in

എല്ലാത്തരം ക്രിക്കറ്റിനോടും വിടപറഞ്ഞ് ക്രിസ് മോറിസ്! 34 ാം വയസിൽ വിരമിക്കൽ തീരുമാനം എടുത്ത് ഓൾറൗണ്ടർ..

സൗത്ത് ആഫ്രിക്കൻ പേസ് ഓൾറൗണ്ടർ ക്രിസ് മോറിസ് എല്ലാത്തരം ക്രിക്കറ്റിനോടും വിടപറയുന്നു. പരിക്കുകളാൽ വേട്ടയാടപ്പെട്ട കരിയറിന് ഉടമയായ ക്രിസ് മോറിസ് വിരമിക്കൽ തീരുമാനം എടുക്കുന്നത് 34 ാം വയസിലാണ്. IPL ലെ എക്കാലത്തെയും റെക്കോഡ് തുകയായ 16.25 കോടിക്ക് ഉടമയായ മോറിസ് അപ്രതീക്ഷിതമായി ആണ് കരിയറിന് തിരശ്ശീല ഇടുന്നത്. 2019 ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി സൗത്ത് ആഫ്രിക്കൻ കുപ്പായം അണിഞ്ഞത്.

2012 ഡിസംബറിൽ സൗത്ത് ആഫ്രിക്കൻ ടീമിന് വേണ്ടി ടിട്വന്റി അരങ്ങേറ്റം നടത്തിയ മോറിസ് 2013 ൽ ഏകദിനത്തിലും പിന്നീട് 2016 ൽ ടെസ്റ്റ് ടീമിലും അരങ്ങേറ്റം നടത്തി. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 2012 കാലയളവില്‍ ആണ് IPL അരങ്ങേറ്റം നടത്തുന്നത്. കളിച്ചിടത്ത് എല്ലാം ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്താൻ ഈ ഓൾറൗണ്ടർക്ക് കഴിഞ്ഞു. 23 ടിട്വന്റി മത്സരങ്ങൾ, 42 ഏകദിന മത്സരങ്ങൾ ഒപ്പം നാല് ടെസ്റ്റ് മത്സരങ്ങൾ എന്നിവ അടങ്ങിയതാണ് മോറിസിന്റെ ഇന്റർനാഷണൽ കരിയർ.

ബൗളിങ് ഓൾറൗണ്ടർ ടാഗിൽ എത്തിയ മോറിസ് കൂറ്റൻ സിക്സറുകൾ നേടാനുള്ള തന്റെ ശേഷി പലപ്പോഴും പുറത്തെടുത്തു. 774 റൺസ് ആണ് മൂന്ന് ഫോർമാറ്റിലും ആയി മോറിസിന്റെ സമ്പാദ്യം – മൂന്ന് ഫോർമാറ്റിലും ഓരോ 50+ സ്കോറുകളും ഉണ്ട്. ഈ കാലയളവില്‍ 94 ഇന്റർനാഷണൽ വിക്കറ്റുകൾ നേടാനും മോറിസിന് കഴിഞ്ഞു. അവസാനം ആരംഭിച്ച ടെസ്റ്റ് കരിയർ ആണ് ആദ്യം അവസാനിച്ചത്, 2017 അവസാന ടെസ്റ്റും 2019 ലോകകപ്പിൽ അവസാന ഏകദിന മത്സരവും കളിച്ച മോറിസ് 2019 മാർച്ചിൽ ആണ് ഒടുവിലെ ടിട്വന്റി കളിച്ചത്.

പിന്നീട് ടീമിൽ നിന്നും പുറത്തേക്ക് പോയി എങ്കിലും IPL ഉൾപടെയുള്ള വേദികളില്‍ സ്ഥിര സാന്നിധ്യമായി തുടർന്നു. 2020 IPL ന് മുന്നോടിയായി 10 കോടി എന്ന വലിയ തുകക്ക് റോയൽ ചലഞ്ചേർസ് ബാംഗ്ലൂറിന്റെ ഭാഗമായി. ഡെത്ത് ബൗളർ ആയി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും 2021 സീസണിന് മുന്നെ RCB റിലീസ് ചെയ്തു, കുറച്ചു കൂടി കുറഞ്ഞ തുകക്ക് സ്വന്തമാക്കാം എന്ന പ്രതീക്ഷയോടെ! പക്ഷെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് IPL ഓക്ഷനിൽ മോറിസ് റെക്കോഡ് ഇട്ടു, ഇത്തവണ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 16.25 കോടിക്ക്! പക്ഷെ പ്രകടനങ്ങൾ മോശമായി!

2013 IPL ലൂടെ യാണ് മോറിസ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. CSK ക്ക് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ച മോറിസ് 16 മാച്ചുകളിൽ നിന്നും 15 വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി. അതിന് ശേഷം 2014 IPL നഷ്ടമായി എങ്കിലും 2015 ൽ രാജസ്ഥാൻ റോയൽസിലെത്തി. പിന്നീട് ഡൽഹി ഡെയർഡെവിൾസ് ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 81 IPL മത്സരങ്ങളിൽ നിന്നും 155 പ്രഹര ശേഷിയോടെ 618 റൺസും 95 വിക്കറ്റുകളും ആണ് മോറിസിന്റെ സമ്പാദ്യം.

IPL കരിയറിലെ ഏറ്റവും വലിയ ഹൈലൈറ്റ് കഴിഞ്ഞ ലേലത്തിലെ വൻ തക തന്നയാണ്. ഏറ്റവും മികച്ച പ്രകടനം ഒരു പക്ഷേ ഫിറോസ് ഷാ കോട്ലയിൽ ഗുജറാത്ത് ലയൺസിന് എതിരെ നേടിയ 32 ബോൾ 82 തന്നയാവും. അന്ന് 8 പടുകൂറ്റന്‍ സിക്സറുകൾ ഉൾപടെ നേടിയിട്ടും ഒടുവിൽ ഒരു റൺസ് അകലെ വീണുപോയ മോറിസ് ആരാധകരുടെ മനം കവർന്നിരുന്നു. അടുത്ത മാസം IPL ഓക്ഷൻ നടക്കാനിരിക്കെ വീണ്ടും ഒരു വലിയ തുകക്ക് വിറ്റുപോയേക്കാവുന്ന പ്ലയർ ആയിരുന്നു മോറിസ്, പക്ഷെ അയാളുടെ തീരുമാനം കരിയർ അവസാനിപ്പിക്കാനാണ്. ഇനി പുതിയ റോളുകളിൽ പ്രതീക്ഷിക്കാം.!

എട്ടാം ഡിവിഷനിൽ നിന്ന് പ്രീമിയർ ലീഗ് ജേതാവിലേക്ക്…

സന്തോഷിക്കാൻ ആയിട്ടില്ല ഇനിയും കുറച്ച് വലിയ പണികൾ കൂടി ബാക്കിയുണ്ട്: ബ്ലാസ്റ്റേഴ്സ് പരിശീലകൻ…