യൂറോക്കപ്പിൽ അവിശ്വസനീയമായ കുതിപ്പ് നടത്തുന്ന ടീമുകളിൽ ഒന്നാണ് ഡെൻമാർക്ക്. ആദ്യ മത്സരത്തിൽ താരതമ്യേന ദുർബലർ എന്ന കരുതപ്പെട്ട ഫിൻലാന്റിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു ഡെൻമാർക്കിന്റെ തുടക്കം. അവരുടെ പ്രധാന കളിക്കാരിൽ ഒരാളായിരുന്ന ക്രിസ്ത്യൻ എറിക്സൺ കളിക്കളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശങ്ക പടർത്തിയ മത്സരം കൂടിയായിരുന്നു അത്.
യുവേഫയുടെ നിർബന്ധം മൂലം തങ്ങളുടെ സഹതാരം കളിക്കളത്തിൽ കുഴഞ്ഞുവീണത്തിന്റെ ഷോക്കിൽ നിന്നും മുക്തരാകാതെ ആയിരുന്നു ആ മത്സരത്തിൽ ഫിൻലാന്റിനെതിരെ ഡെന്മാർക്ക് കളിച്ചത് എന്നാൽ ഏകപക്ഷീയമായ ഒരു ഗോളിന് അവർ പരാജയപ്പെടുകയായിരുന്നു.
പിന്നീട് അന്ന് മുതലിങ്ങോട്ട് കണ്ടത് യൂറോക്കപ്പിൽ ഡെൻമാർക്ക് അവിശ്വസനീയമായ തേരോട്ടം ആയിരുന്നു. നിരവധി അട്ടിമറികൾ അവർ സെമി ഫൈനലിൽ എത്തും വരെ നടത്തിയിരുന്നു. ഇനി അവർക്ക് എതിരിടാൻ ഉള്ളത് ഇംഗ്ലണ്ടിനെ ആണ്.
വെംബ്ലിയുടെ ചരിത്രമുറങ്ങുന്ന പുൽപ്പടർപ്പിൽ ഇതുവരെ കളിച്ച ഫൈനലുകളിൽ ഒന്നും ഇംഗ്ലണ്ട് പരാജയമറിഞ്ഞിട്ടില്ല എന്ന ചരിത്രത്തിൻറെ പിൻബലം അവർക്കുണ്ട്.
എന്നാൽ നിർണായക മത്സരത്തിൽ മേജർ ടൂർണമെന്റുകളിൽ പരാജയപ്പെടുന്ന കീഴ്‌വഴക്കം ഇംഗ്ലണ്ടിനും ഉണ്ടെന്നത് ഡെൻമാർക്ക് നിരക്കും ആശ്വാസമാണ്.
ഇപ്പോൾ ഇംഗ്ലണ്ടിനു മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ലണ്ടനിലെ ഡെന്മാർക്ക് അംബാസിഡറായ ലാർസ് തൂസൻ. ഇംഗ്ലണ്ടിന്റെ വെംബ്ലിയിലെ അപരാജിത ചരിത്രത്തിന് ഇന്ന് ഡെൻമാർക്ക് അന്ത്യംകുറിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ന് വെംബ്ലിയിൽ ഡാനിഷ് ഡൈനാമിറ്റ് പൊട്ടിത്തെറിക്കുമെന്നും ആ തീയിൽ ഇംഗ്ലണ്ട് ചാരമാകുമെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ മികച്ച ഒരു ടീം ആണ് തങ്ങൾക്ക് ഉള്ളത്. യൂറോയിൽ ചരിത്രം കുറിച്ചുകൊണ്ട് അവർ വെംബ്ലിയിൽ ഡാനിഷ് ഡൈനാമേറ്റ് പൊട്ടിക്കും എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.