ഇന്ത്യൻ ക്രിക്കറ്റിലെ യങ് സെൻസേഷൻ ആണ് ഋഷഭ് പന്ത്. ആരാധകർക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കാൻ ആവശ്യമായ സകല വിഭവങ്ങളും ഉൾപ്പെടുത്തുന്ന കിടിലൻ സദ്യ പോലെയാണ് പന്തിന്റെ ബാറ്റിങ്. ഐ പി എല്ലിന് മുമ്പ് നടന്ന ഓസ്‌ട്രേലിയൻ സീരീസ് അക്ഷരാർത്ഥത്തിൽ പന്തിന്റെ ജാതകം തന്നെ മാറ്റി എഴുതി.
ശാസ്ത്രി മാമന്റെ കുഞ്ഞാവയെന്ന് പുച്ഛിച്ചവർ തന്നെ പന്തിനെ അതിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയുടെ പ്രതീക്ഷ എന്നായിരുന്നു വിളിച്ചത്. തുടക്കത്തിൽ പ്രായക്കുറവിന്റെ പതർച്ച മൂലം ഒന്നു വിറച്ചു പോയി എങ്കിലും ഈ IPL സീസണിൽ പന്ത് തന്റെ നായക പാടവവും തെളിയിച്ചു.
മുൻ സീസണുകളെ അപേക്ഷിച്ച് ഋഷഭ് പന്തിന്റെ കീഴിൽ പുതിയ ഡൽഹി ക്യാപിറ്റൽസ് ഏറെ സുസ്ഥിരമായ പ്രകടനം ആണ് നടത്തിയത്. IPL പാതി വഴിയിൽ എത്തിയപ്പോൾ പോയിന്റ് പട്ടികളുടെ തലപ്പത്ത് പോണ്ടിങ് വളർത്തുന്ന പന്തിന്റെ നേതൃത്വത്തിലുള്ള യുവതുർക്കികൾ ആണ്.
എന്നാൽ പന്തിനെ നായക സ്ഥാനത്ത് നിന്നും നീക്കണം എന്ന അഭിപ്രായം ആണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രക്ക്. പന്തിന്റെ ക്യാപ്റ്റൻസി പോര എന്ന അഭിപ്രായം ചോപ്രക്ക് ഇല്ല എങ്കിലും ശ്രേയസ് അയ്യർ തന്നെ ഡൽഹി ക്യാപ്റ്റൻ ആകുന്നതാണ് കൂടുതൽ നല്ലത് എന്ന് ആണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അയ്യർ പരുക്ക് പറ്റി പോയപ്പോൾ ആണ് നായക സ്ഥാനത്തേക്ക് പന്തിന് നറുക്ക് വീണത്. അത് കൊണ്ട് ശ്രേയസ് അയ്യർ മടങ്ങി വരുമ്പോൾ പന്ത് ക്യാപ്റ്റൻസി മടക്കി നൽകണം എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.