വളരെക്കാലമായി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഇടയിൽ നിന്നും ഉയർന്നുവരുന്ന ഒരു ആവശ്യമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിക്കണമെന്ന്.
ടീം ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡ് ഇതുവരെയും തയ്യാറായിരുന്നില്ല. എന്നാൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആവാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തത് ക്രിക്കറ്റ് പ്രേമികൾക്ക് വളരെയധികം ആവേശം പകർന്നിരുന്നു.
പല നിർണായക ടൂർണ്ണമെന്റുകളിലും ഇന്ത്യയെ ഫൈനൽ വരെ എത്തിക്കുന്നതിൽ രവിശാസ്ത്രി വിജയിച്ചിട്ടുണ്ട് എങ്കിലും ഒരു മേജർ കിരീടം ഇന്ത്യക്ക് നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല എന്നത് അദ്ദേഹത്തിന് നേരെ ഉയരുന്ന വിമർശനങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ മികച്ച ഒരു ടീം ഉള്ളതുകൊണ്ട് ഫൈനൽ വരെ എത്തുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ അവകാശവാദം.
ശാസ്ത്രീയെ മാറ്റി ദ്രാവിഡിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കണം എന്ന് പലരും ആവശ്യം ഉയർത്തുന്നുണ്ട്. എന്നാൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ നായകനായ ശിഖർ ധവാൻ രാഹുൽദ്രാവിഡും രവിശാസ്ത്രിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഈ രണ്ട് പരിശീലകർക്കും കീഴിൽ കളിക്കുന്നതിൽ താൻ വളരെ സന്തുഷ്ടനാണ് എന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുപേരും അവരവരുടേതായ രീതിയിൽ വളരെ മികച്ചവരാണ് എന്നാൽ ശാസ്ത്രീയിൽ നിന്നും ദ്രാവിഡിലേക്ക് വരുമ്പോൾ ഉള്ള ഒരു വ്യത്യാസം എന്തെന്നാൽ ദ്രാവിഡ് വളരെ ശാന്തനും ക്ഷമാശീലനും ആണ് അദ്ദേഹത്തിന് കാര്യങ്ങൾ ഉൾക്കൊള്ളാനും മനസ്സിലാക്കുവാനും ക്ഷമയുണ്ട്. എന്നാൽ ശാസ്ത്രീയ സംബന്ധിച്ചിടത്തോളം കുറച്ചുകൂടി അക്രമപരമായ സ്വഭാവം പരിശീലന വേളകളിലും പുലർത്തുന്ന ഒരു പരിശീലകനാണ് രവിശാസ്ത്രി എന്നാണ് ശിഖർ ധവാൻ പറയുന്നത്
താരങ്ങളെ ഏതു പരിതസ്ഥിതിയിലും ആശ്വസിപ്പിച്ചു കൂടെ നിർത്തുക എന്നതാണ് ഒരു പരിശീലകന്റെ ഏറ്റവും വലിയ മികവുകളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കൊണ്ട് ചില ഘടകങ്ങൾ വച്ച് നോക്കുമ്പോൾ ശാസ്ത്രീയേക്കാൾ ഒരുപടി ഉയർന്നു നിൽക്കുന്നത് രാഹുൽ തന്നെയാണ്. ഇന്ത്യയുടെ ജൂനിയർ ലെവൽ ടീമുകളെ വലിയ നേട്ടങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് അതിൻറെ മറ്റൊരു തെളിവു കൂടിയാണ്.