കേരള ബ്ലാസ്റ്റേഴ്സിൽ ഇനി ടീമിനൊപ്പം ചേരാനുള്ളത് സ്പാനിഷ് സൂപ്പർ സ്‌ട്രൈക്കർ അൽവാരോ വസ്ക്വാസ് ആണ്. അടുത്ത ആഴ്ചയോടെ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. അൽവാരോയുടെ കരിയറിലേക്ക് നമുക്കൊന്ന് നോക്കാം. 2005 ൽ എസ്പാന്യോളിന്റെ യൂത്ത് ടീമിനൊപ്പമാണ് അദ്ദേഹം പ്രൊഫെഷണൽ ഫുട്ബോൾ അഭ്യസിക്കുന്നത്.
2010 ലാണ് അദ്ദേഹം തന്റെ ലാലിഗ അരങ്ങേറ്റം കുറിക്കുന്നത്. റയൽ മാഡ്രിഡിന്റെ വിഖ്യാത നിരക്കെതിരെ രണ്ടാം പകുതിയിൽ സെർജിയോ ഗാർസിയയുടെ പകരക്കാരനായി ഇറങ്ങിയ അൽവാരോക്ക് പക്ഷെ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പിന്നീട് തന്റെ കഠിനാധ്വാനം കൊണ്ട് അദ്ദേഹം ടീമിന്റെ മെയിൻ സ്‌ക്വാഡിൽ സ്ഥിരസാന്നിധ്യമായി.
ഇറ്റാലിയൻ സ്‌ട്രൈക്കർ ഡാനി ഓസ്‌വാൾഡോയുടെ ബാക്കപ്പ് ആയിരുന്ന അൽവാരോ വാസ്‌ക്വാസിനെ, 2011 ൽ റോമയിലേക്ക് ചേക്കേറിയ ഓസ്‌വാൾഡോക്ക് പകരം ഫസ്റ്റ് ഇലവനിലേ സ്‌ട്രൈക്കറായി പരിശീലകൻ മൗറിസിയോ പോച്ചേറ്റിനോ അവതരിപ്പിച്ചു.
2012 – 13 സീസൺ കാലയളവിൽ ഗെറ്റാഫെയിൽ സാന്നിധ്യമറിയിച്ച ശേഷം 2013 ൽ അദ്ദേഹം സ്വാൻസി സിറ്റിയിലൂടെ ലോൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗിലേക്കെത്തി. മൈക്കൽ ലാന്ദ്രപ്പിന്റെ എട്ടാമത്തെ സ്പാനിഷ് സൈനിങ്ങായായിരുന്നു സ്വാൻസിയിലേക്കെത്തിയത്. ക്രിസ്റ്റൽ പാലസിനെതിരെ തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ തന്നെ 2 ഗോളിന് വിജയിച്ച കളിയിൽ രണ്ടാം ഗോളിന് വഴിയൊരുക്കികൊണ്ട് അദ്ദേഹം അവിടെ തന്റെ അധ്യായം തുടങ്ങി.
2016 ൽ നാല് വർഷ കരാറിൽ എസ്പാന്യോളിൽ തിരിച്ചെത്തിയ അൽവാരോക്ക് പക്ഷെ അവസരങ്ങൾ നന്നേ കുറഞ്ഞു പോയി എന്നത് തിരിച്ചടിയായി. ആ നാലു വർഷത്തിൽ അവസാന വർഷം ജിംനാസ്റ്റിക് എന്ന ക്ലബ്ബിലേക്ക് ലോണിൽ അയക്കപ്പെടുകയും ചെയ്തു.2018-19 സീസണിൽ സരഗോസയിൽ ലോണിൽ കളിച്ച അൽവാരോയെ അതിന് പിന്നാലെ ജിജോൺ സ്വന്തമാക്കി. അൻപതിലേറെ മത്സരത്തിൽ കളിച്ച താരത്തിന് പ്രതിഭക്കൊത്ത പ്രകടനം നടത്താനായോ എന്നത് സംശയമാണ്.
അവിടെ നിന്ന് സബദേലിൽ ലോണിൽ കളിച്ച ശേഷമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കരിയർ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിനിൽക്കുന്നത്. കരിയറിൽ അടുത്തിടെ മോശം ഫോമിൽ തുടരുന്ന അൽവാരോക്ക് ISL ലൂടെ തന്റെ പ്രതിഭയിലേക്ക് തിരിച്ചെത്തേണ്ടത് ആവശ്യകതയാണ്. അതോടൊപ്പം ബ്ലാസ്റ്റേഴ്സിനെ അവരുടെ മോശം പ്രകടത്തിന്റെ കാലത്ത് നിന്ന് മുന്നോട്ടു കുതിക്കാൻ മുന്നിൽ നിന്ന് നയിക്കേണ്ട ചുമതലയും അൽവാരോക്കാണ്
ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകവൃന്ദം അദ്ദേഹത്തിന്റെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു. യാതൊരു മുൻവിധികളുമില്ലാതെ ഒരു പുതിയ താരത്തെ അവർ വരവേൽക്കുന്നു. ടീമിന്റെ വിജയത്തിൽ ആവേശമായും തോൽവികളിൽ ആശ്വാസമായും നിൽക്കുന്ന മഞ്ഞപ്പട ഒരു കിരീടം അർഹിക്കുന്നു. അത് നൽകാൻ ബ്ലാസ്റ്റേഴ്‌സിനും അതിന് വേണ്ടി പോരാടാൻ ഇവാൻ വുകോമനോവിച്ചിന്റെ സംഘവും കച്ചകെട്ടിയിറങ്ങുകയാണ്. കേരളത്തിന്റെ സ്വന്തം കൊമ്പന് ആ തങ്കതിടമ്പണിയാൻ സാധിക്കട്ടെ