഹാർദ്ദിക് പാണ്ഡ്യയെയും നുവാൻ പ്രദീപും ഭുവനേശ്വറിനെ ലാക്മലും പുറത്താക്കുമ്പോൾ ഇന്ത്യൻ സ്കോർ 7/29.
റെക്കോർഡുകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ക്രിക്കറ്റിൽ, മിക്ക റെക്കോർഡുകളും ഒരിക്കലെങ്കിലും കരസ്ഥമാക്കിയിട്ടുള്ള ഇന്ത്യയെ കാത്ത് അന്നും ഒരു റെക്കോർഡ് കാത്തു നിൽപ്പുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേടിൻ്റെ റെക്കോർഡ് സിംബാബ്വേയുടെ പക്കൽ നിന്നും വന്നു ചേരാൻ വെറും അഞ്ചു റണ്ണിൻ്റെയും മൂന്ന് വാലറ്റ വിക്കറ്റുകളുടെയും അകലം മാത്രം. ധോണിക്ക് കൂട്ടായി ക്രീസിലുളളത് ,ബാറ്റു കൊണ്ട് തൻ്റെതായ സംഭാവനകളൊന്നും തരാൻ സാധിച്ചിട്ടില്ലാത്ത കുൽദീപ് യാദവും.
ഇന്ത്യൻ ക്രിക്കറ്റ് അന്നോളം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പക്ഷേ ഒരു ദുരന്ത റെക്കോർഡിന് തൻ്റെ ടീമിനെ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. തൻ്റെ രക്തത്തിന്നായി അലറി വിളിക്കുന്നവർക്ക് ഒരു മറുപടി അയാളിൽ നമ്മൾ എന്നും പ്രതീക്ഷിക്കാറുണ്ട്. പന്തു കൊണ്ട് ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു നേരെ കൊലവിളി നടത്തി പതിമൂന്ന് റൺസിന് നല്ല വിക്കറ്റ് നേടിയ ലക്മൽ തൻ്റെ ക്വാട്ട ഇരുപതാം ഓവറിൽ അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ സ്കോർ വെറും 7/35 എന്ന നിലയിലായിരുന്നു.
അത്തരമൊരു സാഹചര്യത്തിൽ ധോണിക്ക് കൂടുതലായൊന്നും ചിന്തിക്കാനുണ്ടായിരുന്നിരിക്കില്ല. മെല്ലെത്തുടങ്ങി കത്തിക്കയറുന്ന ആ ശൈലി അന്താരാഷ്ട്ര വേദിയിൽ ഒരു പക്ഷേ കഴിഞ്ഞ ലോകകപ്പ് മുമ്പ് അവസാനമായി കണ്ടത് അന്നായിരിക്കും. കുൽദീപ് യാദവിൻ്റെ വിക്കറ്റ് തൻ്റേതെന്ന പോലെ കാത്തു സൂക്ഷിച്ച്,നുവാൻ പ്രദീപിനെയും തിസാര പെരേരയെയും ആക്രമിച്ച ധോണി പതുക്കെ സ്കോറുയർത്തി. ഒടുവിൽ കൂട്ടാളികളില്ലാതെ അവസാന ബാറ്റ്സ്മാനായി 87 പന്തിൽ രണ്ട് സിക്സും പത്ത് ഫോറുമടക്കം 65 റൺസ് നേടി പുറത്താവുമ്പോൾ, മികച്ച ബൗളർമാരുള്ള ഇന്ത്യക്ക് പൊരുതി നോക്കാവുന്ന 112 എന്ന ടോട്ടലിൽ എത്തിയിരുന്നു.
ധോണിയേയോ അദ്ദേഹത്തിന്റെ കരിയർ സ്റ്റാറ്റിസ്റ്റിക്സോ ഇനിയും പറയേണ്ട കാര്യമില്ല . അദ്ദേഹം വിരമിക്കാറായോ എന്ന ചർച്ചയും നമുക്കു തൽക്കാലം മറക്കാം. കരിയറിന്റെ സായന്തനത്തിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ, വിക്കറ്റിനു പിന്നിൽ കളി മികവുകൊണ്ടും തന്ത്രങ്ങൾ കൊണ്ടും ഇന്ത്യക്ക് കിട്ടാവുന്ന ഏറ്റവും മികച്ച ചോയ്സ് ധോണി തന്നെയാണ്.
എന്താണ് ധോണിയെ ഇപ്പോഴും വ്യത്യസ്തനാക്കി നിർത്തുന്ന ഘടകം? ഒരിക്കലും അദ്ദേഹത്തിന്റെ ബാറ്റിങ് ആയിരിക്കില്ല. ആ മേഖലയിൽ പല സമകാലികരിലും താഴെയായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം. ടെസ്റ്റിൽ അദ്ദേഹം ഒരു ആവറേജ് കീപ്പറുമായിരുന്നു . അതേ സമയം ധോണിയെ വേർതിരിച്ചു നിർത്തുന്ന ഘടകം അദ്ദേഹം തന്റെ ടീമിനെ നയിക്കുന്ന ( ഇന്ത്യയായാലും ചെന്നൈ സൂപ്പർ കിങ്ങ്സ് ആയാലും) രീതി തന്നെ ആണ്. പരാജയത്തിലേക്ക് പോകുമ്പോഴും അതിന്റെ പ്രതിഫലനങ്ങൾ ശരീരത്തിലും വാക്കിലും കാണിക്കാതെ ടീമംഗങ്ങൾക്ക് പോസിറ്റീവ് എനർജി പ്രദാനം ചെയ്യുകയും പരീക്ഷണങ്ങൾക്ക് മുതിരുകയും ചെയ്യുന്ന , പരാജയമുഖത്ത് നിന്ന് വിജയം പിടിച്ചു വാങ്ങുന്ന ക്യാപ്റ്റൻ കൂൾ ക്രിക്കറ്റിൽ മാത്രമല്ല ഏതു പ്രൊഫഷണലുകൾക്കും മാതൃകയും പ്രചോദനവുമാണ്.
2004ൽ ബംഗ്ലാദേശിനെതിരെ അരങ്ങേറിയ ധോണിയുടെ പൊട്ടൻഷ്യൽ ഇന്ത്യ കണ്ടത് വിശാഖപട്ടണത്ത് പാക്കിസ്ഥാനെതിരെ നേടിയ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് 148 റൺസിലൂടെ ആയിരുന്നു. പിന്നീട് നാളിതുവരെ, മുകളിൽ പറഞ്ഞ ഇന്നിംഗ്‌സ് അടക്കം, തുടർന്ന് ലോകകപ്പ് സെമിയിലും മറ്റു പലതിനും നാം സാക്ഷിയായി.
ലോക ക്രിക്കറ്റിൽ ഹാർഡ് ഹിറ്റിങ്ങ് കപ്പാസിറ്റിയുള്ള വിക്കറ്റ് കീപ്പർമാർ ഒരു പുതു തരംഗം സൃഷ്ടിച്ച 2000ങ്ങളിൽ ഗിൽക്രിസ്റ്റിനെയും മാർക്ക് ബൗച്ചറേയും കുമാർ സംഗക്കാരയേയുമൊക്കെ കണ്ട് തെല്ലൽഭുതവും അസൂയയും തോന്നിയിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആഘോഷിക്കാൻ കിട്ടിയ ഒരു സമ്മാനമായിരുന്നു മുടി നീട്ടിവളർത്തിയ ആ റാഞ്ചിക്കാരൻ. നയൻ മോംഗിയക്ക് ശേഷം തൊണ്ണൂറുകളുടെ അവസാനത്തിൽ സബാ കരീം, MSK പ്രസാദ്, ദീപ് ദാസ് ഗുപ്ത, വിജയ് ദഹിയ, അജയ് രത്ര, പാർത്ഥിവ് പട്ടേൽ തുടങ്ങി പലരേയും പരീക്ഷിച്ച ഇന്ത്യൻ ക്രിക്കറ്റിനും സുരക്ഷിതമായ ഗ്ലൗ കിട്ടിയത് ധോണിയിലായിരുന്നു.
അഭിനന്ദനങ്ങൾ ധോണി, റാഞ്ചിയിലെ ഒരു സാധാരണ ഫാക്ടറി തൊഴിലാളിയായ പാൻ സിംഗിന്റെ മകനായി പിറന്ന്, പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് ലോകത്തോളം വളർന്നതിന്, ഇന്ത്യൻ സ്പോർട്സ് രംഗത്തെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായതിന് … നന്ദി, ഇന്ത്യയിലെ കുഗ്രാമങ്ങളിലെ യുവാക്കൾക്ക് ലോകത്തോളം വളരാനുള്ള സ്വപ്നം കാണാൻ പഠിപ്പിച്ചതിന്, പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷ കൈവിടാതെ മുന്നേറാൻ പ്രചോദനമായതിന്, സർവോപരി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുംബൈ ഓഫീസിലിരിക്കുന്ന രണ്ടു ലോകകപ്പുകൾക്കും ചാമ്പ്യൻസ് ട്രോഫിക്കും ടെസ്റ്റിലെ ഒന്നാം റാങ്കിനും മറ്റനേകം ട്രോഫികൾക്കും…. നന്ദി…