1970 കളിലെ ബ്രസീൽ ഫുട്ബോൾ ടീമിലെ പെലെ, ഗാരിഞ്ച, വാവ, കാർലോസ് ആൽബർട്ടോ ,ടൊസ്റ്റാവോ ,ജെർസീഞ്ഞോ എന്നിവരുൾപ്പെട്ട ടീം ഏത് എതിരാളികളേയും മലയർത്തിയടിക്കാൻ തക്ക പ്രഹര ശേഷിയുള്ളതായിരുന്നു. ആ ടീമിലെ എല്ലാവരേയും ഫുട്ബോൾ പ്രേമികൾക്ക് സുപരിചിതവുമാണ്.
ഒരു പക്ഷെ ഒരാൾ ഒഴികെ .ഗോൾ വല കാക്കുന്ന ആ ഏകാകിയെ ഒഴികെ .അന്നത്തെ ബ്രസീൽ ടീമിന് പേരിന് മാത്രമായിരുന്നു ഗോളി.ഗോളി എന്ന ആൾക്ക് അവിടെ ഒരു പ്രസക്തിയേ ഇല്ലായിരുന്നു .എതിരാളികൾ എത്ര ഗോൾ നേടിയാലും ഒരെണ്ണമെങ്കിലും അധികം സ്കോർ ചെയ്യാനുള്ള മികവ് അവർക്കുണ്ടായിരുന്നു .
1970 കളിലെ ബ്രസീൽ ഫുട്ബോൾ ടീമിന് സമാനമായ ശക്തിയുള്ള ഒരു ടീം ക്രിക്കറ്റിലുമുണ്ടായിരുന്നു .ലോയ്ഡ് ,റിച്ചാർഡ്സ് ,ഗ്രീനിഡ്ജ്, ഹെയിൻസ് ,കാളിചരൺ ,മാൽക്കം മാർഷൽ, ഗാർനർ, ഹോൾഡിങ് എന്നിവർ ഉൾപ്പെട്ട ആ വന്യമായ കരീബിയൻ കരുത്തിന് മറുപടി നൽകാനുള്ള ചെറിയ ശേഷി പോലും മറ്റു ടീമുകൾക്ക് ഇല്ലായിരുന്നു .
എന്നാൽ അക്കാലഘട്ടത്തിലെ വിൻഡീസിന്റെ വിക്കറ്റ് കീപ്പറുടെ സ്ഥാനം ബ്രസീലിന്റെ ഗോൾ കീപ്പർമാരെ പോലെ ചവറ്റുകൊട്ടയിലായിരുന്നില്ല .പീറ്റർ ജെഫ്രി ലെറോയ് ഡുജോൺ എന്ന മനുഷ്യന് വിൻഡീസിന്റെ വിജയഗാഥകളിൽ എന്നും ഒരു നിർണായക സ്ഥാനം ഉണ്ടായിരുന്നു.
വിൻഡീസിന് വേണ്ടി 81 ടെസ്റ്റ് കളിച്ച ഡുജോൺ കളിച്ച ഒരു പരമ്പരയിൽ പോലും തോറ്റിട്ടില്ല എന്ന ഒറ്റക്കാര്യം അതിനെ സാക്ഷ്യപ്പെടുത്തുന്നു .കൂടാതെ ടെസ്റ്റിനോട് വിട പറയുമ്പോൾ അദ്ദേഹത്തെക്കാൾ പുറത്താക്കലുകൾ നടത്തിയത് റോഡ് മാർഷ് മാത്രമയിരുന്നു .
മറ്റു വിൻഡീസ് താരങ്ങളെ പോലെ വലിയ ആകാരത്തിനുടമയല്ലെങ്കിലും അദ്ദേഹത്തിന്റെ സ്വാഭാവിക അത് ലറ്റിക് മികവ് മനോഹരമായ ക്യാച്ചുകൾ എടുക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു .വിൻഡീസിന്റെ കൊലയാളി ഫാസ്റ്റ് ബൗളർമാർക്ക് വിക്കറ്റുകളുടെ ചാകര സമ്മാനിക്കുന്നതിൽ ഒരു പങ്ക് ഡുജോണിനും അവകാശപ്പെട്ടതായിരുന്നു .
വിക്കറ്റ് കീപ്പർമാർക്ക് വലിയ ബാറ്റിങ് മികവ് ആവശ്യമില്ലത്ത ആ കാലഘട്ടത്തിൽ പക്ഷെ ഡുജോൺ ബാറ്റ് കൊണ്ടും ടീമിന് കനത്ത സംഭാവനകൾ നൽകി .വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന പദത്തിന് പ്രസക്തി കൈവന്നത് ഡുജോൺ കാരണമെന്ന് പറയാം.ഗോർഡൺ ഗ്രീനിഡ്ജിന് പരിക്കേറ്റതു കാരണം പകരം അരങ്ങേറാൻ അവസരം ലഭിച്ചതു തന്നെ ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ മിന്നിത്തിളങ്ങിയ ബാറ്റിങ് പ്രകടനമായിരുന്നു എന്നത് അതിശയിപ്പിക്കുന്ന കാര്യമായിരുന്നു.
ആസ്ട്രേലിയക്കെതിരെ പെർത്തിൽ 186/6 എന്ന നിലയിൽ വിൻഡീസ് തകർന്നപ്പോൾ പാളയത്തിലേക്ക് കടന്നാക്രമണം നയിച്ച് 158 പന്തിൽ 139 റൺസ് നേടിയ ഡുജോണിന്റെ മിന്നൽ പ്രകടനം എതിരാളികളെ വിറങ്ങലിപ്പിച്ചു .അന്ന് ആസ്ത്രേലിയൻ ബൗളർമാരുടെ ഉഗ്ര വേഗത്തിലുള്ള പന്ത് ഹെൽമറ്റിൽ ഇടിച്ചിട്ടും ഒട്ടും കൂസാതെയായിരുന്നു ആ ആക്രമണം.
169 ഏകദിനങ്ങൾ കളിച്ചിട്ടും മികച്ച ഒരു ടീമിന്റെ ഭാഗമായിട്ടും ഒരു ഏകദിന ലോകകപ്പ് നേടാൻ പറ്റാത്തതിൽ നിരാശനായിരുന്ന ഡുജോൺ ഏകദിനങ്ങളിൽ 6 അർധ സെഞ്ചുറികൾ അടക്കം 2000 ത്തിലേറെ റൺസും 204 പുറത്താക്കലുകളും നടത്തിയിരുന്നു.
1992 ൽ വിരമിച്ച ശേഷം ഡുജോൺ കോച്ചിങ് രംഗത്ത് സജീവമായിരുന്നു .
……. മെയ് 28 ..ഡുജോണിൻ്റെ ജൻമദിനം …
CONTENT SUMMAEY: Happy birthday Peter Jeffrey Leroy Dujon