ഒരുകാലത്ത് ഹോക്കിയിലെ കിരീടംവെക്കാത്ത രാജാക്കന്മാരായിരുന്നു ഇന്ത്യൻ ഹോക്കി ടീം. എന്നാൽ സമീപകാലത്തെ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനെ പോലെ അനിശ്ചിതത്വങ്ങളുടെ രാജാക്കന്മാരാണ് നിലവിലെ ഇന്ത്യൻ ഹോക്കി ടീം.
ഏതെങ്കിലും ഒരു വമ്പൻ ടീമിനെ തച്ചുതകർത്ത് കഴിഞ്ഞാൽ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ കയറുവാൻ ഇന്ത്യൻ ഹോക്കി ആരാധകർക്ക് ഒരിക്കലും കഴിയില്ല. കാരണം അത്രത്തോളം സ്ഥിരതയില്ലായ്മ ആണ് അവരുടെ മുഖമുദ്ര ഏത് ദുർബലരും ഏതുനിമിഷവും തോൽപ്പിക്കും അതേ ഏതു കൊമ്പനെയും വിറപ്പിക്കാനും കഴിയും.
സ്ഥിരതയില്ലായ്മയിൽ സ്ഥിരത പുലർത്തുന്ന ഇന്ത്യൻ ഹോക്കി ടീമിൻറെ സങ്കടകരമായ ഒരു അവസ്ഥയാണിത്. ധ്യാൻചന്ദിനെ പോലെയുള്ളവർ അടക്കി ഭരിച്ചിരുന്ന ഹോക്കിയിൽ ഇന്ന് ഇന്ത്യ അനിശ്ചിതത്വങ്ങൾ മാത്രമാണ് സമ്മാനിക്കുന്നത്.
ഒളിമ്പിക് ഹോക്കിയിൽ തുടർച്ചയായി കിരീടങ്ങൾ അണിഞ്ഞിരുന്ന ഒരു ടീമായിരുന്നു ഇന്ത്യ. അന്ന് ഇന്ത്യൻ ഹോക്കി ടീമിനോട് എതിരിടുവാൻ ആർക്കും ഭയമായിരുന്നു.
എന്നാൽ ഇന്ന് ഇന്ത്യൻ ഹോക്കി ടീമിനെ ആരും അത്ര കടുത്ത വെല്ലുവിളിയായി പോലും കണക്കാക്കുന്നില്ല. കഴിഞ്ഞദിവസം ഓസ്ട്രേലിയയ്ക്കെതിരെ അതിഭീമമായ മാർജിനിൽ ആയിരുന്നു ഇന്ത്യൻ ഹോക്കി ടീം തോൽവിയടഞ്ഞത്.
എന്നാൽ പൂൾ A യിൽ ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇന്ത്യൻ ടീമിന് സ്പെയിനെ പരാജയപ്പെടുത്തുവാൻ കഴിഞ്ഞു. പതിനാലാം മിനിറ്റിൽ സിമ്രാൻജിത്തായിരുന്നു ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടിയത് 15 മിനിറ്റിലും 51 മിനിറ്റിലും രൂപീന്ദർ നേടിയ ഗോളുകൾ കൂടി ആയപ്പോൾ മൂന്ന്, പൂജ്യം എന്ന മാർജിനിൽ ഇന്ത്യക്ക് സ്പെയിനെ പരാജയപ്പെടുത്താൻ കഴിഞ്ഞു
വളരെ മികച്ച ഒരു വിജയം തന്നെയാണ് ഇന്ത്യ ഇന്ന് നേടിയത് എങ്കിലും, ഹോക്കി ആരാധകരെ സംബന്ധിച്ചിടത്തോളം വിജയത്തിൽ ആഹ്ലാദം ഉണ്ടെങ്കിലും ആശങ്ക അവരെ വിട്ടൊഴിയുന്നില്ല.
എല്ലാദിവസവും താരതമ്യേന മികച്ച പ്രകടനം നടത്തുന്ന മലയാളി താരമായ ഗോൾകീപ്പർ ശ്രീജേഷ് സ്ഥിരത പുലർത്തുന്നു എന്നത് അവർക്ക് ഒരു ആശ്വാസമാണ്. മത്സരം വിജയിച്ചു എങ്കിലും സ്ഥിരതയില്ലായ്മ ഇന്ത്യയെ പിടിച്ചുലക്കുക തന്നെയാണ് ചെയ്യുന്നത്
പൂൾ A യിൽ 3 കളികളിൽ നിന്നും 6 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട് അത്ര തന്നെ മത്സരത്തിൽ നിന്നും 9 പോയിന്റ് ഉള്ള ഓസ്ട്രേലിയ ആണ് മുന്നിൽ.