താരപ്പെരുമയുമായി വന്നു നിർണായക മത്സരങ്ങളിൽ കാലിടറി വീഴുന്നവർ എന്നായിരുന്നു ഇതുവരെയും ഇംഗ്ലണ്ട് ടീമിന് ഉണ്ടായിരുന്ന ദുഷ്പേര് എന്നാൽ അതെല്ലാം ഇപ്പോൾ മാറുന്ന ലക്ഷണമാണ് കണ്ടു തുടങ്ങിയിരിക്കുന്നത്. ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ഒക്കെ ജന്മനാടാണ് ഇംഗ്ലണ്ട് എങ്കിലും ഇതുവരെയും അവയിലൊന്നും ഒരു വിശ്വകിരീടം നേടുവാനുള്ള യോഗം ഇംഗ്ലണ്ട് ടീമിന് ഉണ്ടായിരുന്നില്ല.
എന്നാൽ കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ട് നേടി അവരുടെ നാട്ടിൽ എത്തിച്ചു. ഫുട്ബോളിലും ഇംഗ്ലണ്ടിന് കിരീട വരൾച്ച അവസാനിക്കുന്ന ലക്ഷണങ്ങളാണ് കണ്ടു തുടങ്ങിയിരിക്കുന്നത്. ഗാരിത് സൗത്ത് ഗേറ്റ് എന്ന പരിശീലകന്റെ കീഴിൽ അവിശ്വസനീയമായ കുതിപ്പാണ് ഈ യൂറോ കപ്പിൽ ഇംഗ്ലണ്ടിലെ യുവനിര നടത്തിക്കൊണ്ടിരിക്കുന്നത്.
വളരെ മനോഹരമായി കളിച്ച് തന്നെ സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ് സൗത്ത് ഗേറ്റിന്റെ കുട്ടികൾ ടീമിനെ എല്ലാ മേഖലയിലും മുന്നിൽ തന്നെ നിർത്തുവാൻ സൗത്ത് ഗേറ്റ് എന്ന പരിശീലകന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്.
സെമിയിൽ താരതമ്യേനെ ദുർബലർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡെന്മാർക്ക് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. എന്നാൽ അവരെ വിലകുറച്ച് കാണരുത് എന്ന് തന്റെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇംഗ്ലീഷ് പരിശീലകനായ സൗത്ത് ഗേറ്റ്
പ്രത്യക്ഷത്തിൽ ഡെൻമാർക്ക് ദുർബലർ ആയിരിക്കാം പക്ഷേ അവരെ ഇക്കുറി മുന്നോട്ടു നയിക്കുന്ന അതിവൈകാരികമായ ഒരു ശക്തിയുണ്ട്. അവരുടെ പ്രിയപ്പെട്ട സഹതാരം ആയിരുന്ന ക്രിസ്ത്യൻ എറിക്സൺ ആദ്യമത്സരത്തിൽ കളിക്കളത്തിൽ കുഴഞ്ഞുവീണത് സൃഷ്ടിച്ച ഷോക്കിൽ നിന്നും മുക്തരാകും മുമ്പേ യുവേഫയുടെ നിർബന്ധം കാരണം വീണ്ടും കളിച്ചു വളരെ ദുർബലരായ ഫിൻലാന്റിനോട് പരാജയപ്പെടുകയായിരുന്നു അവർ.
എന്നാൽ പിന്നീട് ക്രിസ്ത്യൻ എറിക്സനുവേണ്ടി അവർ സിരകളിൽ ഊർജ്ജം ആവാഹിച്ച്, ആയിരുന്നു ഓരോ മത്സരത്തിലും ബൂട്ട് കെട്ടിയിരുന്നത് അതിൻറെ ഫലമാണ് വമ്പൻ ടീമുകളെയെല്ലാം അട്ടിമറിച്ച് ഡെന്മാർക്ക് സെമിയിലേക്ക് മുന്നേറിയത്. ദുർബലർ എന്നുപറഞ്ഞ് ഡെൻമാർക്കിനെ എഴുതിത്തള്ളുകയാണെങ്കിൽ ഇംഗ്ലീഷ് താരങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് തന്നെയാണ് തന്റെ കുട്ടികൾക്ക് സൗത്ത് ഗേറ്റ് നൽകുന്ന മുന്നറിയിപ്പ്.
അവരെ മുന്നോട്ടു നയിക്കുന്ന വൈകാരികമായ കനൽപോലെ നീറുന്ന ഒരു ശക്തിയുണ്ട് അവരുടെ ഹൃദയത്തിൽ, അതുകൊണ്ട് തന്നെ അവർ വളരെ ബലശാലികളാണ്.
വൈകാരിക ശക്തികൊണ്ട് അവർ ആരെയും വിറപ്പിക്കുന്ന ഒരു ടീം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. അല്പം ആലസ്യം പോലുമില്ലാതെ ഡെൻമാർക്കിനെതിരെ കളിക്കണമെന്ന് തൻറെ കുട്ടികളോട് പറയുകയായിരുന്നു ഇംഗ്ലീഷ് പരിശീലകൻ.