കാനറികൾക്ക് ഒപ്പം അവരുടെ സ്വന്തം സുൽത്താൻ ഇല്ലെങ്കിൽ അവർ അപൂർണ്ണരാണ് എന്ന് തെളിയിക്കുന്ന മത്സരമായിരുന്നു നടന്നത് . നെയ്മറിന്റെ മികവിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചു വന്ന ബ്രസീലിനെ ആണ് അവസാന മത്സരത്തിൽ സമനിലയിൽ പൂട്ടി ഇക്വഡോർ കോപ്പ അമേരിക്ക ക്വർട്ടർ ഫൈനലിനു യോഗ്യത നേടിയത്.
ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തെ തന്നെ ക്വാർട്ടറിൽ കടന്ന ബ്രസീൽ മുഴുവൻ താരങ്ങളെയും ഇറക്കാത്തത് മത്സരത്തിനെ നിസ്സാരമായി കണ്ടതുകൊണ്ടാണ് എന്ന് വിമർശകർ പലരും പറയുന്നുണ്ടെങ്കിലും. ബ്രസീലിയൻ ആരാധകർക്ക് ഒരിക്കലും ഈ പ്രകടനത്തിൽ നിരാശപ്പെടേണ്ട കാര്യമില്ല.
ഇതിനോടകം തന്നെ അവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ കടന്നു, അതിനാൽ ഈ മത്സരത്തിന്റെ ഫലം ബ്രസീലിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരുന്നു.
കളിക്കാരെ കായികമായി കൈകാര്യം ചെയ്യുവാൻ ഒട്ടും മടിക്കാത്ത ഇക്വഡോറിനെ പോലെ ഒരു ടീമിനെതിരെ
മുഴുവൻ കളിക്കാരെയും ഇറക്കി പരിക്കുകൾ വരുത്തിക്കാൻ ടിറ്റെ തയ്യാറാകാതിരുന്നത് തന്നെയാണ്.
അതുകൂടാതെ നേരത്തെ യെല്ലോ കാർഡുകൾ കണ്ടിട്ടുള്ള താരങ്ങൾക്ക് വീണ്ടും കൂടുതൽ കാർഡുകൾ നേടിക്കൊടുത്തു തുടർന്നുള്ള മത്സരങ്ങളിൽ അവരുടെ സാധ്യത കുറയ്ക്കാതിരിക്കുക എന്ന രാജ തന്ത്രം കൂടി ബ്രസീലിന് ഉണ്ടായിരുന്നു.
പരീക്ഷണാർത്ഥം വൻ അഴിച്ചുപണി കളുമായായിരുന്നു ബ്രസീൽ കളി തുടങ്ങിയത് എന്നിട്ടുപോലും ആക്രമണത്തിൽ മികച്ചു നിൽക്കുവാൻ അവർക്ക് കഴിഞ്ഞു. 38 മിനിറ്റ് പിന്നിട്ടപ്പോൾ ഒരു ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ അവർ മുന്നിലെത്തി. എദർ മിലിറ്റാവോ ആയിരുന്നു ഗോൾ സ്‌കോറർ. എന്നാൽ എയ്ഞ്ചൽ മേന 53ആം മിനിറ്റിൽ നേടിയ സമനില ഗോളോട് കൂടി ഇക്വഡോർ സമനില പിടിച്ചു.
പ്രത്യക്ഷത്തിൽ ഇന്നത്തെ മത്സരത്തിൽ ബ്രസീലിയൻ ആരാധകർക്ക് ആഹ്ലാദിക്കുവാൻ അധികം വക ഒന്നും ഇല്ലായിരുന്നെങ്കിലും, ഇന്നത്തെ മത്സരം ബ്രസീലിൻറെ പരിമിതികൾ തുറന്നുകാട്ടി ആ പരിമിതികൾ പരിഹരിച്ചു മുന്നേറുവാൻ ഉള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുവൻ ബ്രസീലിയൻ പരിശീലകനെ ഇന്നത്തെ മത്സര ഫലം സഹായിക്കും.