മലയാള കരയിൽ ഭ്രാന്തൻ അല്ലേൽ മലബാർ സൈഡിൽ പിരാന്തൻ എന്ന് മറ്റൊരാൾ നമ്മെ നോക്കി വിളിക്കുമ്പോൾ ഏതൊരാളുടെയും നെറ്റി അല്പമൊന്നു ചുളിയും എന്ന കാര്യം തീർച്ച എന്നാൽ ഫുട്ബാൾ ഭ്രാന്തൻ എന്ന് വിളിക്കുമ്പോൾ എന്നെ പോലുള്ള ഓരോരോ കാൽപ്പന്തു പ്രേമിയും ഒരൽപം അഭിമാന പുളകിതരാകാറാണ് പതിവ്. അതങ്ങനെ ആണ് തങ്ങളുടെ ഇഷ്ട ടീം ഇഷ്ട താരം കളം നിറഞ്ഞു കളിച്ചു കളിക്കളത്തിൽ നിറഞ്ഞാടുന്നത് കാണുമ്പോൾ നാമേവരും ഓരോ ഫുട്ബോൾ ഭ്രാന്തൻമ്മാരായി മാറാറാണ് പതിവ്.
ഫുട്ബോൾ ദൈവം പെലെ മുതൽ ഇന്നിവിടെ എത്തി നിൽക്കുന്ന മെസ്സി റൊണാൾഡോ Greatest of all time (GOAT ) ചർച്ച വരെ നാം ആസ്വദിച്ചതും ന്യായീകരങ്ങൾ കണ്ടെത്തിയതും നമ്മുടെ ഓരോരാളുടെയും ഉള്ളിൽ നിറഞ്ഞു കവിയുന്ന കാൽപ്പന്തു കളി എന്ന വികാരത്തോടുള്ള അടങ്ങാത്ത അധിനിവേശം ഒന്ന് കൊണ്ട് മാത്രമാണ്.
കാലപ്പന്തു വേദി മത്സര തീക്ഷണത കൊണ്ട് മാത്രമല്ല ലോക ശ്രദ്ധ ആകർഷിക്കാറു, അവിടം പോരാട്ടങ്ങളുടെ അധി ജീവനത്തിന്റെ വർണ വെറിയോടുള്ള സന്ധിയില്ല സമര വേദികൾ കൂടി ആയി മാറുമ്പോൾ കൂടിയാണ്. അവിടം കറുപ്പോ വെളുപ്പോ മതമോ ജാതിയോ ഒന്നും ഇല്ലാത്ത മനുഷ്യരുടെ സംഗമ ഭൂമി കൂടിയാണ്.
ലാറ്റിൻ അമേരിക്കൻ സൗധര്യ ഫുട്ബോളും യൂറോപ്പ്യൻ ആക്രമണ ഫുട്‍ബോളും ഒരുപോലെ നമുക്ക് അനുഭവ ഭേദ്യമാകുന്നത് നമ്മുടെ ഉള്ളിൽ ഉള്ള ഫുട്ബാൾ ഭ്രാന്തു കൊണ്ട് കൂടിയാണ്. മെസ്സിയും റൊണാൾഡോയും എംബപ്പേയും ഹാളണ്ടും ഗോളടി മേളം തുടങ്ങുമ്പോൾ നമ്മുടെ ഉള്ളിന്റെ ഉള്ളിലും അറിയാതെ തുടി കൊട്ടുണരുന്നത് ഫുട്ബോൾ എന്ന മാസ്മര കായിക വിനോദത്തിന്റെ വശ്യത ഒന്ന് കൊണ്ട് മാത്രമാണ്.
ഇഗ്ലീഷ് പ്രീമിയർ ലീഗിലെ ആക്രമണോല്സുകതയും ഇറ്റാലിയൻ ലീഗിലെ പ്രതിരോധ തന്ത്രങ്ങളും ബുണ്ടിസ്ലീഗയിലെ ആരാധക കൂട്ടായ്മയുടെ ആർപ്പുവിളികളും ഫ്രഞ്ച് ഫുട്‍ബോളിന്റെ കളി മികവും ല ലീഗയിലെ ടാക്ടിക്കൽ ബ്രില്ലിയൻസും നാമേവരെയും ഇന്നേ വരെ വിസ്മയിപ്പിച്ചിട്ടേ ഉള്ളു. ചാമ്പ്യൻസ് ലീഗ് ഉറക്ക മിളച്ചു കാണാനുള്ള പ്രചോദനവും മുകളിൽ പറഞ്ഞ ആ ദൃശ്യ വിസ്മയം തത്സമയം ദർശിക്കാൻ വേണ്ടി കൂടിയാണ്.
അല്പം വൈകി എന്നറിയാം എന്നാലും ഒരിക്കൽകൂടി എല്ലാ ഫുട്‍ബോൾ പ്രാന്തൻമാർക്കും ഫുട്ബാൾ ദിനാശംസകൾ.