ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോൾ ആരാധകർക്ക് കണ്ണു നിറഞ്ഞു കവിഞ്ഞു എങ്കിൽ അതിന് ഒരേയൊരു കാരണം ചേതൻ സക്കറിയ എന്ന ഈ ചെറുപ്പക്കാരൻ ആണ്. ഈ IPL-ൽ ഓരോ കളിയിലും തനിക്ക് പറ്റാവുന്നതിലും കൂടുതൽ നന്നായി പന്തെറിഞ്ഞ ചേതൻ സക്കറിയ എന്ന പരിചയ സമ്പത്ത് കുറഞ്ഞ ഒരു ബൗളർ ഓരോ മത്സരം കഴിയുന്തോറും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കുകയായിരുന്നു.
ചേതന്റെ സഹോദരൻ മരിച്ചു ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും വിളി വന്നത്. ടെമ്പോ ഡ്രൈവറുടെ മകനായ ചേതൻ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഐപിഎല്ലെന്ന സ്വപ്നവേദിയിലെത്തിയത്. എല്ലാവർക്കും പ്രചോദനമാകുന്ന ജീവിതം ആണ് ചേതന്റേത്.
തന്റെ അച്ഛൻ കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജസ്ഥാൻ റോയാൽസിൽ നിന്നു കിട്ടിയ തുക കൊണ്ട് ആയിരുന്നു ബില്ല് അടച്ചത്. പക്ഷെ നിർഭാഗ്യവശാൽ അദ്ദേഹം മരണപ്പെട്ടു. ഈ വാർത്ത കേൾക്കാൻ തന്റെ അച്ഛൻ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ എന്നായിരുന്നു തന്നെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്ത വാർത്ത അറിഞ്ഞപ്പോൾ ചേതൻ പ്രതികരിച്ചത്.
1998 ഫെബ്രുവരി 28 ന് ഗുജ്‌റാത്തിലെ ഭാവ്നഗറിൽ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ചേതന്റെ ജനനം. ഒരു പാട് കഷ്ടപാടുകൾക്കൊടുവിൽ അവന്റെ സ്വപ്ന നേട്ടമായ ക്രിക്കറ്റിലേക്ക് ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ആയാണ് വന്നത്. ഡോമെസ്റ്റിക്കിൽ സൗരാഷ്ട്രയ്ക്ക് വേണ്ടിയാണ് ചേതൻ പന്ത് എറിയുന്നത്.
സൗരാഷ്ട്രയിൽ നിന്ന് IPL ലേക്ക് ഉള്ള വരവ് ഈ വർഷമായിരുന്നു . രാജസ്ഥാൻ റോയൽസിന്റെ മികച്ച കണ്ടെത്തൽ ആണ് ചേതൻ. നിലവിൽ രാജസ്ഥാന്റെ മികച്ച ബൗളർമാരിൽ ഒരാൾ ആണ് സക്കറിയ. മികച്ച ബൗളറിനപ്പുറത്തു ഒരു മികച്ച ഫീൽഡർ കൂടിയാണ് ഈ യുവ താരം. ഗ്രൗണ്ടിൽ ഇളം പുഞ്ചിരിയോടെ മാത്രമേ സക്കറിയയെ കാണാൻ കഴിയുകയുള്ളൂ, വേദനകൾ ഉള്ളിലൊളിപ്പിച്ച നീറുന്ന ചിരി.