അറ്റലാന്റയുടെ ഹോം സ്റ്റേഡിയമായ ബെർഗാമോയിൽ CR7 റൊണാൾഡോ നേടുന്ന ഇരട്ടഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവിയിൽ നിന്ന് രക്ഷപ്പെടുന്നത്. മത്സരശേഷം യുണൈറ്റഡ് പരിശീലകനായ സോൾഷ്യയർ മത്സരത്തിലെ ഹീറോയായ ക്രിസ്ത്യാനോ റൊണാൾഡോയെ പറ്റി മനസ്സ് തുറന്നു സംസാരിച്ചിരിക്കുകയാണ് . നിലവിൽ ജീവിച്ചിരിക്കുന്നവരിൽ വെച്ച് ഏറ്റവും മികച്ച ഗോൾ സ്കോറർ ആണ് റൊണാൾഡോയെന്നും ഒപ്പം തന്റെ യുണൈറ്റഡ് ജേഴ്സിയിലുള്ള ഗോൾ നേട്ടം CR7 മറികടന്നതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു .
” ക്രിസ്ത്യാനോ റൊണാൾഡോ അവിശ്വസനീയമാണ്, അവസാന നിമിഷങ്ങളിൽ പന്ത് വലയിലെത്തിക്കാൻ വേണ്ടി നിങ്ങൾ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, അത് CR7 ആണ് . ജീവിച്ചിരിക്കുന്നവരിൽ വെച്ച് ഏറ്റവും മികച്ച ഗോൾ സ്‌കോറർ റൊണാൾഡോ ആണ്. ഒരു കാര്യം പറയാൻ എനിക്ക് അൽപ്പം ബുദ്ധിമുട്ടാണ്, കാരണം റൊണാൾഡോ മത്സരത്തിൽ നേടിയ രണ്ട് ഗോളുകളുമായി എന്നെ മറികടന്നിരുക്കുന്നു,
ഇപ്പോൾ റൊണാൾഡോ എന്നെക്കാൾ ഒരു ഗോൾ അധികം മാഞ്ചസ്റ്റർ യുണൈറ്റഡിനായി സ്കോർ ചെയ്തിരുക്കുന്നു ( ഒലെ ഗുന്നാർ സോൾഷ്യയർ യുണൈറ്റഡ് ജേഴ്സിയിൽ നേടിയത് 126 ഗോളുകൾ ആണ്, റൊണാൾഡോയുടെ യുണൈറ്റഡ് ജേഴ്സിയിലെ ഗോൾനേട്ടം ഇപ്പോൾ 127 ആയി ഉയർന്നു ) . പക്ഷേ അത് നന്നായി! ” – എന്നാണ് ഒലെ ഗുന്നാർ സോൾഷ്യയർ ബീയിൻ സ്പോർട്സിനോട് സംസാരിക്കുമ്പോൾ പറയുന്നത്.
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ ഈ സീസണിൽ ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി പ്രീമിയർ ലീഗിൽ 7 മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളും ഒരു അസ്സിസ്റ്റും യുവേഫ ചാമ്പ്യൻസ് ലീഗിൽ 4 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും നേടി മിന്നുംഫോമിലാണ് ഈ 36-കാരൻ കളിച്ചുകൊണ്ടിരിക്കുന്നത്.
ചുവന്ന ചെകുത്താന്മാരുടെ ആരാധകർ കാത്തിരിക്കുന്ന വലിയ നേട്ടങ്ങളിലേക്ക് കപ്പലിലൂടെ ലോകം ചുറ്റിയ വാസ്കോ ഡ ഗാമയുടെ പിൻതലമുറക്കാരനായ CR7 എന്ന പോർച്ചുഗീസുകാരൻ പടനയിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്തത്തിന്റെ നിറമുള്ള എണ്ണിയാലൊടുങ്ങാത്ത ചരിത്രനേട്ടങ്ങൾ പറയുന്ന ചുവന്ന പതാകയുള്ള കപ്പൽ വിജയതീരമണയുമോ എന്ന് കാത്തിരുന്നു കാണാം…