എതിരാളികളുടെ ചങ്കിടിപ്പേറ്റി അവൻ വീണ്ടും സ്വപ്നങ്ങളുടെ കൊട്ടകയുടെ കോട്ട മതിൽ കടന്നു വരവായിരിക്കുന്നു. ഇതൊരു തിരിച്ചു വരവ് മാത്രമല്ല, വര്ഷങ്ങളായി ഗത കാല സ്മരണകൾ മാത്രം കൂട്ടായി തങ്ങളുടെ ക്ലബ്ബിനെ ജീവന് തുല്യം സ്നേഹിച്ചു കൂടെ നിൽക്കുന്ന ആരാധക വൃദ്ധങ്ങൾക്കുള്ള മൃത സഞ്ജീവനി കൂടിയാണ്. അവഗണിക്കപ്പെടുമ്പോളും തോൽവികൾ ഏറ്റു വാങ്ങുമ്പോളും ചങ്കു പറിച്ചു ചെകുത്താൻമാരുടെ കൂടെ നിൽക്കുന്ന ആരാധകർക്ക് യുണൈറ്റഡ് മാനേജ്‌മന്റ് കൊടുക്കുന്ന അംഗീകാരം കൂടിയാണ് തങ്ങളുടെ ഏറ്റവും മികച്ച മുൻകാല താരത്തെ തന്നെ അവർക്കു സമ്മാനിച്ചത്. എതിർ പ്രതിരോധ താരങ്ങളെ, ഗോൾ കീപ്പർ മാരെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി കൊൾക വരുന്നത് യുണൈറ്റഡ്ന്റെ വജ്രായുധമാണ്, ഇടം കാലുകൊണ്ടും വലം കാലുകൊണ്ടും ഹെഡറുകൾ കൊണ്ടും എതിർ വലകൾ തുളക്കാൻ കഴിയുന്ന അസുലഭ പ്രതിഭയാണ്, 360 ഡിഗ്രിയിൽ എവിടെ പന്തു കൊടുത്താലും ഫിനിഷ് ചെയ്യാൻ കെൽപ്പുള്ള കാൽപ്പന്തു മാന്ത്രികനാണ്.
2003 ആരും കയറാൻ ഭയപ്പാടോടെ മാത്രം കണ്ടിരുന്ന ഓൾഡ് ട്രാഫോഡിൽ സർ അലക്സ് ഫെർഗുസൺ എന്ന പരിശീലക കളരിയിലെ അതികായന്റെ കയ്യും പിടിച്ചു ആദ്യമായി കയറി വരുമ്പോൾ അവന്റെ പ്രായം 19 വയസു മാത്രമായിരുന്നു.
റിയോ ഫെർഡിനാടും, റോയ് കീനും, പോൾ സ്കോൾസും, നിസ്റ്റൽ റൂയിയും, ഡീഗോ ഫോർലാനും, ഒലെ ഗുണ്ണാർ സോൾഷെയറും, റയാൻ ഗിഗ്ഗ്‌സും, നെവിലും, വെയ്ൻ റൂണിയും, ഡേവിഡ് ബെക്കാമും, എറിക് കന്റോണയും ഒക്കെ അടക്കി ഭരിച്ച ചെകുത്താൻ കോട്ടയിൽ അവൻ പന്തു തട്ടുമ്പോൾ തുടക്കക്കാരന്റെ സങ്കോചമോ ഭയപ്പാടോ ഒന്നുമല്ലായിരുന്നു സർ അലക്സ് ഫെർഗൂസൻ കണ്ടതു, കാൽപ്പന്തു ലോകം തന്റെ കാൽ കീഴിലാക്കാൻ പോന്ന ഒരു കഠിനാദ്ധ്വാനിയെ ആയിരുന്നു.
ലയണൽ മെസ്സിയെ ഒരു അന്യ ഗ്രഹജീവിയോട് നാം ഉപമിക്കാറ്. കാരണം അദ്ദേത്തിന്റെ കഴിവുകൾ എല്ലാം ജന്മസിദ്ധമായതായിരുന്നു- ഒരു അന്യ ഗ്രഹ ജീവിയെ പോലെ അതിനെ രാകി മിനുക്കി എടുക്കേണ്ട ജോലിയെ മെസ്സിക്ക് ഉണ്ടായിരുന്നുള്ളു. എന്നാൽ റൊണാൾഡോ തന്റെ കഴിവുകൾ എല്ലാം കഠിനാദ്ധ്വാനം കൊണ്ടു നേടിയെടുത്തായിരുന്നു. ആദ്യ മത്സരത്തിൽ ബോൾട്ടൻ വാൻഡറേഴ്സിനെ എതിരിടാൻ കളത്തിലിറങ്ങിയത് മുതൽ അദ്ദേഹം പതിയെ പതിയെ യുണൈറ്റഡ് ന്റെ അവിഭാജ്യ ഘടകമായി മാറി കൊണ്ടിരിക്കുകയായിരുന്നു. സർ അലക്സ് ഫെർഗുസൺ എന്നും തന്റെ മകന് തുല്യം കണ്ടിരുന്ന റൊണാൾഡോയുടെ ആദ്യ മത്സരത്തിലെ പ്രകടനം കണ്ടു പറഞ്ഞത് ഒരു ദൈവപുത്രന് യുണൈറ്റഡ് ജന്മം നൽകി എന്നാണു.
പിന്നിയിട്ടങ്ങോട്ട് പിറന്നത് യുണൈറ്റഡ് ന്റെ സുവർണ്ണ നാളുകൾ ആണ്. തങ്ക ലിപികളിലാണ് 2003 മുതൽ 2009 ഇൽ റയൽ മാഡ്രിഡിന്റെ ഗലറ്റിക്കൊ പ്രോജക്ടിന്റെ ഭാഗമാകുന്നത് വരെയുള്ള കാലഘട്ടം റൊണാൾഡോ കുറിച്ചിട്ടത്. മഹാരാധൻമ്മാർ അണിഞ്ഞിരുന്ന No 7 ജേർസിക്ക് പൂർണ്ണത വരുത്തിയത് അദ്ദേഹമായിരുന്നു. പിന്നിയിട് No.7 ജേഴ്സി അണിഞ്ഞ ആർക്കും റോണോയോളും പ്രതിഭാ സ്പർശം ആ ജേഴ്സിയിൽ പുറത്തെടുക്കാൻ ആയില്ല, ഈ അടുത്ത കാലത്തായി എഡിസൺ കവാനി എന്ന ലാറ്റിൻ അമേരിക്കൻ താരത്തിന് NO 7 ജേർസിയോട് കുറച്ചൊക്കെ നീതി പുലർത്താൻ ആയെങ്കിലും, റോണോയുടെ വിടവ് നികത്താൻ ആയില്ല എന്നതു യാഥാർഥ്യമാണ്.
എങ്ങനെയാണ് റൊണാൾഡോ യുണൈറ്റഡ് ന്റെ കൂടെയുള്ള ആ കാല ഘട്ടത്തെ നാം വർണ്ണിക്കുക. വര്ണനകൾക്കതീതമാണ് ആ കാല ഘട്ടം, റോക്കറ്റ് വേഗമുള്ള ഫ്രീകിക്കുകളായും, എതിർ പ്രതിരോധം തുളച്ചു കയറുന്ന ലോങ്ങ് റേഞ്ച് ഷോട്ടുകളായും ഇന്നും ഓരോ യുണൈറ്റഡ് ആരാധകന്റെയും മനസ്സിൽ ഇന്നലെ കണക്കെ തളം കെട്ടി നിൽക്കും ആ സുവർണ്ണ നിമിഷങ്ങൾ. ഡ്രിബ്ബ്ലിങ്ങുകൾ കൊണ്ട് വിസ്മയം തീർക്കുന്ന നയന മനോഹര മുന്നേറ്റങ്ങൾ നടത്തുന്ന വിങ്ങുകളിൽ കാൽപ്പന്തു കൊണ്ട് കവിത രചിക്കുന്ന ആ ചെകുത്താനെ എങ്ങനെ മറക്കാൻ കഴിയും യുണൈറ്റഡ് ആരാധകർക്ക്.
ക്രിസ്ത്യാനോയോട് യുണൈറ്റഡ് ആരാധകർക്കുള്ള സ്നേഹം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അത് കൊണ്ടാണ് 2009 ഇൽ തന്റെ മാതാവിന്റെ ആഗ്രഹത്തിന് പൂർണതയേകാൻ സാന്റിയാഗോ ബെർണാബുവിൽ ചെകുത്താൻമ്മാരുടെ ചുവന്ന ജേർസിയോട് വിട പറഞ്ഞു തൂവെള്ള ജേഴ്സി ആണിയുമ്പോഴുo യുണൈറ്റഡ് ആരാധകർ റൊണാൾഡോയുടെ കൂടെ നിന്നതു. റയൽ മാഡ്രിഡ് ജേഴ്സിയിൽ അദ്ദേഹം മാഞ്ചെസ്റ്റെർ യുണൈറ്റഡ് ഇൽ കളിക്കാൻ ബൂട്ട് കെട്ടിയപ്പോഴും അത്യാവേശത്തോടെയാണ് ഓൾഡ് ട്രാഫൊർഡിൽ തിങ്ങി നിറഞ്ഞ ആരാധക വൃദ്ധം വരവേറ്റത്. അവർക്കു അറിയാമായിരുന്നു തങ്ങളുടെ ചുകപ്പൻ ജേഴ്സിയിൽ എന്നെങ്കിലുമൊരിക്കൽ അവൻ മടങ്ങി വരുമെന്ന്. ഓരോ ട്രാൻസ്ഫർ സീസണ് ആദ്യ മണി മുഴങ്ങുമ്പോളും യുണൈറ്റഡ് ആരാധകർ തിരഞ്ഞത് അവന്റെ മടക്കമായിരുന്നു.
മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ വിങ്ങുകളിൽ മാദ്രിക പാദങ്ങളാൽ ഡ്രിബ്ലിങ്ങുകൾ തീർത്തപ്പോളും, പിന്നിയിട് ശൈലി മാറ്റി റയൽ മാഡ്രിഡിൽ ഹോസെ മൊറീഞ്ഞോക്ക് കീഴിൽ ഒരു ഗോളടി മെഷീനായി പരിണമിച്ചപ്പോളും ഓരോ യുണൈറ്റഡ് ആരാധകനും ആത്മ നിർവൃതി കൊണ്ടിരുന്നു. അവന്റെ ഓരോ നേട്ടങ്ങൾക്കൊപ്പവും യുണൈറ്റഡ് ആരാധകരും സന്ദോഷം കണ്ടെത്തിയിരുന്നു. തുടർന്ന് യുവന്റസിലേക്ക് കൂട് മാറിയപ്പോളും അവന്റെ കാലുകളിലെ മാദ്രിക സ്പർശം ലോകത്തിനു മുന്നിൽ കാഴ്ച വെക്കുന്നതിൽ അവൻ ഒരു കാലത്തും പിന്നോട്ട് പോയില്ല എന്നത് ആ കഠിനാദ്ധ്വാനിയുടെ മനോവീര്യമാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ യൂറോ കപ്പിൽ ടോപ് സ്കോറെർ പട്ടം അണിഞ്ഞു ഇറാന്റെ ഡെലി അലിയുടെ 109 അന്താരാഷ്ട്ര ഗോളെന്ന റെക്കോർഡും സ്വന്തം പേരിലാക്കിയ റൊണാൾഡോ ഗോളുകൾ അടിച്ചു മുന്നേറുകയാണ് ഈ 36 ആം വയസിലും. ആ ഗോളടി മികവ് തന്നെയാണ് ഇനി ഒലെയുടെ കീഴിൽ തിരിച്ചു വരവിന്റെ പാത സ്വീകരിച്ചു മുന്നേറുന്ന ചുവന്ന ചെകുത്താൻമ്മാരുടെ ശക്തി. മിന്നും ഫോമിൽ പന്തു തട്ടുന്ന പോൾ പൊഗ്ബയും ബ്രൂണോ ഫെർണാഡസും ഗ്രീൻവുഡും കൂടി ചേരുമ്പോൾ യുണൈറ്റഡ് മറ്റുള്ള ടീമുകൾക്ക് വെല്ലുവിളിയാകുമെന്നു തീർച്ച.
സ്വപ്ന തുല്യമായ ഒരു ട്രാൻസ്ഫർ സീസണിലൂടെയാണ് യുണൈറ്റഡ് ഇത്തവണ കടന്നു പോയിക്കൊണ്ടിരിക്കുന്നത് ആദ്യം ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും നീണ്ട കാത്തിരിപ്പുകൾക്കു വിരാമമിട്ടു ജെയ്ഡൻ സാഞ്ചോ, പ്രതിരോധ പാളിച്ചകൾക്ക് പരിഹാരം കണ്ടെത്താൻ ചാമ്പ്യൻസ് ലീഗും ലോക കപ്പും എടുത്തു അമ്മാനമാടിയ റയൽ മാഡ്രിഡ് ഗലാറ്റിക്കോ റാഫേൽ വരാനെ, ഇപ്പോഴിതാ ഫുട്‍ബോൾ ലോകം കണ്ട എക്കാലത്തെയും മഹത്തായ കളിക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും. മാഞ്ചെസ്റ്റെർ സിറ്റി ചില നീക്കങ്ങൾ നടത്തിയെങ്കിലും ഫുട്‍ബോൾ ഒരു പാഷനായി കാണുന്ന റോണോക്കു എങ്ങനെയാണ് ചെകുത്താൻമ്മാരുടെ മണ്ണ് വിട്ടു പോകാൻ കഴിയുക, സർ അലക്സ് ഫെർഗുസൻറെ വാത്സല്യ തണൽ എങ്ങനെയാണ് അദ്ദേഹം വേണ്ടെന്നു വെക്കുക. ഇനിയങ്ങോട്ട് രചിക്കുക യുണൈറ്റഡ് പുതുയുഗമാകും തീർച്ച ഉയർത്തെഴുനെൽപ്പിന്റെ പൂർണ്ണത ഇത്തവണ കൈവരിക്കും എന്ന് നമുക്ക പ്രത്യാശിക്കാം. കാൽപ്പന്തു ലോകത്തെ ഗോൾ മെഷീന്റെ മാസ്മരിക പ്രകടങ്ങൾക്കായി ഇനി നമുക്ക് കൈ കോർക്കാം, ആരവങ്ങളുയർത്താം………..