എംബപ്പേയും ബെൻസീമയെയും തന്നെയാണ് ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് മുന്നേറ്റ നിരയിൽ അണിനിരത്തിയാണ്. ഗ്രീസ്മാനെ തൊട്ടു പിറകിലും റബിയോട്ട്, പോൾ പോഗ്‌ബ, എൻ ഗോളോ കാന്റെ എന്നിവർ മധ്യ നിരയിലും അണിനിരന്നു. സ്വിറ്റസർലാൻഡിന്റെ കരുത്തു ഷാക്കയും ഷാക്വിരിയും എംബോളോയും.
ഇരു ടീമുകളും വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളിലൂടെ എതിർ പ്രതിരോധങ്ങളെ കീറി മുറിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ലക്ഷ്യം കണ്ടത് സ്വിസ്സ് മുന്നേറ്റങ്ങളാണ്,15ആo മിനുട്ടിൽ സേഫാറോവിചിന്റെ ഹെഡർ സ്വിസ്സ് നിരയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിൽ ക്ലമന്റ് ലെങ്ലേട്ടനു പകരം കിങ്‌സ്‌ലി കോമൻ വന്നത് ഫ്രാൻസ് നിരയുടെ കരുത്തു വർധിപ്പിച്ചു.
ബെഞ്ചമിൻ പവാദിന്റെ സ്ലൈഡിങ് ടാക്കളിങ്ങിൾ നിന്നു ലഭിച്ച പെനാൽറ്റി എടുത്ത റോഡ്രിഗസിനു പിഴച്ചത്, സ്വിസ്സ് ആരാധകർക്ക് നിരാശ സമ്മാനിച്ചു.ഹ്യൂഗോ ലോറിസ് അനായാസമായി പെനാൽറ്റി കൈപ്പിടിയിൽ ഒതുക്കുന്നത് നോക്കി നിൽക്കാനേ റോഡ്രിഗസിനു സാധിച്ചുള്ളൂ.
ലോക ചാമ്പ്യൻമാരുടെ കരുത്തു സ്വിസ്സ് പ്രതിരോധം കാണാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു രണ്ടാം പകുതിയിൽ. അഞ്ചു വർഷങ്ങൾക്കിപ്പുറം ഫ്രാൻസ് ദേശീയ ടീമിലിടം പിടിച്ച കരിം ബെൻസിമ 57ഉം 59ഉം മിനിറ്റുകളിൽ സ്വിസ്സ് പ്രതിരോധം കീറിമുറിച്ചു രണ്ടു ഗോളുകൾ കണ്ടെത്തി ഫ്രാൻസിനെ മത്സരത്തിലേക് തിരിച്ചു കൊണ്ടു വന്നു.
പോൾ പോഗ്‌ബ എന്ന പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഇന്നും യൂറോപ്പിന്റെ പുൽമൈതങ്ങളെ കോരിത്തരിപ്പിച്ചു. ത്രൂ പാസുകൾ അനായാസം കൈമാറുന്ന പോഗ്ബയുടെ പ്രകടനം ഫ്രാൻസിന് മുതൽ കൂട്ട് തന്നെയായിരുന്നു ഈ യുറോയിൽ.
75ആo മിനുട്ടിൽ അതേ പ്രതിഭയുടെ ബൂട്ടിൽ നിന്നും ഉതിർത്ത ഒരു കിടിലൻ ഷോട്ടിലൂടെ ഫ്രാൻസ് മൂന്നാം ഗോളും കണ്ടെത്തി സ്വിസ്സ് നിരക്കെതിരെ ശക്തമായ ആധിപത്യം സ്ഥാപിച്ചു.
ക്രോയേഷ്യ കാണിച്ചു കൊടുത്ത പോരാട്ട വീര്യം സ്വിസ്സർലാന്റും പിന്തുടരുന്ന കാഴചയാണ് പിന്നെ റൊമാനിയൻ സ്റ്റേഡിയത്തിൽ സാക്ഷ്യം വഹിച്ചത്. കെവിൻ എമ്പാബു നൽകിയ അസ്സിസ്റ്റിൽ നിന്നും സേഫാറോവിച് സ്വിസ്സിന്റെ രണ്ടാം ഗോൾ കണ്ടെത്തി.
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഫ്രാൻസ് പ്രതിരോധ നിരയുടെ വിടവ് മുതലെടുത്തു ഗാവ്രനോവിക് സ്വിസ്സ് നിരയെ ഒപ്പമെത്തിച്ചു മത്സരം അധിക സമയത്തേക്ക് നയിച്ചു സ്കോർ 3-3. കോമാന്റെ മികച്ച ഒരു വോളിക്കു ഗോൾ പോസ്റ്റ് വിലങ്ങു തടിയായില്ലെങ്കിൽ മത്സരം നിശ്ചിത സമയത്തു തന്നെ ഫ്രാൻസിന് ജയിച്ചു കേറാമായിരുന്നു.
എക്സ്ട്രാ ടൈമിൽ ബെഞ്ചമിൻ പാവാദിന്റെ വലം കാലൻ ഷോട്ട് തടുത്ത സ്വിസ്സ് ഗോളി യാൻ സോമർ ഫ്രാൻസിനു കാര്യങ്ങൾ എളുപ്പമാകില്ല എന്ന സൂചന നൽകി. എംബപ്പേ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ഫ്രാൻസ് ആരാധകരുടെ നെഞ്ചിടിപ്പേറ്റി.
ഒടുവിൽ പ്രതീക്ഷിച്ചപോലെ തന്നെ സംഭവിച്ചു അമിത പ്രതീക്ഷ ഭാരം താങ്ങാനാകാതെ ഫ്രാൻസ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തകർന്നു വീണു. സ്വിസ്സ് നിര അഞ്ചു പെനാൽറ്റികളും വലയിലെത്തിച്ചപ്പോൾ ഫ്രാൻസിന്റെ അഞ്ചാം പെനാൽറ്റി എടുത്ത എംബാപ്പക്കു പിഴച്ചു.
അമിത പ്രതീക്ഷയുടെ സമ്മർദ്ദം ഒരു പക്ഷെ എംബാപ്പയെ ബാധിച്ചിട്ടുണ്ടാകും,നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത സ്വിസ്സർലാന്റ് തങ്ങളുടെ ആദ്യ യൂറോ കപ്പു ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.
ഫുട്‍ബോൾ അങ്ങനെയാണ് അവസാന വിസിൽ മുഴങ്ങുന്നത് വരേ ആവേശവും പ്രതീക്ഷയും നൽകി നമ്മെ നിരാശരാക്കും, മറുവശത്തു സ്വിസ്സ് നിരയിൽ സന്ദോഷത്തിന്റെ ആഹ്ലാദത്തിന്റെ ആഘോഷ രാവും.