ഡെന്മാർക് പ്രതിഭ ക്രിസ്ത്യൻ എറിക്സൺ 45ആo മിനുട്ടിൽ കളിക്കളത്തിൽ കുഴഞ്ഞു വീണത് ഫുട്‍ബോൾ ലോകത്തെ ആകേ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരുന്നു. അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ ലൊകം മൊത്തമുള്ള കാൽപ്പന്തു പ്രേമികൾ നിമിഷങ്ങളോളം തൊഴുകൈകളുമായി എറിക്സന്റെ ജീവന് വേണ്ടി കേഴുന്ന അതി സുന്ദര ദൃശ്യത്തിന് കൂടി ഈ മത്സരം സാക്ഷിയായി.
പ്രതിഭാ ധാരാളിത്തം കൊണ്ട് നിറഞ്ഞ ഒരുപിടി താരങ്ങളാണ് ഡെൻമാർക്ക് നിരയിൽ അണിനിരന്നത് ഗോൾ വലക്കു മുന്നിൽ പീറ്റർ ഷ്മൈക്കൽ മുതൽ ഇങ്ങോട്ടു പ്രതിരോധ നിരയിൽ AC മിലാൻറെ സൈമൺ ജീയർ,ചെൽസിയുടെ ക്രിസ്റ്റിൻസൺ. മധ്യ നിരയിൽ കളിമെനഞ്ഞു ഡീലാനി,ഹൊജ്‌ബെർഗ്,ക്രിസ്ത്യൻ എറിക്‌സൺ. മുന്നേറ്റങ്ങൾക്ക് കരുത്തായി RB ലെയ്പ്സിഗിന്റെ യുസഫ് പോൾസൺ.
മറുവശത്തു ഫിൻലന്റിന്റെ മുന്നേറ്റങ്ങൾ നയിച്ചത് പ്രീമിയർ ലീഗിൽ നോർവിച് സിറ്റിക്കായി മിന്നി തിളങ്ങിയ പുക്കി ആയിരുന്നു.ആദ്യ മിനുട്ടു മുതൽ പന്തടക്കത്തിലും കളിമികവിലും മികച്ചു നിന്നതു ഡെൻമാർക്ക് തന്നെയായിരുന്നു. പലപ്പോഴും മത്സരം പരുക്കൻ സ്വഭാവം പുറത്തെടുത്തിരുന്നു, ഇരു ടീമുകളും ഗോൾ കണ്ടെത്താൻ നന്നേ പാടുപെട്ടു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ത്രോ ബോൾ സ്വീകരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ ക്രിസ്ത്യൻ എറിക്‌സൺ ഫുട്‍ബോൾ പ്രേമികളെ ഒന്നടങ്കം ഒരു നിമിഷം ആശങ്ക സ്തബ്ധരാക്കി. എന്നാൽ സമ്മർദ്ദം നിറഞ്ഞ ആ ഘട്ടത്തിലാണ് ഒരു യഥാർത്ഥ നായകനെ നാമവിടെ കണ്ടത്ത്. ഞൊടിയിടയിൽ സംഭവ സ്ഥലത്തു പാഞ്ഞടുത്ത സൈമൺ ജീയർ എന്ന ഡെൻമാർക്ക് നായകൻ എറിക്സണ് ചുറ്റും സ്വന്തം ടീമിലെ താരങ്ങളെ വച്ച് മറ തീർത്തു മെഡിക്കൽ സംഘത്തെ CPR നൽകാൻ മുന്നിട്ടു നിന്നു.
ഫുട്‍ബോൾ എന്നാൽ കളിക്കളത്തിലെ വീറും വാശിയും പോരും മാത്രമല്ലെന്നും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കളിയാണെന്നും ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്തു ഡെന്മാർക്കിന്റെയും ഫിൻലാന്റിന്റെയും താരങ്ങൾ.
മെഡിക്കൽ സംഘത്തിന്റെ ശുസ്രൂഷകൾ നടക്കുന്നതിനിടയിൽ ലൊകം മൊത്തം എറിക്സന്റെ ജീവനായി പ്രാർത്ഥനാ മുഖരിതമായിരുന്നു. ഒടുവിൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ സംഘം എറിക്സനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകും വഴി മറ നൽകാൻ ഫിൻലാൻഡ് ആരാധകർ സ്വന്തം ദേശീയ പതാക തന്നെ നൽകിയത് രാജ്യാതിർത്തികൾക്കപ്പുറം മാനവ സ്നേഹത്തിന്റെ ഉദാത്ത മാത്രകയായി.
മുൻപെങ്ങും അനുഭവ പരിചയമില്ലാത്ത ഘട്ടത്തിലൂടെ കടന്നു പോയ കോപ്പൻഹേഗൻ സ്റ്റേഡിയത്തെ സാക്ഷി നിർത്തി യുവേഫ താൽക്കാലികമായി മത്സരം നിർത്തി വെച്ചുകൊണ്ടുള്ള അറിയിപ്പ് നൽകി. ടോട്ടൻഹാമിൽ പന്ത് തട്ടിയത് മുതൽ ഫുട്‍ബോൾ ലൊകം അക്ഷമരായി ശ്രദ്ധിച്ചു തുടങ്ങിയ പേരാണ് ക്രിസ്ത്യൻ എറിക്സൺ. ഹാരി കെയ്ൻ ന്റെ ബൂട്ടുകളുടെ ചാലക ശക്തിയായിരുന്നു എറിക്സൺ അക്കാലത്തു അവിടെ.
ഹാരി കെയ്‌നിന്റെ മിക്ക മുന്നേറ്റങ്ങളുടെയും കടിഞ്ഞാൺ എറിക്സൺന്റെ ബൂട്ടുകളിൽ ആയിരുന്നു. ഒട്ടുമിക്ക ക്ലബ്ബുകളുടെയും പ്രധാന ട്രാൻസ്ഫർ ടാർഗെറ്റുകളിൽ ഒന്നായ എറിക്സൺ ഇന്റർമിലാനിലാണ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ചേക്കേറിയത്. ഇന്റർമിലാനൊപ്പം സിരി എ കിരീടം നേടുന്നതിലും എറിക്‌സൺ നിർണായകമായി ശക്തിയായി പ്രവർത്തിച്ചു. കളിച്ച മത്സരങ്ങളിലൊക്കെ സ്വന്തം കാൽ പാടുകൾ പതിപ്പിക്കാറുള്ള എറിക്സണ് പലപ്പോഴും പരിക്ക് ഒരു വില്ലനായിരുന്നു.
കുറച്ചു നേരത്തെ അനിശ്ചിത്വത്തം ഒഴിവാക്കി എറിക്സൻറെ ആരോഗ്യ നില പൂർണമായും തൃപ്തി കരമാണെന്ന അറിയിപ്പ് വന്നയുടൻ കോപ്പൻഹേഗനിൽ തിങ്ങി നിറഞ്ഞ ആരാധകർ ആനന്ദാശ്രുക്കളാൽ വിണ്ണിലേക്കു നോക്കി സർവശക്തനു നന്ദി പറയുന്ന സുന്ദര ദൃശ്യത്തിനും സ്റ്റേഡിയം സാക്ഷിയായി.
എറിക്‌സൺ അപകട നില തരണം ചെയ്തതിനെ തുടർന്ന് മത്സരം പുനരാരംഭിച്ചു കൊണ്ടുള്ള യുവേഫ യുടെ മറ്റൊരു അറിയിപ്പ് കൂടി വന്നു. പക്ഷെ ഡെൻമാർക്ക് താരങ്ങൾ ആ ഷോക്കിൽ നിന്നും പുറത്തു കടന്നിട്ടുണ്ടായിരുന്നില്ല.
കളി പുനരാരംഭിച് 59ആo മിനുട്ടിൽ ജോയേൽ പൊഹജൻപാലോയുടെ സൂപ്പർ ഹെഡ്‍റിൽ നിന്നും ഫിൻലാൻഡ് തങ്ങളുടെ ആദ്യ അന്താരഷ്ട്ര ഗോൾ കണ്ടെത്തി വിജയ കാഹളം മുഴക്കി.പക്ഷെ തുളളി ചാടിയ ഫിൻലാൻഡ് ആരാധകരെ അനുനയിപ്പിച്ചു നിർത്തുന്ന ഫിൻലാൻഡ് താരങ്ങളെയാണ് നമുക്ക് അവിടെ കാണാനായത്.
74ആo മിനുട്ടിൽ ഹൊജ്‌ബെർഗ് എടുത്ത പെനാൽറ്റി ഫിൻലാൻഡ് ഗോളി തട്ടി അകറ്റുകുക കൂടി ചെയ്തതോടെ ഫിൻലാൻഡ് വിജയം ഉറപ്പിച്ചിരുന്നു. യുസഫ് പോൾസണും, എറിക്സൻറെ പകരം കളിക്കളത്തിൽ വന്ന മതിയാസ് ജെൻസണും അവസരങ്ങൾ തുലച്ചതോടെ ഫിൻലാൻഡ് ഫുട്‍ബോൾ ഇന്നത്തെ ദിവസം തങ്ക ലിപികളിൽ എഴുതി ചേർക്കപ്പെടുത്തി.