in

തീയുണ്ട തുപ്പുന്ന സൗത്ത് ആഫ്രിക്കൻ ഡെയിൽ സ്റ്റെയ്ൻ റോക്കറ്റ്‌

ടെസ്റ്റ്‌ ക്രിക്കറ്റിലെ 500 വിക്കറ്റ് ക്ലബ്ബിലേക്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു സങ്കടമുണ്ട് അവിടെ എന്റെ തലമുറയിലെ മികച്ച ഫാസ്റ്റ് ബൗളറെന്ന് ഞാൻ വിശ്വസിക്കുന്ന സ്‌റ്റെയ്‌നിന്റെ നാമം കാണാൻ സാധിക്കാത്തതിനാൽ,
ഒരുപക്ഷെ അതയാളുടെ നഷ്ടത്തെക്കാൾ ആരാധകരുടെ നഷ്ടമായേക്കാം, അയാൾ എന്തായിരുന്നെന്ന് ആ ഫാസ്റ്റ് ബൗളിംഗ് പാടവം നേരിട്ട് വീക്ഷിച്ചവർക്ക് നന്നായറിയാം, ആ മഹത്തരമായ ക്ലബ്ബിൽ അംഗമാവാൻ സാധിച്ചിട്ടില്ലെങ്കിലും അയാൾ ഇന്നും ഈ കാലഘട്ടത്തിലെ ക്രിക്കറ്റ്‌ ആരാധകർക്ക് മികച്ചവനാണ്, അതിൽ സംശയം പുലർത്തുന്നവർ കുറവുമായിരിക്കും…..

പക്ഷെ വരാനിരിക്കുന്ന കാലങ്ങളിൽ കൂടുതൽ വിക്കറ്റ് നേടിയവരുടെ നാമങ്ങളുടെ അടിസ്ഥാനത്തിൽ സ്റ്റെയ്നിനെ പിറകിലോട്ട് നിർത്തുന്ന ഒരു തലമുറ ജൻമം കൊണ്ടേക്കാം അവിടെ പരിക്കുകൾ വിടാതെ പിന്തുടർന്നത് കൊണ്ട് മാത്രമാണയാൾ 500എന്ന ക്ലബ്ബിലേക്ക് എത്താൻ സാധിക്കാതെ വന്നതെന്ന് നമ്മൾ വാദിക്കുമ്പോൾ അവർ പറഞ്ഞേക്കാം ഫിറ്റ്‌നസ്സും നിലനിർത്തേണ്ടത് ഓരോ ബൗളറുടെ കടമയാണ്, അതിൽ സ്റ്റെയ്ൻ വിജയിച്ചില്ലല്ലോ എന്ന്…. സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ കൊണ്ട് മാത്രം വിലയിരുത്തി ക്രിക്കറ്റ്‌ അക്കങ്ങളുടെ കളിയാണെന്ന് അവർ പറയുമ്പോൾ, ഒന്നും ഉരുവിടാതെ നമ്മൾ ആ പഴയ കാലമൊന്ന് മനസിൽ പുനരാവിഷ്കരിക്കും,…

ന്യൂബോളുമായി ഓടിയടുക്കുന്ന ആ ആക്രമണോല്സുകത നിറഞ്ഞു തുളുമ്പുന്ന ആ മുഖം മനസിലേക്ക് വരും, അയാളെ നേരിടാൻ നിൽക്കുന്ന ഓപ്പണിങ് ബാറ്റസ്മാൻമാർ ആ ഔട്ട് സ്വിങ്ങറുകൾ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടാവും അവർക്കറിയാം ആ ബോൾ ഫുൾ ലെങ്ങ്തിൽ ആവും പിച്ച് ചെയ്യുകയെന്ന്, അവർക്കറിയാം ഓഫ്‌ സ്റ്റമ്ബ് ലൈനിലാവും ആ ബോൾ എത്തുകയെന്നും, പക്ഷെ എന്നിട്ടും ആ ബാറ്റിന്റെ എഡ്ജ് എടുത്തു ആ ബോൾ പോവുമ്പോൾ അവർ അവിശ്വസനീയതയോടെ അയാളെ നോക്കുന്നതും ഓർമയിൽ എത്തിയേക്കാം,ആ ഔട്ട് സ്വിങ്ങർ അതയാൾക്ക് മാത്രം അവകാശപെട്ടതായിരുന്നു, അയാളേക്കാൾ മികച്ച രീതിയിൽ ആ ബോൾ ഉപയോഗിച്ചവർ ഉണ്ടായേക്കാം പക്ഷെ തന്റെ കരിയറിനുടനീളം അയാളേക്കാൾ സ്ഥിരതയോടെ ഉപയോഗിച്ചവർ കുറവായിരിക്കും, ഒരിക്കലും ആ ഔട്ട് സ്വിങ്ങർ അധികമൊന്നും വ്യതിചലിക്കാറില്ല പക്ഷെ ആ ചെറിയ വ്യതിചലനമായിരുന്നു അയാൾക്ക് വേണ്ടിയിരുന്നത്,ബാറ്റ്സ്മാൻ ഷോട്ടിന് ശ്രമിക്കുമ്പോൾ അധികം ചലിക്കാതെ ബാറ്റിനെ ചെറുതായൊന്നു ഉമ്മ വെച്ചു കീപ്പറുടെ ഗ്ലൗസിലേക്കോ സ്ലിപ്പിലേക്കോ എത്താനായിരുന്നു അയാൾ ആഗ്രഹിച്ചത് അതയാൾ കരിയറിലുടനീളം പ്രാവർത്തികമാക്കുകയും ചെയ്തിരുന്നു.

ഒരിക്കൽ അയാളോട് ഒരു ക്രിക്കറ്റ്‌ എക്സ്പെർട് ചോദിക്കുകയുണ്ടായി ഈ മനോഹരമായ ഔട്ട് സ്വിങ്ങറുകൾക്കൊപ്പം, ഇൻസ്വിങ്ങറും,നിങ്ങൾക്ക് വർഷിക്കാനായാൽ നിങ്ങൾക്ക് കുറച്ചു കൂടെ അപകടകാരിയാവാൻ സാധിക്കുകയില്ലേ എന്ന് അന്നയാൾ പറഞ്ഞത് ഇത്തരത്തിലായിരുന്നു എന്റെ റിസ്റ്റിനെ കൊണ്ട് കൂടുതൽ പണിയെടുപ്പിച്ചാൽ ഒരുപക്ഷെ എനിക്കെന്റെ ഔട്ട് സ്വിങ്ങറും നഷ്ടമായേക്കും അതിനാൽ ഞാൻ അത് ആഗ്രഹിക്കുന്നില്ല എന്ന്, അതുകൊണ്ടാവാം അയാൾ ആൻഡേഴ്സന്റെ ഫാൻ ആണെന്ന് ഒരിക്കൽ പറഞ്ഞത്, അദ്ദേഹത്തിന്റെ അത്ര കഴിവുകൾ തനിക്കില്ല എന്നും പറഞ്ഞതിന് പിന്നിൽ ആ കാരണമായേക്കാം,…

അയാളുടെ ആ ഔട്ട് സ്വിങ്ങറുകളാണ് ക്രിക്കറ്റിൽ അയാൾക്കൊരു നാമം നേടിക്കൊടുത്തത്, ഒരുപക്ഷെ ക്രിക്കറ്റ്‌ ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളർമാരുടെ ലിസ്റ്റിലും അയാൾ മുൻപന്തിയിൽ കാണും, ഇന്നും ഇരുന്നൂറോ അതിന് മുകളിലോ വിക്കെറ്റ് സ്വന്തമാക്കിയവരുടെ സ്ട്രൈക്ക് റേറ്റ് നോക്കുമ്പോൾ അവിടെയും അയാളാണ് മുന്നിൽ, അയാളുടെ ഔട്ട് സ്വിങ്ങർ അയാൾക്ക് വിക്കറ്റ് സമ്മാനിച്ചത് പോലെ ചരിത്രത്തിൽ ഒരു ബോളും ഒരു ബോളർക്കും വിക്കറ്റ് നൽകി കാണില്ല, അതിനാൽ ഇനിയും വരും കാലങ്ങളിൽ മറ്റൊരു ബോളർ ഔട്ട് സ്വിങ്ങറുകൾ കൊണ്ട് നിറഞ്ഞാടുമ്പോൾ അവിടെ ക്രിക്കറ്റ്‌ വിദഗ്ദർ സ്‌റ്റെയ്‌നെന്ന നാമം പരിചയപ്പെടുത്തും,…..

ന്യൂ ബോളിലും അയാൾ വിക്കറ്റ് സ്വന്തമാക്കിയത് പോലെ മറ്റാരും വിക്കറ്റുകൾ സ്വന്തമാക്കി കാണില്ല, അയാൾ ഉദിച്ചു നിൽക്കുന്ന ആ കാലമായിരുന്നു സൗത്താഫ്രിക്കൻ ടീമിന്റെ പോലും മികച്ച കാലം, തലമുറകൾ മാറി വരുമ്പോൾ ബോളേഴ്സിനെ അളക്കുന്ന അളവു കോലിൽ മാറ്റം വന്നേക്കാം, പക്ഷെ അവിടെയും സ്റ്റെയ്നും ആ ഔട്ട്‌ സ്വിങ്ങറുകളും വരാനിരിക്കുന്ന കാലത്തെ പോലും കീഴടക്കും…….

Dale steyn and his outswingers have been a compelling sight in cricket. We are fortunate to have witnessed him at his best..

അതെ ക്രിക്കറ്റ് ലോകത്തെ മനോഹരമായ അതല്ലെങ്കിൽ സ്ഫോടനാത്മകമായ രംഗങ്ങളിൽ ഒന്നായിരുന്നു പ്രതാപ കാലത്ത് ബോളും കയ്യിലേന്തി ക്രീസിലേക്കോടിയടുക്കുന്ന സ്റ്റെയ്ൻ, ഒരു ബോൾ റിലീസ് ചെയ്യാൻ ഒരു യഥാർത്ഥ ഫാസ്റ്റ് ബൗളർ എടുക്കുന്ന ആ ശ്രമം പലപ്പോഴും അവരെ പരിക്കുകളുടെ ലോകത്തേക്ക് തള്ളി വിടുമ്പോൾ പല വേഗതയാർന്ന ബോളേഴ്സും ഒരു നല്ല കരിയറിന് വേണ്ടി തന്റെ വേഗത കുറയ്ക്കാൻ തയ്യാറായത് ക്രിക്കറ്റ്‌ ലോകത്ത് നമ്മൾ പല വട്ടം വീക്ഷിച്ചിട്ടുണ്ട്…

പക്ഷെ സ്റ്റെയ്ൻ അവിടെയും വ്യത്യസ്തനായിരുന്നു പരിക്കുകൾ വിടാതെ കൂടെ കൂടിയിട്ടും ഓരോ തവണയും മടങ്ങി വരുമ്പോൾ അയാൾ കൂടുതൽ വേഗതയായിരുന്നു ലക്ഷ്യം വെച്ചത്, അയാൾ ആ വേഗതക്ക് മുന്നിൽ ഒന്നും പകരം വെക്കാൻ ഉദ്ദേശിച്ചിരുന്നില്ല, അതെ അയാൾ എന്റെ കാലഘട്ടത്തിലെ മികച്ച ഫാസ്റ്റ് ബോളർ ആയിരുന്നു തന്റേതായ ദിനം ഒരു ടീമിനെ തന്നെ ഒറ്റക്ക് കൊന്നു തള്ളാനുള്ള ആയുധങ്ങൾ കയ്യിലുള്ള വിനാശകാരിയായ ഫാസ്റ്റ് ബൗളർ.

അയാളുടെ ആ ആക്ഷനും, ഓരോ ബോളും ലോഡ് ചെയ്യുന്ന ആ രീതിയും ക്രിക്കറ്റ്‌ ലോകത്തെ മനോഹരമായ കാഴ്ചകളിൽ ഒന്നായിരുന്നു, അയാൾക്ക് ഒരു രാജ്യവും ഏതൊരു സാഹചര്യവും വെല്ലുവിളിയായിരുന്നില്ല തന്റെ അസാധാരണമായ കഴിവുകളാൽ ഓരോ എതിർ ടീം ലൈൻ അപ്പിനെയും അയാൾ കാറ്റിൽ പറത്തിയപ്പോൾ, “whispering Death “എന്നുള്ള വിളിപ്പേരിനാൽ ക്രിക്കറ്റ്‌ ലോകത്ത് തണ്ടർ ബോൾട്ട് വർഷിച്ചിരുന്ന മൈക്കൽ ഹോൾഡിങ്ങും പറഞ്ഞിരുന്നു ഈ കാലഘട്ടത്തിലെ മികച്ചവനാണയാളെന്ന്, കംപ്ലീറ്റ് ഫാസ്റ്റ് ബൗളർ എന്നായിരുന്നു ആ വിശേഷണം…

ഇത്ര കൃത്യതയോടെ ഇത്ര വേഗത്തിൽ ആ ഔട്ട് സ്വിങ്ങറുകൾ ആ ഇരുപത്തി രണ്ടു വാരയിൽ വർഷിച്ച മറ്റൊരു നാമമുണ്ടോ? പുതിയ ബോളിലും പഴകിയ ബോളിലും വേഗത കുറയ്ക്കാതെ ആ സ്ഥിരത നിലനിർത്തിയവർ കുറവല്ലേ? ഇൻസ്വിങ്ങും, ഔട്ട് സ്വിങ്ങും, റിവേഴ്‌സ് സ്വിങ്ങും, സ്വന്തം ഇഷ്ടത്തിനനുസരിച്ചു അയാളോളം വർഷിച്ചവരെ എന്റെ കാലഘട്ടത്തിൽ ഞാൻ കണ്ടിട്ടില്ല.. ആ റിസ്റ്റും, ആ സീം പൊസിഷനും, അയാളുടെ ബോളിങ് മനോഹാരിത വർധിപ്പിക്കുമ്പോൾ ക്രോസ്സ് സീം ബോളുകളും അയാളിൽ നിറഞ്ഞു നിന്നിരുന്നു….

കഴിവും ഭംഗിയും ഒത്തുചേർന്നത് മാത്രമായിരുന്നില്ല അയാളുടെ ബോളുകൾ, ആ ഹൃദയവും, ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആവേശവും, ആ തീ തുപ്പുന്ന ബോളുകൾക്ക് പിന്നിലെ കാരണമായിരുന്നു, വിക്കറ്റ് ലഭിക്കാത്ത സ്പെല്ലുകളിൽ പോലും അയാൾ ആ റൺ അപ്പിന്റെ ഗാംഭീര്യം കുറച്ചിരുന്നില്ല, ആ ഹൃദയത്തിലെ പോരാട്ട വീര്യവും ഒരിക്കലും നിലച്ചിരുന്നില്ല,…

വരാനിരിക്കുന്ന ഒരുപാട് ഫാസ്റ്റ് ബോളേഴ്സിന് അയാളൊരു മാതൃകയാണ്, വരാനിരിക്കുന്ന ഫാസ്റ്റ് ബോളേഴ്സിന്റെ തലമുറയെ തന്നെ ഇൻസ്പയർ ചെയ്യാൻ അയാൾക്ക് സാധിച്ചിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നു, പേസും, കൃത്യതയും, ബുദ്ധിയും, ഒരുപോലെ വിനിയോഗിച്ച അയാൾ അതിന് അർഹനുമാണ്…

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക.

CONTENT HIGHLIHT – Dale Steyn in memmory

Ronaldo, John Cena and Dhoni.

ക്ലബ് ക്യാപ്സൂൾ മെയ് 24, സമ്പൂർണ സ്പോർട്സ് വാർത്തകൾ ക്യാപ്സൂൾ രൂപത്തിൽ

എഡിസൺ കാവാനിയെ അഭിനന്ദന പ്രവാഹം കൊണ്ട് മൂടി ഡീഗോ ഫോർലാൻ