തങ്ങളുടെ ചരിത്രത്തിലെ ആദ്യ അന്താരാഷ്ര മത്സരത്തിനിറങ്ങിയ നോർത്ത് മാസിഡോണിയയെ മൂന്നു ഗോളിന് തകർത്തു ഓസ്ട്രിയ.
37 വയസുള്ള ഗോരെൻ പണ്ടെവ് തന്നെയായിരുന്നു ഇന്നത്തെ മത്സരത്തിലെ ഹൈലൈറ്റ്. 20വർഷമായി മത്സരരംഗത്തു ഉണ്ടായിരുന്നെങ്കിലും ആദ്യമായി ഒരു മേജർ ടൂർണമെന്റിൽ പന്ത് തട്ടാനിറങ്ങിയ പാണ്ഡെവ് ഒരു പാഠമാണ്.തീവ്രമായ ആഗ്രഹവും പരിശ്രമം കൊണ്ടു നേടാൻ പറ്റാത്തതായി ഒന്നുമില്ലെന്ന പാഠം.
ഡേവിഡ് അലബായും, മർസെൽ സബിറ്റസറും നയിച്ച ക്രീയേറ്റീവ് മിഡ്‌ഫീൽഡ് ആയിരുന്നു ഓസ്ട്രിയയുടെ ചാലക ശക്തി. 18ആo മിനുട്ടിൽ നോർത്ത് മാസിഡോണിയൻ ഹൃദയം മുറിച്ചു നൽകിയ കണ്ണഞ്ചിപ്പിക്കുന്ന ഒരു ഡയഗണൽ ക്രോസ്സിലൂടെ ഓസ്ട്രിയ മാസിഡോണിയൻ നെഞ്ചത്തു ആദ്യ വെടി പൊട്ടിച്ചു.
പത്തു മിനിറ്റുകൾക്കുള്ളിൽ തന്നെ ഓസ്ട്രിയൻ പ്രതിരോധ നിരയുടെ പിഴവ് മുതലാക്കി നോർത്ത് മാസിഡോണിയക്കു വേണ്ടി പാണ്ഡെവ് സമനില ഗോൾ കണ്ടെത്തി, മാസിഡോണിയൻ ആരാധകർക്ക് ശുഭ പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പകുതിയിൽ ഓസ്ട്രിയൻ മുന്നേറ്റങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കേണ്ടി വന്നു.
ഓസ്ട്രിയക്കായി പകരക്കാരുടെ ബെഞ്ചിൽ നിന്നും വന്ന ഗ്രീഗോറിച്ചു ഡേവിഡ് അലാബ എന്ന ബയേൺ മ്യൂണിക് ലെജൻഡ് നൽകിയ മഴവിൽ ക്രോസ്സിലൂടെ 78ആo മിനുട്ടിൽ രണ്ടാം ഗോളും.89ആo മിനുട്ടിൽ അർണാടോവിച് മികച്ച മുന്നേറ്റത്തിലൂടെ മൂന്നാം ഗോളും കണ്ടെത്തി ഓസ്ട്രിയൻ വിജയ ഗാഥ പൂർത്തീകരിച്ചു.
നെതെർലാന്റും ഉക്രൈനും അടങ്ങിയ ഗ്രൂപ്പിൽ മുന്നേറാൻ ഓസ്ട്രിയക്ക് ഈ വിജയം നിർണായകമാകും.