ബംഗ്ലാദേശിന്റെ ഏക ഡൊമസ്റ്റിക് ലിസ്റ്റ് എ ടൂർണമെന്റ് ആയ ധാക്കാ പ്രീമിയർ ലീഗ് കളിക്കാൻ ഇന്ത്യൻ താരങ്ങളും. ഏഴ് ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി (NOC) നൽകിയതായി ആണ് Espncricinfo റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഇന്ത്യയുടെ യുവ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ഹനുമ വിഹാരിയും, ബംഗാൾ ക്യാപ്റ്റനും ഡൊമസ്റ്റിക് പ്രമുഖനും ആയ അഭിമന്യൂ ഈശ്വരനും ഉൾപെടുന്നു. തമിഴ്നാട് ഓൾറൗണ്ടർ ബാബ അപരാജിത്, പർവേസ് റസൂൽ, ചിരാഗ് ജനി, അശോക് മനേറിയ, ഗുരിന്ദർ സിങ് എന്നിവരാണ് മറ്റ് പ്ലയേസ്.
ശ്രീലങ്കക്കെതിരെ 2-0 വിജയം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഹനുമാ വിഹാരി. മൂന്ന് ഇന്നിങ്സിൽ നിന്ന് ഒരു ഫിഫ്റ്റി ഉൾപടെ 124 റൺസ് ആണ് വിഹാരി നേടിയത്. മുൻപ് ടീമിൽ ഇടം കണ്ടെത്താൻ കഷ്ടപ്പെട്ടിരുന്ന വിഹാരി നിലവിൽ No3 പൊസിഷനിൽ ആണ് കളിക്കുന്നത്, ചേതശ്വർ പുജാര കളിച്ചിരുന്ന പൊസിഷനിൽ!
ശ്രീലങ്കൻ സീരിസിന് ശേഷം വിഹാരി നാട്ടിലേക്ക് മടങ്ങി. ഒരു ചെറിയ ഇടവേളക്ക് ശേഷമാവും ധാക്കയിലേക്ക് തിരിക്കുക. ക്രിക്ഇൻഫോ റിപ്പോര്‍ട്ട് പ്രകാരം ഈ ആഴ്ച്ച അവസാനത്തോടെ അബഹാനി ലിമിറ്റഡ് ടീമിനൊപ്പം ചേരും. ഈ കാലയളവിലെ മൂന്ന് മത്സരങ്ങളിൽ വിഹാരിക്ക് പകരം അഫ്ഗാൻ മധ്യനിര ബാറ്റർ നജിബുള്ള സദ്രൻ ആവും കളിക്കുക.
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പടിവാതില്‍ക്കല്‍ നിൽക്കുന്ന താരമാണ് ബംഗാള്‍ ക്യാപ്റ്റൻ കൂടിയായ അഭിമന്യൂ ഈശ്വരൻ. ഈശ്വരന്‍ പ്രൈം ബാങ്ക് ടീമിന് വേണ്ടി കളിക്കും. പർവേസ് റസൂൽ ഷെയ്ഖ് ജമാൽ ധൻമോണ്ടി ടീമിന് വേണ്ടിയും, ബാബ അപരാജിത് രൂപ്ഗഞ്ജ് ടൈഗേർസിന് വേണ്ടിയും, മനേറിയ ഖേലാഗർ ടീമിന് വേണ്ടിയും, ജനി ലെജന്റ്സ് ഓഫ് റൂപ്ഗജ്ഞ് ടീമിന് വേണ്ടിയും, ഗുരിന്ദർ ഗാസി ഗ്രൂപ്പ് ക്രിക്കറ്റേർസ് ടീമിന് വേണ്ടിയും ആവും കളിക്കുക.
ഇന്ത്യൻ താരങ്ങൾ ധാക്കാ പ്രീമിയർ ലീഗിന്റെ ഭാഗമാവുന്നത് ഇത് ആദ്യമല്ല. വിഹാരി, ഈശ്വരന്‍, മനേറിയ, അപരാജിത്, റസൂൽ എന്നിവർ മുൻപും ഈ ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്. ദിനേശ് കാർത്തിക്ക്, യൂസഫ് പത്താൻ, മനോജ് തിവാരി തുടങ്ങിയവരാണ് ഈ ടൂർണമെന്റിൽ ഭാഗമായിട്ടുള്ള പ്രമുഖ ഇന്ത്യക്കാർ. ഈ സീസണിൽ ഒരോ ടീമിനും ഒരു ഓവർസീസ് താരത്തെ ഭാഗമാക്കാം. പാകിസ്താന്റെ വെറ്ററൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്, സിംബാബ്വെ ഓൾറൗണ്ടർ സിക്കന്ദർ റാസ എന്നിവര്‍ ആണ് മറ്റ് പ്രമുഖർ.