ചെൽസിയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിയ്‌ക്കൊപ്പം യൂറോ 2020 നേടിയ ജോർജിഞ്ഞോ, ഈ വർഷത്തെ വ്യക്തിഗത അവാർഡ് നേടാനുള്ള പ്രിയങ്കരനായി കണക്കാക്കപ്പെടുന്നു. ഈ വർഷം ബാലൻ ഡി ഓർ-ന് വേണ്ടി മികച്ച പോരാട്ടം നടക്കുന്നതിനാൽ 29-കാരൻ ജോർജിഞ്ഞോക്ക് വെല്ലുവിളികൾ ഉണ്ട് .
ജോർജിഞ്ഞോയെ കൂടാതെ ബാലൻ ഡി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ചെൽസിയുടെ ഫ്രഞ്ച് താരം എൻ ഗോലോ കാന്റെ, ഏഴാമത്തെ ബാലൺ ഡി ഓർ ലക്ഷ്യമിടുന്ന ലയണൽ മെസ്സി, കഴിഞ്ഞ വർഷം കോവിഡ്-19 പാൻഡമിക് കാരണം ബാലൻ ഡി ഓർ റദ്ദാക്കിയില്ലെങ്കിൽ പുരസ്‌കാരം നേടുമായിരുന്ന റോബർട്ട് ലെവൻഡോവ്‌സ്‌കി, റയൽ മാഡ്രിഡിനും ഫ്രാൻസിനുമായി മികച്ച പ്രകടനം കാഴ്ചവച്ച കരിം ബെൻസെമ എന്നിവരെല്ലാം ഈ വർഷത്തെ അവാർഡിനുള്ള മുൻനിര മത്സരാർത്ഥികളിൽ ഉൾപ്പെടുന്നു.
ചെൽസിയുടെ ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർജിഞ്ഞോ 2021 ലെ ബാലൺ ഡി ഓർ നേടുന്നതിന് തന്റെ ക്ലബ് സഹതാരം എൻ ഗോലോ കാന്റെയെയും മാൻ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയിനെയും പിന്തുണച്ചു .
ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് കാന്റെയും ഡി ബ്രൂയ്‌നും അർഹരാണെന്ന് ജോർജിഞ്ഞോ വിശ്വസിക്കുന്നു.
“കാന്റെയ്‌ക്കോ ഡി ബ്രൂയ്‌നോ വേണ്ടി ഞാൻ ബാലൺ ഡി ഓറിൽ വോട്ട് ചെയ്യും. വലിയ ടീമുകളിൽ നിന്നുള്ള മറ്റ് ഡിഫൻഡർമാരോട് സംസാരിക്കുമ്പോൾ, എല്ലാ വർഷവും സമ്മാനം നേടുന്ന കളിക്കാരേക്കാൾ കൂടുതൽ ശ്രദ്ധ ഡി ബ്രൂയിന് ആവശ്യമാണ്.” – എന്ന് ജോർജിഞ്ഞോ പറഞ്ഞു.
2021 ബാലൺ ഡി ഓറിനുള്ള 30 പേരുടെ ചുരുക്കപ്പട്ടികയിൽ ഡി ബ്രൂയ്‌നും കാന്റെയും ഇടം നേടിയിട്ടുണ്ട്. നവംബർ 29-നാണ് ഈ വർഷത്തെ ബാലൻ ഡി ഓർ ജേതാവിനെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കുക.