“ഗോളടിക്കുന്ന സ്ട്രൈക്കർമാരെപ്പോലെയോ അതിൽ കൂടുതലോ പ്രധാനപ്പെട്ടവരാണ് സ്വന്തം പോസ്റ്റിലേക്ക് വരുന്ന ഗോളുകൾ തടുക്കുന്ന ഡിഫന്റർമാർ. ഗോൾ കീപ്പർ എന്ന അവസാന കാവൽ ഭടനു മുന്നിൽ നെഞ്ചു വിരിച്ചു നിൽക്കുന്നവർ, അവരാണ് യഥാർത്ഥ ഹീറോ.”
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ക്യാപ്റ്റനുമായ വി.പി സത്യൻ ചെന്നൈയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ -…… 2006 ജൂലൈയിലെ പ്രഭാതങ്ങളിലൊന്നിൽ മനോരമയിൽ ആദ്യ പേജിൽ വന്ന ഈ വാർത്ത എന്റെ ഓർമകൾക്ക് റിവേഴ്സ് ഗിയറിട്ട് ഓടിച്ചത് 1988 ലേക്കായിരുന്നു. ആദ്യമായി സ്വന്തമായ ഫിലിപ്സ് റേഡിയോയിൽ ഒരു വൈകുന്നേരം കൊല്ലത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിൽ സഡൻ ഡെത്തിൽ BSF ന്റെ വിശ്വസ്ഥ ഗോൾകീപ്പർ ബിപാസ് സാഹ പഞ്ചാബ് ഗോൾ പോസ്റ്റിൽ കേരളത്തിന്റെ കിക്ക് (എടുത്തതാരെന്നോർമയില്ല) സേവ് ചെയ്യുമ്പോൾ പതിനായിരക്കണക്കിനു മലയാളികളെപ്പോലെ ഒരു പത്തു വയസ്സുകാരന്റെ ഹൃദയം തകർന്ന നിമിഷം. മറ്റെന്തുരംഗത്തെക്കാളും സ്പോർട്സിനെ പ്രണയിച്ച ഒരു തുടക്കക്കാരന് ആ ഓർമ ഒരിക്കലും മറക്കാനാവില്ല… ക്യാപ്റ്റൻ തോമസ് സെബാസ്റ്റ്യൻ മിഡ്ഫീൽഡിലും ഗണേശൻ ഫോർവേഡ് ആയും ഒക്കെ നിറഞ്ഞു കളിച്ചെങ്കിലും കമന്റേറ്ററുടെ ശബ്ദം പലപ്പോഴും അലയടിച്ചിരുന്നത് ” സത്യൻ ” എന്ന ഒരു പേരായിരുന്നു. അതെ, ഡിഫൻസിൽ എക്കാലവും ഇന്ത്യയുടെയും കേരളത്തിന്റെയും, പിന്നെ ഇന്ത്യയുടെ രണ്ടു വർഷത്തെ ചാമ്പ്യൻ ക്ലബ് കേരളാ പോലീസിന്റെയും “ക്യാപ്റ്റൻ “.
രണ്ടാം തവണ1991 ൽ കുരികേശ് മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് ഫെഡറേഷൻ കപ്പ് നേടുമ്പോഴേക്കും ഏതൊരു കൗമാര ഫുട്ബോൾ കമ്പക്കാരനേയും പോലെ മനസ്സിൽ ഉറപ്പിച്ചത് രണ്ടു പേരുകൾ മാത്രമായിരുന്നു – ഗോളടിയന്ത്രങ്ങളായ വിജയനും പാപ്പച്ചനും…… പിന്നീട്, അഞ്ചു വർഷം സ്ഥിരം റണ്ണർ അപ്പ് എന്ന ദുഷ്പേരു മാറ്റി സത്യന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ ഗോവയെ 3-0 എന്ന വ്യക്തമായ മാർജിനിൽ മറികടന്ന് പത്തൊമ്പത് കൊല്ലത്തെ കാത്തിരിപ്പിനു വിരാമമിട്ടപ്പോഴും ഗോളടിക്കുന്നവരെ പറ്റി എഴുതുന്നതായിരുന്നു കണ്ണും മനസ്സും തെരഞ്ഞിരുന്നത്.
പിന്നീടെപ്പോഴോ, കേരള ഫുട്ബോളും പോലീസും വിസ്മൃതിയിലാണ്ടു. വിജയനും സത്യനും ജോ പോളുമൊക്കെ കൂടുതൽ നല്ല അവസരങ്ങൾ തേടി കൂടുവിട്ടു പറന്നു. ശേഷിച്ചവരിൽ പാപ്പച്ചനേയും ചാക്കോയെയുമെല്ലാം പ്രായം കീഴടക്കിത്തുടങ്ങി. ഫുട്ബോളിനെ പോലെ ക്രിക്കറ്റിനെയും കൊണ്ടു നടന്ന ഞാൻ ഏക പ്രണയിനിയായി ക്രിക്കറ്റിനെ തെരഞ്ഞെടുത്തു…. കൂടെയുള്ളവരും പുറകെ വന്നവരും, സ്പ്പോട്സിനു മാത്രമായ് ചാനല്ലൊക്കെ വന്നതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി-മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടത്തെ പറ്റിയൊക്കെ വിശകലനം തുടങ്ങി. സത്യൻ എന്ന ഫുട്ബോളറും പതുക്കെ വിസ്മൃതിയിലേക്ക് മറയുകയായിരുന്നു.
സത്യേട്ടൻ…. പണ്ടു കേട്ടും കണ്ടും പരിചയിച്ച വി.പി സത്യൻ എന്ന പേര് സത്യേട്ടൻ എന്ന് തിരുത്തി വിളിക്കാൻ ഇപ്പോൾ പ്രേരിപ്പിക്കുന്നത് പ്രജേഷ് സെൻ എന്ന പുതുമുഖ സംവിധായകനാണ്. എത്ര മനോഹരമായാണ് അയാൾ ക്യാപ്റ്റൻ എന്ന സിനിമ എടുത്തത് എന്ന് പറയാതെ വയ്യ. ഇതൊരു പക്ഷെ കാൽപ്പന്തുകളിയെ നെഞ്ചേറ്റിയ ഒരു മലപ്പുറംകാരന്റെ തോന്നലായിരിക്കാം… അതിഭാവുകത്വങ്ങളില്ലാതെ, റിയാലിറ്റിയോട് പരമാവധി നീതി പുലർത്തി തന്നെ സിനിമ ചെയ്തിട്ടുണ്ട്. കാസ്റ്റിങ്ങിൽ തൊട്ട് (ഉദാ:- ഷറഫലിയുടെ അതേപടി ഉള്ള നടൻ) സത്യന്റെ ഓൺ ഫീൽഡ്, ഓഫ് ഫീൽഡ് ബോഡി ലാംഗ്വേജ് വരെ കൃത്യമായി പകർത്തി. അനിത സത്യന്റെ സംഭാവന ഈ പടത്തിന്റെ വിജയത്തിന് വളരെ നിർണായകമാണ്. വിജയനെയും ജോപോളിനേയും വളർത്തിക്കൊണ്ടു വന്ന, കൽക്കത്താ ക്ലബുകളിൽ അവരുടെ ലോക്കൽ ഗാർഡിയനായ സത്യനെ സിനിമയിൽ അത്ര പരാമർശിച്ചിട്ടില്ല. (അതിന് പ്രജേഷ് ഒരു ഇന്റർവ്യുവിൽ വ്യക്തമായ കാരണം പറഞ്ഞിരുന്നു. വിജയനെ കുറിച്ച് ഉടനെ ഒരു ബയോപിക് വരുന്നുണ്ട്. അഗ്രിമെന്റ് പ്രകാരം വിജയൻ എന്ന വ്യക്തിയെ വേറൊരു സിനിമയിൽ പരാമർശിക്കുന്നത് കോടതി ഇടപെട്ട് തടഞ്ഞു). സത്യനായി പരകായപ്രവേശം നടത്തിയ ജയസൂര്യയും താരതമ്യേന പുതുമുഖമായ അനു സിതാരയും സിദ്ദിഖും രഞ്ജിയുമെല്ലാം മികച്ചു നിന്നു.
സിനിമയിൽ എടുത്തു പറയാവുന്ന കാര്യം ഒരു മികച്ച ഫുട്ബോൾ പ്രേമിയും സത്യൻ, വിജയൻ തുടങ്ങി പോലീസ് ടീമിനെയൊക്കെ നന്നായി പ്രോത്സാഹിപ്പിച്ചിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. കെ കരുണാകരന് നല്ല പ്രാധാന്യം നൽകി എന്നതാണ്.
സത്യേട്ടനിലേക്ക് തിരിച്ചു വരാം… ഫൈനൽ തോറ്റ ക്യാപ്റ്റൻമാരുടെ ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാൻ താൽപ്പര്യമില്ലാത്ത ക്യാപ്റ്റൻ സത്യൻ പരിക്ക് വിടാതെ പിന്തുടർന്ന കാലുമായി ഓടിക്കയറിയത് ക്യാപ്റ്റൻ മണിക്കു ശേഷം സന്തോഷ് ട്രോഫി ഉയർത്തുന്ന സീനിലേക്കായിരുന്നു. പിന്നെ 1995 വരെ ഇന്ത്യൻ ക്യാപ്റ്റൻ. 1995 ൽ AlFF ന്റെ മികച്ച ഫുട്ബോളർ.. സാഫ് ഗെയിംസിൽ ഗോൾഡ് മെഡൽ.
പക്ഷേ… പരിക്കുപറ്റിയ കാലും പ്രായവും സത്യനെന്ന പോരാളിയെ വേട്ടയാടുകയായിരുന്നു. ഒരു ഫുട്ബോളറുടെ ആവറേജ് റിട്ടയർമെന്റ് പ്രായമായ 30 കളിലും തന്റെ ജീവശ്വാസം തന്നെയായ തുകൽ പന്തിനെ മൈതാനത്തുപേക്ഷിക്കാൻ, അത്രയേറെ ഫുട്ബോളിനെ സ്നേഹിച്ച സത്യേട്ടനു മനസ്സു വന്നില്ല. ഇന്ത്യൻ ബാങ്കിൽ 95 മുതൽ കളിക്കാരനായും പിന്നീട് കോച്ചായും ഇടക്ക് സ്റ്റീഫൻ കോൺസ്റ്റന്റെയ്ന്റെ അസിസ്റ്റന്റ് കോച്ചായി ഇന്ത്യൻ ടീമിലും പ്രവർത്തിച്ച സത്യൻ പക്ഷേ പതിയെ പതിയെ വിഷാദ രോഗത്തിലേക്കു തെന്നി വീഴുകയായിരുന്നു. കളിക്കാലത്ത് ടീം ഡോക്ടർമാർ നൽകിയിരുന്ന വേദനാസംഹാരികളും, തൈറോയ്ഡ് അസുഖവും, അമിത മദ്യപാനവും, ജീവിതത്തിലെ നിരാശകളും, പിന്നെ മനസ്സിനൊപ്പം ചലിക്കാത്ത കാലുകളും സത്യൻ എന്ന മനുഷ്യനെ ഡിപ്രഷന്റെ (വിഷാദരോഗം) ലോകത്തേക്ക് തള്ളിവിടുകയായിരുന്നു.
പലപ്പോഴും ആത്മഹത്യാ പ്രവണത കാണിച്ച അദ്ദേഹം പക്ഷേ 2006ൽ മരിക്കുന്നതിന് മാസങ്ങൾ മുമ്പ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു തുടങ്ങിയിരുന്നു. എന്നാൽ, ഇന്ത്യൻ സമയം അർധരാത്രി നടന്ന ലോകകപ്പ് മത്സരങ്ങൾ അദ്ദേഹം ഒരു മാച്ച് പോലും വിടാതെ കണ്ടതും കടുത്ത ഫ്രാൻസ് ആരാധകനായ അദ്ദേഹത്തിന് അവരുടെ ഫൈനലിലെ പതനം ഒരു മാനസിക ആഘാതമായും അനിത സത്യൻ ഒരു ഇന്റർവ്യുവിൽ പറയുന്നുണ്ട്. ഒടുവിൽ, തന്റെ ജീവനായ ഇടതുകാൽ കളിക്കളത്തിലെ നിരന്തര പരിക്കുകളേ അതിജീവിക്കാനാകാതെ നഷ്ടപ്പെടുമെന്നുറപ്പായ ഘട്ടത്തിൽ ആ ക്യാപ്റ്റൻ ആരവങ്ങൾക്കു കാത്തു നിൽക്കാതെ ജീവിതമെന്ന ഗ്രൗണ്ടിൽ നിന്ന് ചുവപ്പുകാർഡ് കാത്തു നിൽക്കാതെ പല്ലാവരം സ്റ്റേഷനിലെ ട്രാക്കുകളിലൊന്നിൽ എരിഞ്ഞടങ്ങി.
ആരാണ് പുതിയ തലമുറക്ക് സത്യൻ ? കീഴടങ്ങാൻ മനസ്സില്ലാത്ത, പരുക്കിനെ വകവെക്കാതെ പൊരുതിയ, ഒരു ജനതയുടെ സ്വപ്നം സാക്ഷാൽക്കരിച്ച കാപ്റ്റൻ. ഇന്നത്തെ യുവതലമുറ കണ്ടു പഠിക്കേണ്ട റോൾ മോഡൽ. അതോടൊപ്പം തന്നെ പ്രതിസന്ധികളിൽ തന്നെപ്പോലെ തളരരുതെന്ന് സ്വയം സന്ദേശം ആയ ഫുട്ബോളർ.ഒരു അർജുന അവാർഡ് പോലും ലഭിക്കാതെ ജനഹൃദയങ്ങളിൽ ജീവിക്കുന്നവൻ.
ഏതൊരു പ്രേക്ഷകനും അയാൾ സ്പ്പോർട്സ് പ്രേമി ആയാലും അല്ലെങ്കിലും ഒരിറ്റു കണ്ണീർ വീഴാതെ ക്യാപ്റ്റനെ കണ്ടിരിക്കാൻ അസാധ്യം.
സല്യൂട്ട് ക്യാപ്റ്റൻ – ” തോറ്റവരാണ് എന്നും ചരിത്രം രചിച്ചവർ. വിജയിച്ചവർ ചരിത്രത്തിന്റെ ഭാഗമായി മാറി നിന്നിട്ടേയുള്ളൂ . തീർച്ചയായും ഇന്ത്യൻ ഫുട്ബോളിന് ഒരു നല്ല കാലം വരും ക്യാപ്റ്റൻ “.