സുരേഷ് വാരിയത്ത്
“എനിക്കറിയാം ഞാൻ ലോകത്തെ മികച്ച ബൗളറല്ലെന്ന് …. പക്ഷേ ഈ നിലയിലെത്താൻ ഞാൻ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്, ഉറക്കമൊഴിച്ചിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്….. എൻ്റെ പാത തിരഞ്ഞെടുക്കുമ്പോൾ കുടുംബം പോലും എതിരായിരുന്നു…. എന്നെ കളിയാക്കാതെ വെറുതെ വിട്ടു കൂടെ?”…..
ഏതാനും മാസങ്ങൾക്കു മുമ്പ് അശോക് ഭീം ചന്ദ്ര ഡിൻഡ എന്ന ഇന്ത്യൻ ക്രിക്കറ്റ് താരം തൻ്റെ സോഷ്യൽ മീഡിയാ പേജിലൂടെ ഇങ്ങനെ ഒരു പോസ്റ്റിടുമ്പോൾ അത് എല്ലാമറിയാമെന്നു കരുതുന്ന, ആരെയും വിമർശിക്കുന്ന ഇന്ത്യൻ സോഷ്യൽ മീഡിയാ ഓൺലൈൻ സെലക്ടർമാരുടെ മുഖത്തേറ്റ ഒരടിയായിരുന്നു.
ക്രിക്കറ്റിലെ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ, പ്രത്യേകിച്ചും പണക്കൊഴുപ്പിൻ്റെ മേളയായ, ഡിൻഡയെപ്പോലെ പ്രാദേശിക ഫസ്റ്റ് ക്ലാസ് രംഗത്ത് കഴിവു തെളിയിച്ചവർ ഒരധികപ്പറ്റായ IPL പോലുള്ള ഷോകളിൽ ഏതൊരു മീഡിയം പേസറേയും പോലെ അയാളും റൺ വിട്ടു കൊടുത്തിട്ടുണ്ടാവാം.
ഒരു ദശാബ്ദക്കാലം സ്ഥിര സാന്നിധ്യമായിരുന്ന T20 രംഗത്ത് അയാൾ ഒരിക്കലും ഒരു ടീമിൻെറയും അവശ്യ ഘടകം ആയിരുന്നില്ലായിരിക്കാം… പക്ഷേ മലയാളികൾക്ക് അനന്തനെയും ഹൈദരാബാദിന് കൻവാൽജിത് സിങ്ങിനെയുമെല്ലാം പോലെ ബംഗാളിന് ഡിൻഡ എല്ലാമെല്ലാമായിരുന്നു.
മൊയ്ന എന്ന, പുറം നാട്ടുകാർ അറിയാത്ത വെസ്റ്റ് ബംഗാളിലെ ഏതോ ഒരു ഉൾഗ്രാമത്തിൽ (അതേ ….. ഇന്നു നമ്മൾ വാഴ്ത്തുന്ന നടരാജൻ്റെ ചിന്നപ്പാം പട്ടി പോലെ ) വളർന്ന അശോകിന് സ്വപ്ന സാക്ഷാൽക്കാരം ഒരിക്കലും ആരും തളികയിൽ വച്ച് നീട്ടിയതായിരുന്നില്ല.
നമ്മുടെയൊക്കെ കുട്ടിക്കാലം പോലെത്തന്നെ കളിച്ചു നടന്നാൽ ഒന്നുമാവില്ല എന്ന കുറ്റപ്പെടുത്തൽ മാത്രം കേട്ടു വളർന്ന അവന് നെറ്റ് പ്രാക്ടീസ് ചെയ്യാൻ പോലും ദിവസം മൂന്നു മണിക്കൂറിലധികം യാത്ര ചെയ്യേണ്ടതായി വന്നു. കഠിനാധ്വാനിയായ ആ യുവാവിന് കൂട്ടായി നിന്നത് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ നായകൻ സാക്ഷാൽ സൗരവ് ഗാംഗുലിയായിരുന്നു.
വികാരനിർഭരമായ തൻ്റെ വിടവാങ്ങൽ ലേഖനത്തിൽ ഡിണ്ട പരാമർശിക്കുന്ന ആദ്യ പേരും ദാദയുടേതു തന്നെ. ദാദയുടെ ഇന്ത്യൻ ടീമിലെ സുവർണ നാളുകളിൽ ബംഗാൾ ടീമിൽ എത്തിയ ഡിണ്ടക്ക് പക്ഷേ നിർഭാഗ്യകരമെന്ന് പറയട്ടേ, തൻ്റെ പ്രകടനം ദേശീയ ശ്രദ്ധ നേടുന്ന സമയമായപ്പോഴെക്കും ഗാംഗുലി ഇന്ത്യൻ ടീമിൽ നിന്നു പടിയിറങ്ങിയിരുന്നു.
അശോക് ഡിണ്ടയുടെ ശക്തികേന്ദ്രമായ ലോങ് സ്പ്പെല്ലുകളെ ഇന്ത്യൻ സെലക്ടർമാർ അവഗണിച്ചു എന്നു വേണം കരുതാൻ. സമകാലികനായ വിനയ് കുമാറിനു (38 ഏകദിനവും ഒരു ടെസ്റ്റും) കിട്ടിയ പോലെ ഒരു ഭാഗ്യം ഏതാണ്ട് അതേ പ്രകടനം പ്രാദേശിക നിലയിൽ പുറത്തെടുത്ത അദ്ദേഹത്തിന് ലഭിച്ചില്ല.
ബംഗാൾ രഞ്ജി ടീമിൻ്റെ ചരിത്രത്തിലെ ഏറ്റവും മികവുറ്റ ബൗളറായ ഡിണ്ടക്ക് ഒരു ടെസ്റ്റ് നൽകാൻ പോലും ഇന്ത്യൻ ക്രിക്കറ്റ് തയ്യാറായില്ല. തൻ്റെ ശൈലിക്ക് അനുയോജ്യമല്ലെന്ന് ആരോപണങ്ങൾ ഉണ്ടായിട്ടും ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ 29 വിക്കറ്റുകൾ നേടാൻ അദ്ദേഹത്തിനായി.
ഇന്ത്യൻ ആഭ്യന്തര രംഗത്ത് തന്നെ മികച്ച ബൗളർമാരിലൊരാളായിരുന്ന ഡിണ്ടയുടെ നേട്ടങ്ങൾ കഴിഞ്ഞ പത്തു വർഷത്തിനിടെ ഭൂരിഭാഗവും എല്ലാ സീസണിലും ലീഡിങ്ങ് വിക്കറ്റ് ടേക്കർ എന്നത് മാത്രമല്ല, ഫസ്റ്റ് ക്ലാസിൽ 417 വിക്കറ്റുള്ള ഇദ്ദേഹത്തിൻ്റെ ബംഗാളിനു വേണ്ടിയുള്ള എക്കാലത്തെയും മികച്ച വിക്കറ്റ് നേട്ടമായ 339 ന് പുറകിൽ നിൽക്കുന്നത് 220 വിക്കറ്റ് നേടിയ രണദേബ് ബോസ് ആണെന്നത് തന്നെ ആ പന്തുകളുടെ കൃത്യത നമുക്ക് പറഞ്ഞു തരുന്നു.
ഒരു ടെസ്റ്റിൽ പോലും അവസരം കൊടുക്കാത്ത ഇന്ത്യൻ ബോർഡ് ഒട്ടനവധി പ്രതിഭകളെയെന്ന പോലെ അശോക് ഡിൻഡയെയും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.