രണ്ടാമ്മത്തെ വിക്കറ്റിനെ പിന്തുടർന്ന് ബാറ്റിങിന് എത്തിയ അസ്ഗർ അഫ്ഗാനെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് നമീബിയ ടീം സ്വീകരിച്ചത് – മികച്ചൊരു ഇന്നിങ്സിന് ശേഷം പുറത്തായി തിരികെ നടക്കുമ്പോൾ സ്റ്റേഡിയത്തിലെ അഫ്ഗാന്‍ ആരാധകര്‍ അവരുടെ മുൻക്യാപ്റ്റന് എഴുന്നേറ്റ് നിന്ന് സല്യൂട്ട് നൽകി, അഫ്ഗാന്‍ ടീമംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി അയാൾക്ക് ഡ്രസിങ് റൂലിലേക്ക് വഴികാട്ടി – അവസാനമായി!
കുട്ടി ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിൽ ഒരാളാണ് അസ്ഗർ അഫ്ഗാൻ, ഒന്നുമില്ലായ്മയിൽ നിന്നും മികച്ച ടിട്വന്റി ടീമുകളിൽ ഒന്നായും ഒരു ടെസ്റ്റ് ടീമായുമെല്ലാം വളർന്ന അഫ്ഗനൊപ്പം വളർന്ന താരം. 2009 ൽ ഇന്റർനാഷണൽ അരങ്ങേറ്റം കുറിച്ച അസ്ഗർ ഇന്നത്തെ നമീബിയ മത്സരത്തോടെ എല്ലാത്തരം ഇന്റർനാഷണൽ ക്രിക്കറ്റിനോടും വിടപറയും എന്ന് നേരത്തെ അറിയിച്ചിരുന്നു.

6 ടെസ്റ്റ് മത്സരങ്ങളും 115 ഏകദിന മത്സരങ്ങളും 76 ടിട്വന്റി മത്സരങ്ങളും അടങ്ങിയതാണ് അസ്ഗർ അഫ്ഗാന്റെ ഇന്റർനാഷണൽ കരിയർ. രണ്ട് സെഞ്ച്വറികളും പത്തൊമ്പത് ഫിഫ്റ്റികളുമായി 4365 റൺസാണ് സമ്പാദ്യം. ഈ വർഷം സിമ്പാബ്വേക്ക് എതിരെ തന്റെ അവസാന ടെസ്റ്റ് ഇന്നിങ്സിൽ 164 റൺസ് നേടിയിരുന്നു.
ടിട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിൽ ഒരാളാണ് അസ്ഗർ അഫ്ഗാൻ. 51 മത്സരങ്ങളിൽ നിന്നും 41 വിജയങ്ങളുമായി 80% തന്റെ വളരെ മികച്ച വിജയ ശതമാനം അഫ്ഗനുണ്ട്. ഇതിൽ ലോംഗസ്റ്റ് വിന്നിങ് സ്ട്രീക്കുകളുടെ റെക്കോഡുകളും ഉൾപടുന്നു. അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് അരങ്ങേറ്റത്തിലും ക്യാപ്റ്റന്‍ അസ്ഗർ ആയിരുന്നു.
ലോകകപ്പിൽ രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കുന്ന സാഹചര്യത്തില്‍ ഇന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ടീമിലെ യുവ താരങ്ങൾക്ക് വലിയ വേദിയിൽ അവസരങ്ങൾ നൽകാൻ ആവണം. തന്റെ അവസാന ഇന്റർനാഷണൽ ഇന്നിങ്സിൽ 23 പന്തിൽ 31 റൺസ് നേടിയാണ് അസ്ഗർ മടങ്ങിയത്.