St.പീറ്റേഴ്‌സ്ബർഗിൽ തടിച്ചു കൂടിയ സ്പാനിഷ് ആരാധകരുടെ മുന്നിൽ സ്വപ്നതുല്യമായ തുടക്കവുമായാണ് സ്പെയിൻ തുടങ്ങിയത്. സ്പാനിഷ് സെമി പ്രതീക്ഷകൾ വാനോളം ഉയർത്തി ജോർഡി അൽബ എടുത്ത ഇടം കാലൻ വോളി ഡെന്നിസ് സകറിയ എന്ന സ്വിസ്സ് താരത്തിന്റെ കാലിൽ തട്ടിയുരുമ്മി സ്വിസ്സ് വല ഭേദിക്കുമ്പോൾ യൻ സോമർ വെറും കാഴ്ചക്കാരനായി. എട്ടാം മിനുട്ടിൽ തന്നെ സ്വിസ്സ് ആത്മവിശ്വാസം തകർത്തു കൊണ്ടു സ്കോർ 1-0.
ആദ്യ ഗോളിന്റെ ആവേശവുമായി പന്തു തട്ടിയ സ്പാനിഷ് ടീം പന്തു കൈവശം വെച്ചു എതിരാളികളെ തകർക്കുക എന്ന സ്ഥിരം ശൈലി തന്നെ പരീക്ഷിച്ചു. സ്വിസ്സ് മുന്നേറ്റ നിര സ്പെയിൻ പ്രതിരോധ നിരയെ പരീക്ഷണ വിധേയമാക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ആദ്യ പകുതിയിൽ പരാജയപ്പെട്ടു.
ഇരു ടീമുകളുടെയും മുന്നേറ്റത്തോടെ ആരംഭിച്ച രണ്ടാം പകുതിയുടെ 56ആo മിനുട്ടിൽ കിട്ടിയ കോർണർ കിക്കിന് തലവെച്ചു ഡെന്നിസ് സക്കറിയ സ്വിസ്സർലാന്റിനു സമനില ഗോൾ കണ്ടെത്തും എന്ന പ്രതീതി ജനിപ്പിച്ചെങ്കിലും ഓഫ് ടാർഗറ്റ് ആയി.
സസ്പെന്ഷനിലായ സ്വിസ്സ് മധ്യ നിര താരം ഗ്രനിത് ഷാക്കയുടേ കരുത്തു സ്വ പാദങ്ങളിൽ ആവാഹിച്ച കണക്കെ ഷാക്കിരി 68ആo മിനുട്ടിൽ സ്വിസ്സർലാന്റിനെ ഒപ്പമെത്തിച്ചു. ഫ്രാൻസിന്റെ പ്രതീക്ഷകൾക്ക് മുന്നിൽ കരിനിഴൽ വീഴ്ത്തിയത് പോലെ സ്പാനിഷ് മോഹങ്ങൾക്കും സ്വിസ്സ് തടയിടുമെന്ന പ്രതീതി സൃഷ്ടിച്ചു.
എന്നാൽ ഫ്രുളർക്കു റെഡ് കാർഡ് നൽകിയത് സ്വിസ്സർലാന്റിനു തിരിച്ചടിയായി. പത്തു പേരായി ചുരുങ്ങിയ സ്വിസ്സ് നിര പ്രതിരോധത്തിലേക്ക് ഉൾവലിയുന്ന കാഴ്ചയാണ് പിന്നിയിട്ടങ്ങോട്ട് കാണാനായത്. നിശ്ചിത സമയവും കഴിഞ്ഞു എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ സ്പാനിഷ് ആക്രമണ നിര നിറഞ്ഞാടുന്ന കാഴ്ച റഷ്യൻ മണ്ണിനെ തീ പിടിപ്പിച്ചു
പക്ഷെ ഡാനി ഓൾമോ ക്കും ജെറാർഡ് മൊറേനോക്കും ഒയർസബലിനും സ്വിസ്സ് ഗോൾ വലക്കു മുന്നിൽ വന്മതിലായി നിലകൊണ്ട യാൻ സോമറിനെ മറികടക്കാൻ ആയില്ല. എണ്ണം പറഞ്ഞ നിരവധി ഷോട്ടുകളാണ് യാൻ സോമർ കൈപ്പിടിയിൽ ഒതുക്കിയത്.
പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ ആദ്യ കിക്കെടുത്ത സെർജിയോ ബുസ്കെറ്റിസിന് തന്നെ പിഴച്ചത് സ്പാനിഷ് കാമ്പിന്റെ സമ്മർദ്ദം വർധിപ്പിച്ചു. തുടർന്നങ്ങോട്ട് കിക്കെടുത്ത ഷാർ, അക്കൻജി,വർഗാസ് എന്നിവർക്ക് പിഴച്ചപ്പോൾ ഡാനിയൽ ഓൾമോ,ജെറാർഡ് മൊറേനോ,ഒയർസബീൽ എന്നിവർ ലക്ഷ്യത്തിലെത്തിച്ചു St.പീറ്റേഴ്‌സ്ബർഗിൽ സ്പാനിഷ് പതാക ഉയർത്തി പറപ്പിച്ചു