ആവേശം ക്ലബ് സ്പോർട്സ് കമ്മ്യൂണിറ്റിയിൽ കുഞ്ഞില്ലത്ത് ഭാരതീയൻ പ്രമോദ് എഴുതുന്നു. ലോകം കാത്തിരുന്ന മനോഹരമായ നിമിഷമായിരുന്നു 2021 പ്രീമിയർ ലീഗ് ഉത്ഘാടന മത്സരം സാക്ഷ്യം വഹിച്ചത്. ഒരു വർഷത്തിൽ ഏറെയായി ലോകം അണിഞ്ഞിരിക്കുന്ന മൂടുപടം ഇല്ലാതെ, നിറഞ്ഞു കവിഞ്ഞ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്റെ സമ്മോഹന കാഴ്ച ബ്രെന്റ്ഫോഡ് സ്റ്റേഡിയം കാണിച്ചു തന്നു…
നീണ്ട 74 വർഷത്തെ കാത്തിരിപ്പിനു വിരാമം ഇട്ട് ഇത്തവണ രാജകീയമായി പ്രീമിയർ ലീഗിലേക്ക് തിരിച്ചു വന്ന അവർ ആവേശ തേരിൽ ആറാടി വന്ന സ്വന്തം കാണികളുടെ മുന്നിൽ അർസനലിനെ തെല്ലും ഭയന്നില്ല എന്ന് മാത്രമല്ല നിരന്തരം ആക്രമണം അഴിച്ചു വിട്ടു..19 ആം മിനുട്ടിൽ ഫ്രഞ്ച് സ്ട്രൈക്കർ മ്ബ്യുമോ അടിച്ച മനോഹരമായ ഷോട്ട് വലതു പോസ്റ്റിൽ ഇടിച്ചു മടങ്ങിയപ്പോൾ വരാനിരിക്കുന്ന ബ്രൻഡ്‌ഫോഡ് വസന്തത്തിന്റെ ഇടിമുഴക്കാമായിരുന്നു അത്…
22 ആമത്തെ മിനുട്ടിൽ ആ വസന്തം പൂത്തു സ്പാനിഷ് സ്ട്രൈക്കർ കാനോസ് നിരുപദ്രവം ആയ ഒരു നീക്കത്തിലൂടെ ദുർബലമായ വലതു ബാക്ക് ചെമ്പേഴ്സിനെയും ഇന്ന് തീരെ ഫോമിൽ അല്ലായിരുന്ന ഗോളി ബ്രണ്ട് ലെനോയെയും കാഴ്ചക്കാരനാക്കി ഫസ്റ്റ് പോസ്റ്റിൽ കൂടി നിറയൊഴിച്ചു 2021 സീസണിലെ ആദ്യ ഗോളിനുടമ ആയി…
ജേഴ്സിയുടെ പിറകിലുള്ള പേരിനെക്കാൾ നെഞ്ചിലെ ലോഗോയെ മനസ്സിൽ ഏറ്റി കളിച്ച ബ്രൻഡ്‌ഫോഡ് താരങ്ങൾ അക്ഷരർത്ഥത്തിൽ അർസനലിനെ വാരിക്കളഞ്ഞു… ലകസറ്റെയും ഒബാമായങ്ങും ഇല്ലാതെ ഇറങ്ങിയ അർസനലിന്റെ അക്രമണ നിരയിൽ ബാലോഗനും ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് മാർട്ടിനെല്ലിയും നിറം മങ്ങിയപ്പോൾ രണ്ടാം പകുതിയിൽ സാക്ക ഇറങ്ങിയപ്പോൾ മുതൽ അഴ്സണൽ തിരിച്ചു വരവിനുള്ള ശ്രമം തുടങ്ങി.
സ്മിത്ത് റോവും ഷക്കയും പേപ്പയും ഒന്നാം തരം അവസരങ്ങൾ തുലച്ചപ്പോൾ 66 ആം മിനുട്ടിൽ ഒരു നെടു നീളൻ ത്രോയിൽ നിന്നും നോഗ്രാഡ് ലെനോയുടെയും ചമ്പേഴ്സിന്റെയും മറ്റൊരു പിഴവിൽ നിന്ന് മുതലെടുത്തു ഒരു ഹെഡറിൽ കൂടി രണ്ടാം ഗോളും നേടി… കളിയുടെ സമസ്ത മേഖലയിലും ആത്മ വിശ്വാസത്തോടെ സ്വന്തം കാണികൾക്ക് വേണ്ടി ടീമിന് വേണ്ടി പൊരുതിയ ബ്രൻഡ്‌ഫോഡ് ഒത്തിണക്കത്തിന്റെയും കൂട്ടായ്മയുടെയും സുവർണ ചിത്രങ്ങൾ ആണ് വരച്ചു കാണിച്ചത്..
60 ആം മിനുട്ടിൽ യുറോ ദുരന്ത നായകൻ സാക്ക ഗ്രൗണ്ടിലേക്ക് വരുമ്പോൾ വർണവിവെചനത്തിന് എതിരെ സപ്പോർട് എന്ന പ്ലേക്കാർഡ് ഉയർത്തി മുഴുവൻ ബ്രൻഡ്‌ഫോഡ് ആരാധകരും സ്റ്റാൻഡിങ് ഓവേഷൻ നൽകിയത് ഫുട്ബോൾ എന്ന മാനവിക കളിയുടെ ഉദാത്ത മാതൃകയായി… ആവേശ ത്തിമർപ്പിൽ അർസനലിന്റെ രക്തം രുചിച്ച ബ്രൻഡ്‌ഫോഡിന് പിന്നെ എല്ലാം എളുപ്പമായിരുന്നു..
.തോമസ് ഫ്രാങ്ക് എന്ന ഡെന്മാർക്ക് കോച്ച് അതിരുന് പുറത്തിരുന്നു കരുക്കൾ നീക്കിയപ്പോൾ അയാളുടെ കയ്യിലെ പാവകൾ ആയി മാറി ഓരോ ബ്രൻഡ്‌ഫോഡ് കളിക്കാരനും… കളിക്കാരുടെ പേരോ അവരുടെ ശമ്പളമോ അല്ല മറിച് ഓരോ ദിവസവും ഓരോ ടീമും കാഴ്ചവെക്കുന്ന അസാധാരണ പോരാട്ടങ്ങൾ ആണ് പ്രീമിയർ ലീഗിന്റെ അപ്രവചന സൗന്ദര്യം.. അത് തന്നെ ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും ആരാധകർ ഉള്ള ലീഗ് ആയി മാറുന്നതും… വരുന്ന രണ്ടു ഫിക്ചറുകളിൽ ചെൽസിയോടും സിറ്റിയോടും കളിക്കേണ്ടി വരുന്ന അർസനലിന്റെ ഏറ്റവും ഭയാനകമായ സീസൺ ആയിരിക്കും ഇതെന്ന് സംശയിച്ചാൽ കുറ്റം പറയാൻ ആവില്ല..
അറു പിശുക്കന്മാരായ അഴ്സണൽ ബോർഡിന്റെ ടീമിനോടുള്ള സമീപനം തുടർന്നാൽ അത് വലിയൊരു ദുരന്തത്തിലേക്ക് ആയിരിക്കും നയിക്കുക.. കടുത്ത പ്രീമിയർ ലീഗിൽ പിടിച്ചു നിൽക്കണം എങ്കിൽ നല്ല താരങ്ങൾ ടീമിലേക്ക് വന്നേ മതിയാകൂ… എന്തായാലും മനസ്സ് നിറച്ച മനോഹര കാഴ്ച ആയിരുന്നു ബ്രൻഡ്‌ഫോഡ് സ്റ്റേഡിയം കാണിച്ചു തന്നത്… ലോകത്തിനെ പിടിച്ചു വിഴുങ്ങിയ മഹാ മാരിയെ വകഞ്ഞുമാറ്റി ഇഴകലർന്നു സന്തോഷിക്കുന്ന അര്മാദിക്കുന്ന മനുഷ്യരുടെ മനോഹര ചിത്രം ഭാരതം കൊതിയോടെ നോക്കി നിൽക്കും…