ഗെറ്റാഫക്കെതിരായ ലീഗ് മത്സരത്തിൽ കളത്തിലിറങ്ങിയ ഗാരെത് ബേലിനെ വിസിലടിച്ച റയൽ മാഡ്രിഡ് ആരാധകരെ രൂക്ഷമായി വിമർശിച്ച് ക്ലബിന്റെ മധ്യനിര താരം കസമീറോ. റയൽ മാഡ്രിഡ് എന്ന ക്ലബിന്റെ ചരിത്രത്തിന്റെ ഭാഗമായ ഒരു താരമാണ് കസമീറോയെന്നും അദ്ദേഹത്തെ വിസിലടിക്കുന്ന ആരാധകർ ക്ലബിന്റെ ചരിത്രത്തിനെതിരെ തിരിയുകയാണെന്നും കസമീറോ പറഞ്ഞു.
റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ പകരക്കാരനായാണ് ബേൽ കളത്തിലിറങ്ങിയത്. സാന്റിയാഗോ ബെർണാബു മൈതാനത്ത് 2020 ഫെബ്രുവരിക്കു ശേഷം താരം കളിച്ച ആദ്യത്തെ മത്സരമായിരുന്നു അത്. എന്നാൽ ആരാധകർക്ക് അപ്രിയനായ താരത്തെ വിസിൽ മുഴക്കിയും കൂക്കിയുമാണ് അവർ മൈതാനത്തേക്ക് സ്വാഗതം ചെയ്‌തത്.
“ഒരു കളിക്കാരനു നേരെ വിസിൽ മുഴക്കുമ്പോൾ ടീമിലുള്ള ഞങ്ങളെല്ലാവർക്കും എതിരെയാണ് അതു മുഴങ്ങുന്നത്. ഇത് സംഭവിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല. നമ്മൾ അദ്ദേഹത്തെ പിന്തുണക്കണം. ബേലിനെതിരെ നിങ്ങൾ അന്നു വിസിലടിച്ചത് എനിക്ക് ഇഷ്‍ടമായില്ല, ക്ലബിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ഒരു താരമാണ് അദ്ദേഹം.”
“നിങ്ങൾ ഇതുപോലെയൊരു താരത്തിനു നേരെ വിസിൽ അടിക്കുമ്പോൾ ക്ലബിന്റെ ചരിത്രത്തിനു നേരെക്കൂടിയാണ് വിസിൽ മുഴക്കുന്നത്. നമ്മൾ ഒരുമിച്ച് നിൽക്കുമ്പോഴാണ് കെട്ടുറപ്പുണ്ടാകുന്നത്. ഇക്കാര്യത്തിൽ അവസാനമായി ഒന്നുകൂടി ബെർണാബുവിലെ ആരാധകരോട് പറയുന്നു. ഞങ്ങൾ നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.” കസമീറോ വ്യക്തമാക്കി.