ദീപക് ഹൂഡയുടെ കണ്ണീരിന് പാണ്ഡ്യയുടെ മുംബൈയുടെ തലയറുത്ത് പഞ്ചാബ് പകരം വീട്ടി.നെഞ്ചിൽ ഒടുങ്ങാത്ത പകയുടെ കനലുമായി ആയിരുന്നു പഞ്ചാബ് നിരയിൽ ദീപക് ഹൂഡ മുംബൈയെ കാത്തിരുന്നത്.
ടോസ് നേടിയ പഞ്ചാബ് മുംബൈയെ ബാറ്റിങിന് അയച്ചു. പഞ്ചാബിനായി പതിവില്ലാതെ രണ്ടാം ഓവറിൽ പന്തുമായി എത്തിയത് ദീപക് ഹൂഡ ആയിരുന്നു. തന്റെ ഇരയെ മുന്നിൽ കിട്ടിയില്ല എങ്കിലും ഹൂഡയുടെ കോപാഗ്നിയിൽ ക്വിന്റൺ ഡി കോക്ക് ആദ്യം എരിഞ്ഞു വീണു.
ഹൂഡ ഡികോക്കിനെ സുരക്ഷിതമായി ഹെൻട്രിക്കസിന്റെ കൈകളിൽ എത്തിച്ചു. അപ്പോൾ മുംബൈയുടെ സ്‌കോർ ബോർഡിൽ വെറും ഏഴു റൺസ് മാത്രം.
പിന്നെ രോഹിതിനു കൂട്ടായി ഇശാന്ത് കിഷൻ എത്തി, രണ്ടു പേരും കൂടി ചേർന്ന് മുംബൈ സ്‌കോർ പതിയെ ഉയർത്തുവാനുള്ള ശ്രമം ആരംഭിച്ചു. ഇരുവരും ചേർന്ന് സ്‌കോർ മെല്ലെ മുന്നോട്ട്1 കൊണ്ടു പോകുമ്പോൾ ഏഴാം ഓവറിന്റെ അവസാന പന്തിൽ രവി ബിഷ്ണോയ് ഇശാന്ത് കിഷനെ ലോകേഷ് രാഹുലിന്റെ കൈകളിൽ എത്തിച്ചു. 17 പന്തുകളിൽ നിന്നും വെറും 6 റൺസുമായി കിഷൻ മടങ്ങുമ്പോൾ മുംബൈ സ്‌കോർ ബോർഡിൽ വെറും 26 റൺസ്.
പിന്നാലെ എത്തിയ സൂര്യ കുമാർ യടവുമൊത്തു രോഹിത് സ്‌കോർ ഉയർത്തി, മികച്ച രീതിയിൽ ആ കൂട്ടുകെട്ട് മുന്നോട്ടു പോകവെ സ്‌കോർ 105ൽ എത്തിയപ്പോൾ രവി ബിഷ്ണോയ് സൂര്യ കുമാറിനെ ഗെയിലിന്റെ കൈകളിൽ എത്തിച്ചു. ഇതിനിടെ വിലപ്പെട്ട 33 റൺസ് അദ്ദേഹം സ്‌കോർ ബോർഡിൽ ചേർത്തു. തൊട്ടടുത്ത ഓവറിൽ രോഹിതിനെ ഷമി ഫാബിയൻ അലന്റെ കൈകളിൽ എത്തിച്ചു.
ഒരു നായകൻ എന്തായിരിക്കണം എന്നു കാണിച്ചു തരുന്ന ഇന്നിങ്‌സ് ആയിരുന്നു രോഹിത് കളിച്ചത്. മറ്റുള്ളവർ ആടിയുലഞ്ഞപ്പോൾ നായകൻ നങ്കൂരമിട്ടു നിന്നു 63 റൺസ് പൊരുതി നേടി. പിന്നാലെ വന്ന പൊള്ളാർഡ് 16 റൺസ് നേടിയെങ്കിലും അതിന് ശേഷം വന്ന പാണ്ഡ്യ ബ്രദേഴ്സ് വന്നത് പോലെ മടങ്ങി. അതോടെ മുംബൈ ഇന്നിങ്‌സ് 6 വിക്കറ്റ് നഷ്ടത്തിൽ 131ന് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിൽ സ്ലോ പിച്ചിൽ പതിയെ ആണ് പഞ്ചാബും തുടങ്ങിയത് രണ്ടാം ഓവറിൽ കൃനാൽ പാണ്ഡ്യ വന്നതോടെ പഞ്ചാബ് അടി തുടങ്ങി. ഹൂഡയുടെ കണ്ണീരിന്റെ പക പോക്കാനെന്ന വണ്ണം അഗർവാളും രാഹുലും ചേർന്ന് ആ ഓവറിൽ നിന്നു രണ്ട് ഫോറും ഒരു സിക്സറും അടിച്ചു കൂട്ടി. പിന്നീട് വീണ്ടും പഞ്ചാബ് മെല്ലെപ്പോക്ക് നയത്തിലായി.
53 റൺസ് ഉള്ളപ്പോൾ അഗർവാളിനെ രാഹുൽ ചാഹർ മടക്കിയയച്ചുവെങ്കിലും പിന്നാലെ എത്തിയ ക്രിസ് ഗെയിലുമായി ചേർന്നു രാഹുൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു.