ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളിൽ ഒരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പാതി മലയാളി കൂടിയായ കർണാടക ബാറ്റ്‌സ്മാൻ ദേവദത്ത് പടിക്കൽ. ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടക്കം മുതൽ തന്നെ വിരാട് കോഹ്ലിയുടെ ടീമിൽ വളരെ മികച്ച പ്രകടനമായിരുന്നു ഈ യുവതാരം കാഴ്ചവെച്ചു കൊണ്ടിരുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രതിഭ വിളിച്ചറിയിച്ച ബാറ്റ്സ്മാൻ ആയതുകൊണ്ട് തന്നെ ഇംഗ്ലീഷ് മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങളിൽ നിന്ന് ശുഭ് മാൻ ഗിൽ പുറത്തായതിനെ തുടർന്ന് ദേവദത്തിന് നറുക്ക് വീഴുമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടായിരുന്നു.
എന്നാൽ ടീം മാനേജ്മെൻറ് പൃഥ്വി ഷായ്ക്കും സൂര്യകുമാർ യാദവിനുമാണ് അവസരം നൽകിയത്. പ്രിത്വി താരതമ്യേന യുവതാരം ആണെങ്കിലും സൂര്യകുമാർ വളരെ നേരത്തെ തന്നെ സീനിയർ ടീമിൽ സ്ഥാനം അർഹിക്കുന്ന ഒരു ബാറ്റ്സ്മാൻ ആയിരുന്നു.
പടിക്കലിനെ ടെസ്റ്റ് മത്സരങ്ങളിൽ പരിഗണിക്കണമെങ്കിൽ കുറഞ്ഞത് ഒരു സീസണിൽ കൂടിയെങ്കിലും യുവ ബാറ്റ്സ്മാൻ റെഡ് ബോൾ ക്രിക്കറ്റിൽ മികവ് തെളിയിക്കണം എന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്.
ക്രിക്കറ്റിന്റെ അഴകളവുകളും ക്ലാസും വിളിച്ചറിയിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പോരാട്ട ഭൂമിയിലേക്ക് ദേവദത്ത് എത്തണമെങ്കിൽ ഇനി ചുരുങ്ങിയത് ഒരു സീസണിൽ എങ്കിലും വളരെ മികച്ച പ്രകടനം ചെറി ബോളിൽ ആഭ്യന്തരക്രിക്കറ്റിൽ അദ്ദേഹം കാഴ്ച വയ്ക്കേണ്ടതുണ്ട്.
പാകപ്പെട്ട താരങ്ങളെ മാത്രം ടെസ്റ്റ് ക്രിക്കറ്റ് കളിപ്പിക്കുക എന്നത് വളരെ പ്രശംസനീയമായ തീരുമാനങ്ങളിൽ ഒന്ന് തന്നെയാണ് അതേസമയം നിലവിൽ യുവതാരങ്ങളുടെ നേരെ ഉണ്ടാകുന്ന പുരോഗമനപരമായ ഒരു സമീപനം ബിസിസിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു എന്നതും അഭിനന്ദനീയമാണ്.