ചെകുത്താന്റെ ചോരയുടെ നിറം എന്നും ചുവപ്പു തന്നെയാണ് എത്ര എണ്ണപ്പണം വാരി വീശിയാലും അത് നീലയാവാൻ പോകുന്നില്ല. ഒരു നിമിഷത്തേക്കെങ്കിലും തങ്ങളുടെ ഹൃദയത്തിൽ ചോര കൊണ്ടെഴുതി വച്ച ക്രിസ്ത്യാനോ റൊണാൾഡോ എന്ന പേര് സങ്കടം കടിച്ചുപിടിച്ചുകൊണ്ട് മായ്ച്ചുകളയാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ശ്രമിച്ചിട്ടുണ്ടെങ്കിൽ അവർ എത്രമാത്രം ആ ക്ലബ്ബിനെ സ്നേഹിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്.
ലോകത്തിൻറെ ഏതു കോണിലായാലും ഏതു സ്വർഗ്ഗത്തിലേക്ക് കോടികൾ കൊണ്ടുവന്ന് ആരു കൊണ്ടു പോയാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ നൽകുന്ന സ്നേഹം ലഭിക്കുകയില്ല അവന് മറ്റെവിടെ നിന്നും. മാഞ്ചസ്റ്റർ യുണൈറ്റഡ് അത് ഹൃദയത്തിൽ ചോരകൊണ്ട് എഴുതി വെച്ച വിപ്ലവത്തിൻറെ പോരാട്ടത്തിന്റെ പ്രണയത്തിൻറെ സ്മരണകളുടെ പ്രതീകമാണ്.
പുത്തൻ പണത്തിൻറെ കൂറ്റ്കൊണ്ട് പാരമ്പര്യത്തിനെ വെല്ലുവിളിക്കാൻ ഇറങ്ങിയവർ ഓർക്കുന്നില്ല എത്രമാത്രം തീവ്രമായ വികാരമാണ് മഞ്ചസ്റ്റർ യുണൈറ്റഡ് എന്നത്. സ്വർണ തളികയിൽ വച്ചുനീട്ടുന്ന പൊൻ പണത്തിന്റെ അപ്പക്കഷണങ്ങൾ തേടി പോകുന്നവർ ഉണ്ടായിരിക്കാം. പക്ഷേ സിരകളിൽ ചെകുത്താന്റെ രക്തമൊഴുകുന്നവന് ആ പണത്തിന്റെ സുരക്ഷിതത്വം നല്കുന്നത് തണൽ അല്ല മറിച്ച് പൊള്ളുന്ന ചൂട് ആണ്.
യുണൈറ്റഡിൽനിന്നും എണ്ണപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ച് പലരും സിറ്റിയിൽ പോയിട്ടുണ്ടെങ്കിലും ആ വർഗവഞ്ചകരുടെ ഗണത്തിൽ ക്രിസ്ത്യാനോ റൊണാൾഡോ ഇല്ല എന്ന് വെയിൻ റൂണി പറഞ്ഞത് ഹൃദയത്തിൽ നിന്നും ആയിരുന്നു. അതെ അവന് അതിന് കഴിയില്ല അവൻ മടങ്ങി വരിക തന്നെ ചെയ്യും ചെകുത്താൻ കൂട്ടത്തിലേക്ക്.
റൊണാൾഡോ സിറ്റിയിലേക്ക് എന്ന വാർത്ത പരന്നപ്പോൾ യുണൈറ്റഡ് ആരാധകരുടെ കണ്ണുകളിൽനിന്നും ഉതിർന്നു വീണത്ത് കണ്ണുനീർ അല്ലായിരുന്നു, അവർ ചോരത്തുള്ളികൾ ആയിരുന്നു ആ കണ്ണിൽ നിന്നും ഒഴുകിയത്. ആരാധകരെ നിങ്ങൾ നിരാശപ്പെടേണ്ട അവൻ വരികയാണ് ഓൾഡ് ട്രാഫോർഡിന്റെ പച്ചപ്പുൽ മൈതാനങ്ങളിൽ തീ പടർത്തുവാൻ, ഇനി ആവേശത്തോടെ കാത്തിരിക്കാം നമുക്ക് എതിരാളികളുടെ ചോരകുടിച്ചട്ടഹസിക്കുന്ന ചെകുത്താന്മാരുടെ ആർത്തനാദങ്ങൾ ക്കായി.