കരുത്തരായ ബെൽജിയത്തിന് എതിരെ പൊരുതി വീണെങ്കിലും ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന പോരാട്ടം തന്നെയായിരുന്നു ഇന്ത്യൻ ഹോക്കി ടീം കളിക്കളത്തിൽ പുറത്തെടുത്തത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യൻ ഹോക്കി ടീമിനെ ബെൽജിയം പരാജയപ്പെടുത്തിയത്.
പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇനിയും അസ്തമിച്ചിട്ടില്ല വെങ്കലമെഡലിന് വേണ്ടി ഒരു മത്സരത്തിൽ കൂടി ഇന്ത്യക്ക് മത്സരിക്കാൻ കഴിയും. ആ മത്സരത്തിൽ വിജയിക്കുവാൻ കഴിഞ്ഞാൽ ഒരു മെഡൽ കഴുത്തിലണിഞ്ഞു കൊണ്ട് ഇന്ത്യൻ ടീമിന് ടോക്കിയോയിൽ നിന്നും ഭാരത മണ്ണിൽ കാലുകുത്താൻ കഴിയും.
വളരെ കരുത്തരായ ബെൽജിയത്തെ വിറപ്പിച്ച ശേഷമാണ് ഇന്ത്യയുടെ പോരാളികൾ കീഴടങ്ങിയത്. ഒരുതവണ ബെൽജിയത്തിനെതിരെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ലീഡ് നേടുവാനും കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അലക്സാണ്ടർ ഹെൻട്രിക്കസ് നേടിയ ഹാട്രിക് ആയിരുന്നു ഇന്ത്യൻ ഹോക്കി ടീമിനെ തകർത്തത് മൂന്നു ഗോളുകൾ നേടിയ അദ്ദേഹം ഇന്ത്യൻ ഹോക്കി ടീമിനെ അക്ഷരാർഥത്തിൽ തകർക്കുകയായിരുന്നു.
കളി തുടങ്ങി രണ്ടാമത്തെ മിനിറ്റിൽ തന്നെ ലൂയിക്കിലൂടെ ബെൽജിയം ആദ്യ ഗോൾ നേടിയപ്പോൾ ഇന്ത്യൻ ആരാധകരുടെ മുഖത്ത് പരാജയഭീതി നിഴലിച്ചു തുടങ്ങി. എന്നാൽ ഏഴാം മിനിറ്റിൽ ഹർമൻപ്രീത് തിങ്ങും ഒൻപതാം മിനിറ്റിൽ മൻദീപ് സിങ്ങും ഇന്ത്യക്കായി ഗോൾവല ചലിപ്പിച്ചപ്പോൾ, കരുത്തരായ ബെൽജിയത്തെ ഇന്ത്യ അട്ടിമറിക്കുമോ എന്നുപോലും ചിന്തകൾ ഉണർന്നു.
എന്നാൽ പിന്നീട് കണ്ടത് അവരുടെ സൂപ്പർതാരം അലക്സാണ്ടർ ഹെൻട്രിക്കസിന്റെ പടയോട്ടം ആയിരുന്നു. 19, 49, 53 എന്നീ മിനിറ്റുകളിലായി അദ്ദേഹം ഇന്ത്യയുടെ ഗോൾവല തുളച്ചു. അങ്ങനെ വിജയം പിടിച്ചെടുക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകളെ ചിഹ്നഭിന്നമാക്കി കൊണ്ട് ബെൽജിയം ഒളിമ്പിക് ഹോക്കിയുടെ ഫൈനലിലേക്ക് പ്രവേശിച്ചു.
ഫൈനലിൽ പ്രവേശിക്കാനായില്ലെങ്കിലും ഇന്ത്യൻ ഹോക്കി ടീം ആരാധകർക്ക് വളരെയധികം പ്രതീക്ഷയും സന്തോഷവും പകർന്നിട്ടുണ്ട്. എങ്ങോ എവിടെയോ വെച്ച് തങ്ങൾക്ക് നഷ്ടപ്പെട്ട പോയ ഇന്ത്യൻ ഹോക്കിയുടെ ഭൂതകാല പ്രതാപത്തിലേക്ക് തങ്ങളെ തിരിച്ചു കൊണ്ടു പോകുവാൻ ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് കുറച്ചുദിവസത്തേക്ക് എങ്കിലും കഴിഞ്ഞു എന്ന് ഇന്ത്യൻ ഹോക്കി ആരാധകർക്ക് ആശ്വസിക്കാം. ഇന്ത്യൻ ഹോക്കിയുടെ നാളത്തെ പ്രതീക്ഷയുടെ ദീപനാളങ്ങൾ ആണ് ഇന്നത്തെ താരങ്ങൾ.