in ,

കച്ചവടകണ്ണുള്ള കഴുകന്മാർ കൊത്തിപ്പറിക്കുന്ന ഫുട്‌ബോൾ…

Football is for the Fans.
Football is for the Fans. (Twitter)

കഷ്ടിച്ചു തൊണ്ണൂറു വാരമാത്രം വരുന്ന കുമ്മായ വരക്കുള്ളിൽ കാറ്റു നിറച്ച ഒരു പന്തിന് പിന്നാലെ ഇരുപത്തിരണ്ട് പേർ വിജയം മാത്രം ലക്ഷ്യമാക്കി പോരാടുമ്പോൾ ലോകം മുഴുവൻ അതിനെ ഉറ്റുനോക്കും, സ്വന്തം ശ്വാസ ഗതി പോലും വരിഞ്ഞു മുറുക്കി നെടുവീർപ്പിടാൻ പോലും മറന്ന് ഇനിയെന്താണ് നടക്കാൻ പോവുകയെന്നു ചിന്തിച്ചുകൊണ്ട് ആ കാറ്റു നിറച്ച പന്തിനെ സാകൂതം നോക്കി നിൽക്കും, ലോകം ഒരു പന്തിനോളം ചുരുങ്ങുന്ന വശ്യമായ സൗന്ദര്യം അതാണ് ഈ കളിയുടെ ജീവ നാഡിയും.

എന്നാൽ കലയെ കച്ചവടം ചെയ്യുന്നതു പോലെ കാൽപ്പന്തിനെയും ചിലർ കച്ചവടച്ചരക്കാക്കുന്നുവോ എന്ന സംശയം ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികൾക്ക് ഉണ്ട്. അതിലേക്ക്‌തന്നെയാണ് യൂറോപ്യൻ സൂപ്പർ ലീഗിനെച്ചൊല്ലിയുള്ള വിവാദങ്ങൾ വിരൽ ചൂണ്ടുന്നത്.

ഫുട്ബാൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ യൂറോപ്യൻ സൂപ്പർ ലീഗ് വരുന്നു എന്ന വാർത്ത വളരെ പ്രതീക്ഷകളോടെ ആണ് ആരാധകർ ശ്രവിച്ചത്. യൂറോപ്പിലെ പച്ചപ്പുൽ മൈതാനത്ത് അഗ്‌നി പടർത്തി ആവേശത്തിന്റെ തീ ആളിക്കത്തിക്കാൻ 12 പ്രമുഖ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന യൂറോപ്യൻ സൂപ്പർ ലീഗ് വമ്പൻ ഫുട്‌ബോൾ വിരുന്നാണ് ആരാധകർക്ക് ഓഫർ ചെയ്തത്.

യൂറോപ്പിലെ വമ്പൻ ലീഗുകളിലെ വമ്പൻ ടീമുകളെ മാത്രം ഉൾക്കൊള്ളുന്ന ത്രസിപ്പിക്കുന്ന , ചാമ്പ്യൻ ടീമുകളെ മാത്രം ഉൾപ്പെടുത്തിയുള്ള ഫുട്‌ബോൾ മാമാങ്കം ആകും യൂറോപ്യൻ സൂപ്പർ ലീഗ്.

പ്രീമിയർ ലീഗിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ്, ആഴ്‌സണൽ, ടോട്ടെൻഹാം, ചെൽസി, ലിവർപൂൾ എന്നീ ടീമുകളും ലാലിഗയിൽ നിന്ന് ബാഴ്സലോണയും , അത്ലറ്റികോ മാഡ്രിഡും , റയൽ മാഡ്രിഡും ഇറ്റാലിയൻ ലീഗിൽ നിന്നും എസി മിലാനും ഇന്റർ മിലാനും ജുവെന്റസുമാണ് സൂപ്പർ ലീഗിൽ പങ്കെടുക്കുക.

അതെ സമായം ഫ്രഞ്ച് ലീഗിലെയും ജർമൻ ലീഗിലെയും ടീമുകൾ സൂപ്പർ ലീഗിൽ പങ്കെടുക്കില്ല. യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ യുവെഫയുടെയും ഫിഫയുടെയും എതിർപ്പുണ്ട് .

ഫുട്ബോളിൽ പലപ്പോഴും പലരുടെയും സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നത്‌ പരസ്യമായ രഹസ്യം ആണ്. ഈ ഫുട്ബോൾ വ്യവസായത്തിൽ നിന്നും ഏറ്റവുമധികം നേട്ടം കൊയ്യുന്നത് കുത്തകാവകാശം പോലെ എല്ലാം കൈപ്പിടിയിൽ അടക്കി വച്ചിരിക്കുന്ന ഫിഫയും യുവേഫയും തന്നെയാണ്, ഇവർക്കെതിരെയുള്ള മുറുമുറുപ്പ് പലപ്പോഴും ഉയർന്നു കേട്ടതുമാണ് അതിലേക്ക് തന്നെയാണ് പുതിയ സംഭവ വികാസങ്ങൾ വിരൽ ചൂണ്ടുന്നത്.

വെറുമൊരു കായിക വിനോദം എന്നതിലുപരിയായി ഒരു സംസ്കാരത്തിന്റെ മഹത്വമുള്ള വികാരമാണ് ഫുട്ബോൾ, മഹായുദ്ധങ്ങളെ പോലും പിടിച്ചു കെട്ടുവാൻ കെൽപ്പുള്ള ഒരു വശ്യതയാണ് ഫുട്ബോൾ, എന്നാൽ ചിലരൊക്കെ ചേർന്നു അതിനെ വെറുമൊരു കച്ചവടച്ചരക്കാക്കുന്നു ഫുട്ബോളിനെ വിറ്റു തിന്നു കൊഴുത്തവരിൽ പ്രധാനികൾ യുവേഫയും ഫിഫയുമാണ് എന്നാൽ ഇതിലേക്ക് യൂറോപ്യൻ സൂപ്പർ ലീഗിന്റെ കഴുകൻ കണ്ണു കൂടി പതിഞ്ഞിരിക്കുകയാണ് ഇപ്പോൾ.

സൂപ്പർ ലീഗിൽ പങ്കെടുത്താൽ ലഭിക്കുന്ന വലിയ പ്രതിഫലത്തുക തന്നെയാണ് മേൽപ്പറഞ്ഞ വമ്പൻ ക്ലബുകൾക്ക് പുതിയ ടൂർണ്ണമെന്റിനോട് ഇത്രയധികം താല്പര്യമുണ്ടാകാൻ കാരണമെന്നതു വ്യക്തമാണ്. ന്യൂയോർക്ക് ടൈംസിന്റെ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ ലീഗിൽ പങ്കെടുത്താൽ മാത്രം ഓരോ ക്ലബിനും നാനൂറു മില്യൺ ഡോളർ വരെയാണ് പ്രതിഫലമായി ലഭിക്കുക. നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികൾക്ക് ലഭിക്കുന്നതിന്റെ നാലിരട്ടിയാണ് ഈ തുക.

സൂപ്പർ ലീഗിൽ പങ്കെടുക്കാൻ ആദ്യം സമ്മതമറിയിക്കുന്ന പതിനഞ്ചു ക്ലബുകൾക്ക് സ്ഥിരമായി സ്ഥാനം ലഭിക്കുന്ന തരത്തിലാണ് ടൂർണ്ണമെന്റ് തയ്യാറാക്കുന്നത്. ഇതിനു പുറമെ അഞ്ചു ക്ലബുകളെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഓരോ വർഷവും ക്ഷണിച്ച് ഇരുപതു ടീമുകൾ തമ്മിലുള്ള മത്സരമാണ് നടക്കുക. പത്ത് ടീമുകളടങ്ങുന്ന രണ്ടു ഗ്രൂപ്പുകളായി ഇവരെ തിരിച്ച് ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ നാല് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.

യൂറോപ്യൻ സൂപ്പർ ലീഗിനെ മുളയിലെ നുള്ളാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് യുവേഫയും ഫിഫയും. ഫിഫ ലോകകപ്പ് കളിക്കുന്നതിൽ നിന്നു സൂപ്പർ ലീഗ് കളിക്കുന്ന താരങ്ങളേയും അതുപോലെ യുവേഫയും ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിൽ നിന്നു സൂപ്പർ ലീഗ് താരങ്ങളെയും വിലക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ തന്നെ തങ്ങൾ വേണമെങ്കിൽ സമാന്തര ലോകകപ്പ് സംഘടിപ്പിച്ചു കൊണ്ടായാലും ഇതിനെനേരിടും എന്നാണ് സൂപ്പർ ലീഗ് അനുകൂലികളുടെ നിലപാട്.

യുവേഫയുടെയും ഫിഫയുടെയും വേലിക്കെട്ടുകൾ പൊളിച്ചു ഫുട്ബോളിനെ സ്വതന്ത്രമാക്കാനാണ് തങ്ങളുടെ ശ്രമം എന്നു സൂപ്പർ ലീഗ് അധികാരികൾ എത്ര സമർത്ഥിച്ചാലും വമ്പൻ ക്ലബ്ബുകളുടെ പണക്കൊഴുപ്പിന് മുന്നിൽ ഞെരിഞ്ഞമർന്ന് പോയ നിരവധി കുഞ്ഞൻ ക്ലബ്ബുകളുടെ നിലവിളി ശബ്ദം കൂടി ഉൾക്കൊള്ളാൻ കഴിയുന്നില്ല എങ്കിൽ സൂപ്പർ ലീഗിനെ നീതിയുടെ പ്രതിരൂപമായി കാണാൻ കഴിയില്ല.

ശക്തമായ ആരാധക പ്രക്ഷോഭങ്ങൾക്ക് വഴങ്ങി ആദ്യം സൂപ്പർ ലീഗ് കളിക്കാൻ സന്നദ്ധത അറിയിച്ച പല ടീമുകളും പിൻവാങ്ങുകയാണ്.

പക്ഷേ ആരൊക്കെ എന്തൊക്ക ചെയ്തു എന്ന് പറഞ്ഞാലും ഫുട്ബോളിനെ ജീവശ്വാസമായി കൊണ്ടു നടക്കുന്ന ഫുട്‌ബോൾ ആരാധകർ ഉള്ളിടത്തോളം കാലം ഫുട്ബോൾ എന്ന മഹത്തായ സംസ്കാരം അതിജീവിക്കുക തന്നെ ചെയ്യും അതിനെ കൊല്ലാൻ ആർക്കും കഴിയില്ല ഒരിക്കലും.

ഫുട്ബാൾ സ്വതന്ത്രമാവണം ഒരു ഫിഫക്കും യുവേഫക്കും സൂപ്പർ ലീഗിനും അതിനെ തീറെഴുതി കൊടുക്കാൻ പറ്റില്ല, ഇനി അഥവാ ആരെങ്കിലും അങ്ങനെ ശ്രമിച്ചാലും അതിനെയെല്ലാം കാല്പന്തെന്ന കാവ്യം അതിജീവിക്കും അതാണ് കാലം നമ്മളെ കാണിച്ചു തന്ന കാവ്യനീതി…

Juventus 3 - Parma 1.

ഇറ്റാലിയൻ മണ്ണിൽ യുവന്റസ് വീണ്ടും വിജയ വഴിയിൽ

Representative Image.

കരോളിന മാരിനും കെന്റോ മൊമോട്ടയും നിരാശയിൽ