പാരീസ് സെന്റ്-ജെർമെയ്ന്റെ മുന്നേറ്റനിരയിലെ സൂപ്പർ താരം നെയ്മർ ജൂനിയറിന് പരിക്ക് പറ്റിയ വിവരം അൽപ്പം ദിവസങ്ങൾക്കു മുൻപാണ് PSG ഔദ്യോഗികമായി അറിയിക്കുന്നത്. ബ്രസീൽ ദേശീയ ടീമിനൊപ്പമുള്ള ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞു പാരിസിലെത്തിയ നെയ്മറിനു ആർബി ലീപ്സിഗിനെതിരായ ടീമിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരം നഷ്ടമായിരുന്നു.
എന്നാൽ ഇപ്പോഴിതാ PSG ആരാധകർക്ക് പ്രതീക്ഷ നൽകികൊണ്ട് ഒളിമ്പിക് ഡി മാർസെയ്‌ലിനെതിരെ പിഎസ്ജിയുടെ വരാനിരിക്കുന്ന ലീഗ് 1 പോരാട്ടത്തിൽ നെയ്മർ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത വർദ്ധിച്ചുകാണുന്നുണ്ട് .
ആർഎംസി സ്പോർട്ട് റിപ്പോർട്ടുകൾ അനുസരിച്ച് നെയ്മർ ജൂനിയർ മത്സരത്തിൽ പങ്കെടുക്കുമെന്ന് PSG ക്ക് നിലവിൽ ശുഭാപ്തിവിശ്വാസമുണ്ട്.
ഇക്കാര്യത്തിൽ ശനിയാഴ്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മാർസെയ്‌ലിനെതിരെ കളിക്കാൻ നെയ്മർ ജൂനിയറിനു കഴിഞ്ഞില്ലെങ്കിൽ മത്സരത്തിൽ പിഎസ്ജിയുടെ ആക്രമണത്തെ നയിക്കാൻ ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും ഉണ്ട്.
സീസണിലെ കളികളിലെല്ലാം ഈ രണ്ട് സ്റ്റാർ ഫോർവേഡുകളും ഇതിനകം ഒരുമിച്ച് മികച്ച കോമ്പിനേഷൻ രൂപപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് PSG യുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലേക്ക് നോക്കിയാൽ മതി അത് മനസ്സിലാക്കുവാൻ.
നിലവിൽ 10 മത്സരങ്ങളിൽ കളിച്ച PSG ഒരു കളിയൊഴികെ ബാക്കി എല്ലാ മത്സരങ്ങളും വിജയിച്ചുകൊണ്ട് 27 പോയിന്റുമായി നിലവിൽ ലീഗ് 1 പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് . കഴിഞ്ഞ സീസണിൽ ലില്ലെക്ക് പിന്നിൽ രണ്ടാം സ്ഥാനം നേടിയ PSG കഴിഞ്ഞ സീസണിൽ കൈവിട്ടു പോയ ലീഗ് 1 കിരീടം നേടാൻ വളരെയധികം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കാര്യം ഉറപ്പാണ് .