in ,

ഗൗതം ഗംഭീർ IPL ലേക്ക് തിരിച്ചെത്തുന്നു, പുതിയ റോൾ ലക്നൗ ടീമിനൊപ്പം!

മുൻ കൊൽക്കത്ത നൈറ്റ് റൈഡേസ് ക്യാപ്റ്റനും ഇന്ത്യൻ ഓപണറും ആയിരുന്ന ഗൗതം ഗംഭീർ IPL ലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇത്തവണ വേഷം മെന്ററുടേത് ആണ് – പുതിയ ഫ്രഞ്ചൈസികളിൽ ഒന്നായ ലക്നൗവിന്റെ മെന്റർ! കഴിഞ്ഞ ദിവസമാണ് മുൻ സിംബാബ്വെ പ്ലയർ ആന്റി ഫ്ലവറിനെ ടീമിന്റെ കോച്ചായി പ്രഖ്യാപിച്ചത്. ലോകേഷ് രാഹുൽ നായകനാവും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമിന്റെ പരിശീലക സംഘത്തിലേക്ക് ഗൗതം ഗംഭീര്‍ എത്തുന്നത് ടീമിന് ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയങ്ങളില്ല.

മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ക്രിക്കറ്റിൽ രണ്ടാം ഇന്നിങ്സിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. പുതിയ ടീമായ ലക്നൗ ഫ്രാഞ്ചൈസിയുടെ ‘മെന്റർ’ റോൾ ആണ് ഗൗതം ഗംഭീർ ഏറ്റെടുത്തിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് വട്ടം IPL കിരീടം നേടിയ നായകൻ കൂടിയായ ഗംഭീർ 2018 ലാണ് IPL നോട് വിടപറഞ്ഞത്. കഴിഞ്ഞ മൂന്ന് സീസണുകളിൽ കമന്റേറ്റർ, അനലിസ്റ്റ് റോളുകളിൽ സജീവനായിരുന്നു ഈ മുൻ ഓപണർ. കൂടാതെ ഡൽഹിയിൽ നിന്നുള്ള ലോക്സഭാ അംഗം (എം.പി) കൂടിയാണ്.

7000 കോടി രൂപയിലധികം ചിലവഴിച്ച് RP സഞ്ചീവ് ഗോയങ്ക ഗ്രൂപ്പ് സ്വന്തമാക്കിയ ടീമാണ് ലക്നൗ. IPL ലെ ഏറ്റവും പുതിയ ടീമുകളിൽ ഒന്നായ ലക്നൗ കാശ് എറിഞ്ഞ് തന്നെ കളിക്കാനുള്ള തയാറെടുപ്പിലാണ്. KL രാഹുലിനെ പോലൊരു താരത്തെ ആദ്യമെ തന്നെ വല വീശിയെത്തു എന്ന് പറയപ്പെടുന്നു, (അക്കാര്യത്തിൽ വരും ദിവസങ്ങളില്‍ വ്യക്തത ഉണ്ടാവും.) മുൻ സിംബാബ്വെ ക്യാപ്റ്റന്‍ ആയിരുന്ന ആന്റി ഫ്ലവറിനെ മുഖ്യ പരിശീലകന്‍ ആയി ടീമെത്തിച്ച വാർത്ത സ്ഥിരീകരിച്ചത് ഇന്നലെയാണ്, CPL ഉൾപടെയുള്ള പല ഫ്രാഞ്ചൈസ് ക്രിക്കറ്റ് ലീഗുകളിൽ മികവ് തെളിയിച്ച കോച്ചാണ് ഫ്ലവർ.

കോച്ചിങ് സ്റ്റാഫ് എന്ന റോൾ ഗംഭീറിന് പുതിയതാണ്. ഹോം ടീമായ ഡൽഹി ഡെയർഡെവിൾസിന് വേണ്ടി IPL കരിയർ ആരംഭിച്ച ഗംഭീറിനെ 2011 ലേലത്തിന് മുന്നെ ടീം ഒഴിവാക്കി. അവിടെ നിന്നും നൈറ്റ് റൈഡേസിൽ എത്തി, ക്യാപ്റ്റൻ ആയി. രണ്ടാം വർഷം തന്നെ ടീമിനെ IPL ചാമ്പ്യന്‍സ് ആക്കാൻ ഗംഭീറിന് കഴിഞ്ഞു. ഒരു സീസണിന് ശേഷം 2014 ൽ കൊൽക്കത്ത വീണ്ടും ചാമ്പ്യന്‍സ് ആയി, CSK ക്കൊപ്പം രണ്ട് കിരീടം എന്ന റെക്കോഡിൽ എത്തി കൊൽക്കത്തയും. പിന്നീട് മൂന്ന് സീസണുകളിൽ കിരീടം കിട്ടാക്കനി ആയി ഗംഭീറിനും KKR നും.

ഈ കാലയളവില്‍ ഇന്ത്യൻ ടീമിൽ നിന്ന് കൂടി പുറത്തായ ഗംഭീർ തന്റെ കരിയറിന്റെ അവസാന കാലം ഡൽഹിക്കൊപ്പം ചിലവഴിക്കണം എന്ന് ആഗ്രഹിച്ച് KKR നോട് വിടപറഞ്ഞു. വലിയ സ്വപ്നങ്ങളുമായി ഡൽഹിയിലേക്ക് എത്തിയ ഗൗതിക്ക് ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല, ആദ്യ അഞ്ച് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയതോടെ ഗംഭീർ ക്യാപ്റ്റന്‍ സ്ഥാനം സ്വയം ഒഴിഞ്ഞു, അതോടെ ടീമിൽ നിന്ന് പുറത്താവുകയും അതിന് ശേഷം വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. 2018 ദുരന്തം സീസൺ ആയിരുന്നു എങ്കിലും പിന്നീട് ശ്രേയസ് അയ്യറുടെ കീഴിൽ ഡൽഹി മികച്ച പ്രകടനങ്ങൾ നടത്തി മുന്നേറി!

RPSG ഗ്രൂപ്പിനെ സംഭവിച്ചിടത്തോളം ഇതൊരു അഭിമാന പോരാട്ടമാണ്. ലക്നൗ പുതിയ ടീമാണ് എങ്കിലും 2016-17 സീസണുകളിൽ IPL ന്റെ ഭാഗമായിരുന്ന റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ് എന്ന ടീം ഇതേ ഗ്രൂപ്പിന്റെ ആണ്. 2016 ൽ മോശം പ്രകടനങ്ങൾ നടത്തി എങ്കിലും, 2017 ൽ ഫൈനലിൽ എത്തിയ ടീമാണ് പൂനെ. അന്ന് കൈയ്യകലെ നഷ്ടമായ കിരീടം തിരിച്ച് പിടിക്കലാണ് ലക്ഷ്യമെന്ന് ഓണർ സഞ്ചീവ് ഗോയങ്കയും വ്യക്തമാക്കിയിരുന്നു. നിലവിൽ ജനുവരി ആദ്യത്തോടെ മെഗാ ലേലം പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍, പുതിയ ടീമുകളിൽ നിന്നും പല പുതിയ വാർത്തകളും വരാനുണ്ട്!

സച്ചിൻ ടെൻഡുൽക്കറെയും ക്ലാർക്കിനെയും മറികടന്ന് ജോ റൂട്ട്! ഇത് റൂട്ടിന്റെ വർഷം!

മുംബൈയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന് ഒരേയൊരു വഴി മാത്രം